ബ്രിട്ടൻ: മണിക്കൂറുകളുടെ ഇടവേളയിൽ ബ്രിട്ടനിൽ രണ്ട് മലയാളികളുടെ ആകസ്മിക വേർപാട്. വിശ്വസിക്കാനാവാതെ യു കെയിലെ മലയാളി സമൂഹം. ബ്യൂഡിൽ താമസിക്കുന്ന കോതമംഗലം സ്വദേശി ഹനൂജ് എം കുര്യാക്കോസും വാർവിക്കിൽ താമസിക്കുന്ന കൊല്ലം സ്വദേശിയായ അബിൻ രാമദാസുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
തലച്ചോറിലുണ്ടായ രക്തസ്രാവം ആണ് ഹനൂജ് എം കുര്യാക്കോസിന്റെ മരണകാരണം. കെയർഹോമിലെ ജീവനക്കാരനായിരുന്ന ഹനൂജ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇളയകുട്ടി നാട്ടിൽ ഹനൂജിന്റെ മതാപിതാക്കൾക്കൊപ്പമാണുള്ളത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വീട്ടിൽവച്ചുണ്ടായ ഹൃദയാഘാതമാണ് അബിൻ രാമദാസിന്റെ ജീവനെടുത്തത്. വാർവിക്കിൽ താമസിക്കുന്ന അബിൻ ഫോൺ ചെയ്തിട്ട് പ്രതികരണം ഇല്ലാതെ വന്നതോടെ, സുഹൃത്തുക്കൾ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ്. അവധിക്കാലമായതിനാൽ ഭാര്യയും മക്കളും നാട്ടിലാണ്. സംസ്‌കാരം പിന്നീട്.