ക്രോയ്ഡൺ: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം ഉത്സവമായ് ഓ ഐ സി സി (യു കെ) സറേ റീജിയൻ പ്രവർത്തകർ ആഘോഷിച്ചു.
കഠിനമായ കാലാവസ്ഥയ്ക്കിടയിലും സറേ റീജിയന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ രാജ്യത്തോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാനായി ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു.
പരിപാടി ഓ ഐ സി സി (യു കെ) സറേ റീജിയൻ പ്രസിഡന്റ് വിൽസൺ ജോർജിന്റെ അധ്യക്ഷതയിൽ നടന്നു.
/sathyam/media/post_attachments/83c343a9-ed5.jpg)
ദേശീയഗാനാലാപനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ റിപ്പബ്ലിക് ദിനത്തെ അനുബന്ധിച്ചുള്ള സന്ദേശങ്ങൾ പങ്കുവയ്ക്കുകയും സ്വാതന്ത്ര്യ സമര നായകരുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും ചെയ്തു.
പരിപാടിയിൽ ഓ ഐ സി സി (യു കെ) നാഷണൽ വർക്കിംഗ് പ്രസിഡന്റ് ബേബികുട്ടി ജോർജ്, നാഷണൽ ജനറൽ സെക്രട്ടറിമാരായ അഷ്‌റഫ് അബ്ദുള്ള, തോമസ് ഫിലിപ്പ്, നാഷണൽ ജോയിന്റ് സെക്രട്ടറി ജയൻ റാൻ, സറേ റീജിയൻ വൈസ് പ്രസിഡന്റുമാരായ ജെറിൻ ജേക്കബ്, നന്ദിത നന്ദൻ, ട്രഷറർ അജി ജോർജ് എന്നിവരും, സണ്ണി കുഞ്ഞുരാഘവൻ, ഷാജി വാസുദേവൻ, ഗ്ലോബിറ്റ് ഒലിവർ എന്നിവരും മീറ്റിങ്ങിൽ സന്നിഹിതരായിരുന്നു.
/sathyam/media/post_attachments/77de9f3d-964.jpg)
“ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്,” എന്നായിരുന്നു ശ്രീ വിൽസൺ ജോർജിന്റെ മുഖ്യ സന്ദേശം.
“ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ ത്യാഗങ്ങൾക്കുള്ള ആദരവാണ് റിപ്പബ്ലിക് ദിനം. ഇന്ത്യയുടെ ജനാധിപത്യവും പരമാധികാരതയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്കായി ആഘോഷിക്കപ്പെടേണ്ടതാണെന്ന്” അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഷ്ട്രീയത്തിനും മതത്തിനും മുകളിലായി ഒരു മഹത്തായ സംസ്‌കാരത്തിന്റെ പരിരക്ഷകൻ എന്ന നിലയിൽ നമ്മുടെ പൗരന്മാർ ഒരുമയോടെ മുന്നോട്ട് പോവേണ്ടതുണ്ടെന്നും, സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുമുള്ള പ്രതിജ്ഞ പുതുക്കി ബഹുസ്വരതയുള്ള ഇന്ത്യയുടെ സംരക്ഷകർ ആവേണ്ടതാണെന്നും ബേബികുട്ടി ജോർജ് പ്രസ്താവിച്ചു.
ഇന്ത്യയുടെ ഭരണഘടനയെ ലോകത്തിലെ മികച്ച ഭരണഘടനകളിലൊന്നാക്കിയത് ജനങ്ങളുടെയും നേതാക്കളുടെയും ചിതറാതെയുള്ള സമരമായിരുന്നു. ഈ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിർത്തുക ഒരു മഹത്തായ ഉത്തരവാദിത്വമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബേബികുട്ടി ജോർജിന്റെ പ്രസംഗത്തിൽ, ഓ ഐ സി സി (യു കെ) ദേശീയ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുസ് എല്ലാ സറേ പ്രവർത്തകർക്കും റിപ്പബ്ലിക് ദിന ആശംസകൾ അറിയിക്കുവാൻ തന്നെ ഏല്പിച്ചിട്ടുണ്ടന്നും, ആരോഗ്യ സ്ഥിതി മോശമായതിനാലാണ് പ്രസിഡന്റ് പങ്കെടുക്കാതിരുന്നതെന്നും ബേബികുട്ടി ജോർജ് അറിയിച്ചു.
/sathyam/media/post_attachments/196106a7-d58.jpg)
മുഖ്യ പ്രഭാഷകനായ അഷ്‌റഫ് അബ്ദുള്ള തന്റെ പ്രസംഗത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര സമര നായകരുടെയും ഗാന്ധിജിയുടെ പ്രാധാന്യവും ഭരണഘടന സംരക്ഷണത്തിന്റെ ഉത്തരവാദിത്തവും വിശദീകരിച്ചു.
ഇന്ദിരാ ഗാന്ധിയേയും, രാജീവ് ഗാന്ധിയേയും അദ്ദേഹം തന്റെ വാക്കുകളിൽ അനുസ്മരിച്ചു. തുടർന്ന് തോമസ് ഫിലിപ്പ്, സ്വാതന്ത്ര്യത്തിന്മേലുള്ള ഭീഷണികളെ ചൂണ്ടിക്കാണിക്കുകയും, ഇന്ത്യൻ പൗരന്മാർക്കെല്ലാം ഭരണഘടന സംരക്ഷണം നിർബന്ധമാണെന്നും ഓർമ്മിപ്പിച്ചു.
/sathyam/media/post_attachments/91abdbef-927.jpg)
സറേ റീജിയൻ വൈസ് പ്രസിഡന്റ് ജെറിൻ ജേക്കബ്, ഇന്ത്യയിലെ ജാതി-മത കലാപങ്ങൾ ഇല്ലാതായാൽ മാത്രമേ സ്വാതന്ത്ര്യത്തിന്റെ ആഖ്യാനം പൂർണമായിരിക്കൂ എന്ന നിലപാട് ശക്തമായി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ദേശീയഗാനാലാപനത്തോടെയും കേക്ക് മുറിച്ചും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മധുരം പങ്കുവെച്ചും സമാപിച്ചു.