Advertisment

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ രണ്ടു പ്രഭാഷണങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങി; മടക്കത്തിന് മുൻപ് ഐഒസി നേതാക്കളുമായി കൂടിക്കാഴ്ച; പ്രധാന ചർച്ചാവിഷയമായി സമകാലിക രാഷ്ട്രീയവും 'ന്യായ് യാത്രയും'

New Update
rahul gandhi kembridge

ലണ്ടൻ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും, വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാല സന്ദര്‍ശിച്ച് രണ്ടു ദിവസങ്ങളിലായി നടത്തിയ പ്രഭാഷണങ്ങള്‍ക്കു ശേഷം ഇന്നലെ (ഫെബ്രുവരി 29) ഇന്ത്യയിലേക്ക് മടങ്ങി. പൊതുതെരഞ്ഞെടുപ്പിന് മുന്നൊരുക്കമെന്നോണം ഡൽഹിയിൽ നടത്തുന്ന രണ്ട് സുപ്രധാന മീറ്റിങ്ങുകളില്‍ ഇന്ന് പങ്കെടുത്ത ശേഷം രാഹുൽ, മാര്‍ച്ച് 2 - ന് ഭാരത് ജോഡോ ന്യായ് യാത്ര പുനരാരംഭിക്കും .  

Advertisment

ഇന്ത്യയിലേക്കുള്ള മടക്കത്തിന് മുൻപ്, രാഹുൽ ലണ്ടനില്‍ വച്ച് ഐഒസി നേതാക്കളുമായി ഹൃസ്വ മായ കൂടിക്കാഴ്ച നടത്തി. ഐഒസി യുകെ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍, വൈസ് പ്രസിഡന്റുമാരായ ഗുരുമിന്തര്‍ റാന്തവ, സുധാകര്‍ ഗൗഡ, ജനറല്‍ സെക്രട്ടറി ഗമ്പ വേണുഗോപാല്‍, വക്താവ് അജിത് മുതയില്‍, വനിത വിഭാഗം ജനറല്‍ സെക്രട്ടറി അശ്വതി നായര്‍, ഐഒസി കേരളം ഘടകം കോര്‍ഡിനേറ്റര്‍ ബോബിന്‍ ഫിലിപ്പ്, തമിഴ്നാട് ഘടകം പ്രസിഡന്റ്‌ മുഹമ്മദ്‌ ഖലീൽ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിക്ക് ഒപ്പം യു കെ സന്ദര്‍ശനത്തില്‍, ഇന്ത്യന്‍ ഓവര്‍സീസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോഡയും പങ്കുചേര്‍ന്നു.

rahul gandhi kembridge-3

മാതൃരാജ്യ വിഷയങ്ങളില്‍ വളരെ തീക്ഷ്ണത പുലര്‍ത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുമായും, നാടുമായും അഭേദ്യ ബന്ധവും കരുതലും സൂക്ഷിക്കുന്നവരെന്ന നിലയില്‍ പ്രവാസി ഇന്‍ഡ്യാക്കാരോട് വലിയ സ്‌നേഹവും ബഹുമാനവും ഉണ്ടെന്നു പറഞ്ഞ രാഹുല്‍, ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതിനായി, ഭാരതത്തിന്റെ ആസന്നമായ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍, പ്രവാസികളുടെ നിര്‍ണ്ണായക ഇടപെടലും പങ്കാളിത്തവും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഭാരത് ജോഡോ ന്യായ്  യാത്ര നടത്തുന്നത്, ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും കേള്‍ക്കുവാനും, അതിന്റെ വെളിച്ചത്തില്‍, അവര്‍ക്കായുള്ള പദ്ധതികളുടെ ആവിഷ്‌ക്കാരങ്ങള്‍ ലക്ഷ്യം വെച്ചാണ്. രാജ്യത്തിന്റെ നേതാക്കള്‍ തങ്ങളുടെ ജനങ്ങളെ കേള്‍ക്കുവാനും അറിയുവാനും ബാദ്ധ്യസ്ഥരാണ്. രാജ്യത്തിന്റെ സുസ്ഥിരത ഭദ്രമാക്കുവാന്‍ ഇതനിവാര്യമാണെന്നാണ് താന്‍ കരുതുന്നതെന്നും കൂടിക്കാഴ്ചയില്‍ രാഹുല്‍ അഭിപ്രായപ്പെട്ടു.

rahul gandhi kembridge-2

ഡല്‍ഹിക്കു തിരിച്ച രാഹുല്‍ ഗാന്ധിയെ ഹീത്രൂ വിമാനത്താവളത്തിലേക്ക് അനുഗമിച്ച ഐഒസി നേതാക്കള്‍, ആശംസകള്‍ നേര്‍ന്നു യാത്രയയച്ചു.

ലോകത്തിലെ തന്നെ പുരാതന സര്‍വകലാശാലകളില്‍ ഒന്നായ കേംബ്രിഡ്ജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ രാഹുല്‍ ഇതിന് മുന്‍പും അവിടെ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹത്തെ വിവിധ വിദേശ സര്‍വകലാശാലകളില്‍ സന്ദര്‍ശകനും വാഗ്മിയുമായി ക്ഷണിക്കാറുണ്ട്.

Advertisment