യുക്മ ദേശീയ കലാമേള നവംബർ 1ന് ചെൽറ്റൻഹാമിൽ. റീജിയണൽ കലാമേളകൾ സെപ്തബർ 27 ന് വെയിൽസിൽ തുടക്കം കുറിക്കും. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം

ആയിരത്തിൽ പരം കലാകാരന്മാരും കലാകാരികളും നിരന്തരമായ പരിശീലനത്തിനൊടുവിൽ തങ്ങളുടെ കഴിവുകൾ മാറ്റുരക്കുന്നതിന് യുക്മയുടെ വേദികൾ സജ്ജമായികൊണ്ടിരിക്കുന്നു.  

New Update
uukma deshiya kalamela-2

യുകെ: യുകെ മലയാളികൾക്ക് ഇനി കലാമേളകളുടെ  കാലം. വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ട യുക്മ കേരളപൂരം വള്ളംകളിയുടെയും ഓണാഘോഷങ്ങളുടെയും  പൊടിപടലങ്ങൾ അടങ്ങും മുൻപ് തന്നെ യുക്മ കലാമേളകൾക്ക് ആരംഭമാകുന്നു. 

Advertisment

ഏവരും ഉറ്റുനോക്കുന്നത് നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ നടക്കുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ കലാ മാമാങ്കമായ പതിനാറാമത് യുക്മ ദേശീയ കലാമേളയിലേക്ക്.  

യുക്മയുടെ ശക്തമായ ഏഴു റീജിയനുകളിൽ നടക്കുന്ന കലാമത്സരങ്ങളിലെ വിജയികളാണ്  ദേശീയ കലാമേളയിൽ പങ്കെടുക്കുന്നത്. 

ആയിരത്തിൽ പരം കലാകാരന്മാരും കലാകാരികളും നിരന്തരമായ പരിശീലനത്തിനൊടുവിൽ തങ്ങളുടെ കഴിവുകൾ മാറ്റുരക്കുന്നതിന് യുക്മയുടെ വേദികൾ സജ്ജമായികൊണ്ടിരിക്കുന്നു.  

ദേശീയ കലാമേളയുടെ ലോഗോ രൂപ കല്പന ചെയ്യുന്നതിനും മത്സര നഗരിയുടെ നാമകരണത്തിനുമായി നടത്തപ്പെടുന്ന മത്സരങ്ങൾ 11/09/2025, വ്യാഴം മുതൽ ആരംഭിക്കുകയും 21/09/2025, ശനിയാഴ്ച്ച അവസാനിക്കുകയും ചെയ്യും. 

തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരുമായിരിക്കും ദേശീയ കലാമേളയ്ക്ക് ഉപയോഗിക്കുക. 
കേരളത്തിന്റെ സംസ്കാരത്തെയോ പരമ്പരാഗത കലാരൂപങ്ങളെയോ പ്രതിഫലിപ്പിക്കുന്ന വിധത്തിലായിരിക്കണം ലോഗോ രൂപകല്പന  ചെയ്യേണ്ടത്.

uukma deshiya kalamela-3

ഭാരതത്തിൻ്റെ കലാ-സാഹിത്യ-സാംസ്കാരിക-സിനിമ മേഖലയിൽ സമഗ്ര സംഭാവനകൾ നൽകി മണ്മറഞ്ഞ പ്രതിഭാശാലികളുടെ പേരുകളാണ് കലാമേള നഗറിനായി പരിഗണിക്കുന്നത്. 

താല്പര്യമുള്ളവർ യുക്മ നാഷണൽ സെക്രട്ടറിയുടെ ഈമെയിലിൽ (secretary.ukma@gmail.com) ലോഗോയും  നഗരിയുടെ പേരും പ്രത്യേകം പ്രത്യേകമായി അയച്ചു കൊടുക്കേണ്ടതാണ്. വിജയികൾക്കുള്ള സമ്മാനം നാഷണൽ കലാമേള വേദിയിൽ വെച്ച് നല്കപ്പെടുന്നതായിരിക്കും. 

ഭാരതത്തിൻ്റെ മഹത്തായ കലാ, സാഹിത്യ, സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയരായിരുന്ന പ്രതിഭാധനരുടെ പേരുകളിലാണ് മുൻ വർഷങ്ങളിലും ദേശീയ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. 

