ലണ്ടന്‍: രാജ്യത്ത് പൊതുതിരെഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ, ഇന്ധന ഡ്യൂട്ടിയില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന 5 പെന്‍സ് വെട്ടിക്കുറവ് ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനൊരുങ്ങി ജെറമി ഹണ്ട്. പോള്‍ റേറ്റിംഗില്‍ കൺസർവറ്റീവുകൾ കനത്ത തിരിച്ചടി പ്രതീക്ഷിക്കുന്നതിനിടയിൽ ജെറമി ഹണ്ടിന്റെ ഈ തീരുമാനം സ്വന്തം പാളയത്തിലെ പടക്കും സർക്കാരിനെതിരായ ജന രോഷത്തിൽ നിന്നും അല്പം ആശ്വാസം പകരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
നാളെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മോട്ടോറിസ്റ്റുകളെ സംരക്ഷിക്കുന്ന ഈ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഗവണ്‍മെന്റ് സാധാരണ മോട്ടോറിസ്റ്റുകള്‍ക്കൊപ്പമാണെന്ന് തെളിയിക്കാന്‍ ഇത് കാരണമാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പോൾ സർവ്വേകളിൽ കേവലം 20 ശതമാനമെന്ന റെക്കോര്‍ഡ് ഇടിവ് നേരിടുകയാണ് ടോറികള്‍. ഈ ഘട്ടത്തില്‍ ജനകീയ ബജറ്റ് അവതരിപ്പിച്ച് പിടിച്ച് നിൽക്കുകയെന്നതാണ് ടോറികൾക്ക് മുന്നിലുള്ള ഒരേയൊരു പോംവഴി.
/sathyam/media/media_files/HCGjidGoBi9ROGLtYyV4.jpg)
കഴിഞ്ഞ 13 വർഷങ്ങളായി ഫ്യൂവൽ ഡ്യൂട്ടി മരവിപ്പിച്ചു നിർത്തുന്നു. ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന 5 ബില്ല്യണ്‍ പൗണ്ടിന്റെ പാക്കേജിലൂടെയാണ് ഇത് സാധ്യമാകുക. ഇതുവഴി ഇന്ധന ഡ്യൂട്ടിയിൽ 5 പെന്‍സ് നിരക്ക് കുറയ്ക്കൽ പ്രക്രീയ ഒരു വര്‍ഷത്തേക്ക് കൂടി നീളും. നികുതി വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ട ബജറ്റ് പ്രഖ്യാപനങ്ങള്‍ ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ വിധിയെഴുത്തോടെ അസ്ഥാനത്തായി. ഇതോടെ അവസാനവട്ട തിരുത്തലുകള്‍ നടത്താന്‍ പ്രധാനമന്ത്രി സുനാകും ഹണ്ടും നിർബന്ധിതരാകുകയായിരുന്നു.
ആരോഗ്യം, ഡിഫെൻസ് ഒഴികെയുള്ള മേഖലകളിലെ പബ്ലിക് ഫണ്ട് വിനിയോഗത്തെ, ബജറ്റ് തീരുമാനങ്ങൾ സാരമായി ബാധിക്കാൻ ഇടയാക്കുമെന്നാണ് സൂചനകൾ. വ്യക്തിഗത നികുതിയില്‍ 2 പെന്‍സ് കുറവ് വരുത്തി നികുതി കുറയ്ക്കുന്നതിനെ കുറിച്ച് സർക്കാർ കാര്യമായി ചിന്തിക്കുന്നുവെന്നും സൂചനയുണ്ട്.
/sathyam/media/media_files/cWZ6xawJUniptXNqsxeY.jpg)
ഹെല്‍ത്ത് സര്‍വ്വീസിൽ പുതിയ റിക്രൂട്ട്മെന്റുകൾക്കായി അധിക ഫണ്ട് ആവശ്യമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും എന്‍എച്ച്എസിന് അധിക ഫണ്ടുകൾ, വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ ഉത്തേജന പാക്കേജ് എന്നിവ അടുത്ത ബജറ്റിൽ ലഭ്യമാകില്ല എന്നും കരുതപ്പെടുന്നു.