മൺമറഞ്ഞ് പോയ കലാപ്രതിഭകൾക്ക് യുക്മ നൽകുന്ന ആദരവ് കൂടിയാണ് ഈ നാമകരണം. യുക്മ ദേശീയ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. ഏതൊരു യുകെ മലയാളിക്കും ലോഗോ - നഗർ നാമകരണ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. 

ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ രൂപകല്ലന ചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉള്ളൂ. 

രണ്ട് മത്സരങ്ങളിലും പങ്കെടുക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും എൻട്രിയോടൊപ്പം അയക്കേണ്ടതാണ്.

ദേശീയ കലാമേളക്ക് മുന്നോടിയായി നടത്തപ്പെടുന്ന റീജിയണൽ കലാമത്സരങ്ങൾ  സെപ്തംബർ 27 ശനിയാഴ്ച വെയിൽസ് റീജിയനിൽ ആരംഭിക്കും. 

തുടർന്ന് ഒക്ടോബർ 04 ശനിയാഴ്ച യോർക്‌ഷയർ ആൻഡ് ഹംബർ, സൗത്ത് ഈസ്റ്റ് റീജിയനുകളിലും ഒക്ടോബർ 11 ശനിയാഴ്ച നോർത്ത് വെസ്റ്റ്, മിഡ്ലാൻഡ്സ് റീജിയനുകളിലും ഒക്ടോബർ 18 ശനിയാഴ്ച ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ് റീജിയനുകളിലും നടത്തപ്പെടും.  

റീജിയണൽ കലാമേളകളിലെ വിജയികളാവും യുക്മ കലാമേള മാനുവലിലെ നിബന്ധനകൾക്ക് അനുസൃതമായി ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അർഹരാവുക. 

വെയിൽസ് റീജിയണൽ മത്സരങ്ങൾക്ക് പ്രസിഡന്റ് ജോഷി തോമസ്, ദേശീയ സമിതയംഗം ബെന്നി അഗസ്റ്റിൻ, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയണൽ മത്സരങ്ങൾക്ക് പ്രസിഡന്റ്  അമ്പിളി സെബാസ്ത്യൻ, ദേശീയ സമിതിയംഗം ജോസ് വർഗ്ഗീസ്, സെക്രട്ടറി അജു തോമസ്, സൗത്ത് ഈസ്റ്റ് റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ്  ജിപ്സൺ തോമസ്, ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി സാംസൺ പോൾ, നോർത്ത് വെസ്റ്റ് റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, ദേശീയ സമിതിയംഗം ബിജു പീറ്റർ, സെക്രട്ടറി സനോജ് വർഗീസ്, മിഡ്ലാൻഡ്സ് റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ്  അഡ്വ. ജോബി പുതുക്കുളങ്ങര, ദേശീയ സമിതിയംഗം ജോർജ്ജ് തോമസ്, സെക്രട്ടറി ലൂയിസ് മേനാച്ചേരി, ഈസ്റ്റ് ആംഗ്ലിയ റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ്  ജോബിൻ ജോർജ്ജ്, ദേശീയ സമിതിയംഗം ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ഭുവനേഷ് പീതാംബരൻ, സൗത്ത് വെസ്റ്റ് റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ് സുനിൽ ജോർജ്ജ്, ദേശീയ സമിതിയംഗം രാജേഷ് രാജ്, സെക്രട്ടറി ജോബി തോമസ് എന്നിവർ നയിക്കുന്ന റീജിയണൽ കമ്മിറ്റികൾ നേതൃത്വം നൽകും. 

റീജണൽ, നാഷണൽ കലാമേളകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ  പ്രാരംഭ പ്രവർത്തനങ്ങൾ  ആരംഭിച്ചതായി യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.

കലാമേളകളിൽ  മത്സരാർത്ഥികൾക്ക്   രജിസ്റ്റർ ചെയ്യുവാനായി  മുൻ വർഷങ്ങളിലെ പോലെ ഓൺ ലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളതായി  നാഷണൽ സെക്രട്ടറി ജയകുമാർ നായർ പറഞ്ഞു. 

യുക്മ സഹകാരിയായ ജോസ് പി.എം ൻ്റെ ഉടമസ്ഥതയിലുള്ള ജെ എം പി  സോഫ്റ്റ്‌വെയർ സ്പോൺസർ ചെയ്യുന്ന കലാമേള രജിസ്ട്രേഷൻ സിസ്റ്റം പ്രവർത്തനക്ഷമമായതായി കലാമേള കൺവീനർ വർഗീസ് ഡാനിയേൽ അറിയിച്ചു.

റിപ്പോര്‍ട്ട്: കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

Advertisment