യുക്മ ദേശീയ കായികമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി. മിഡ്ലാൻഡ്സ് റീജിയൻ നാലാം തവണയും ചാമ്പ്യൻ, സൗത്ത് വെസ്റ്റ് റീജിയൻ റണ്ണേഴ്സ് അപ്പ്; വാൽമ വാർവിക്ക് ചാമ്പ്യൻ അസ്സോസ്സിയേഷൻ; എസ്എംസിഎ സോമർസെറ്റ് റണ്ണേഴ്സ് അപ്പ്...

കായിക ‌മത്സരങ്ങളിൽ 168  പോയിൻ്റുമായി മിഡ്‌ലാൻഡ്‌സ് റീജിയൻ തുടർച്ചയായ നാലാം തവണയും ഓവറോൾ ചാമ്പ്യന്മാരായപ്പോൾ 128 പോയിൻ്റുമായി സൗത്ത് വെസ്റ്റ് റീജിയൻ റണ്ണറപ്പ് സ്ഥാനവും 79 പോയിൻ്റോടെ ഈസ്റ്റ് ആംഗ്ലിയ റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

New Update
uukma atheletic meet bermingham

ബര്‍മിംങ്ഹാം: ജൂൺ 28 ശനിയാഴ്ച ബർമിംങ്‌ഹാം സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ നടന്ന യുക്മ ദേശീയ കായികമേള 2025 ന് ആവേശോജ്ജ്വലമായ പരിസമാപ്തി.

Advertisment

കായിക ‌മത്സരങ്ങളിൽ 168  പോയിൻ്റുമായി മിഡ്‌ലാൻഡ്‌സ് റീജിയൻ തുടർച്ചയായ നാലാം തവണയും ഓവറോൾ ചാമ്പ്യന്മാരായപ്പോൾ 128 പോയിൻ്റുമായി സൗത്ത് വെസ്റ്റ് റീജിയൻ റണ്ണറപ്പ് സ്ഥാനവും 79 പോയിൻ്റോടെ ഈസ്റ്റ് ആംഗ്ലിയ റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അസ്സോസ്സിയേഷൻ തലത്തിൽ 103 പോയിന്റുമായി വാർവിക്ക്‌ ആൻ്റ് ലമിംങ്ടൺ മലയാളി അസ്സോസ്സിയേഷൻ (വാല്‍മ) ചാമ്പ്യൻ അസ്സോസ്സിയേഷൻ ആയപ്പോൾ 93 പോയിന്റുമായി സൊമർസ്സെറ്റ്‌ മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ റണ്ണറപ്പും 39 പോയിന്റുമായി ഹൾ ഇന്ത്യൻ മലയാളി അസ്സോസ്സിയേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

രാവിലെ 09.00 ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ചെസ്ററ് നമ്പറുകൾ വിതരണം ചെയ്തു.  ബഹുമാന്യന്യായ ചങ്ങനാശ്ശേരി എം എൽ എ  അഡ്വ. ജോബ്  മൈക്കിൾ പതാക ഉയർത്തിക്കൊണ്ടു നാഷണൽ കലാമേള ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു.

ലോക മലയാളി  സമൂഹത്തിന് മാതൃകയാക്കാവുന്ന തരത്തിൽ അഭിമാനകരമായ  പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്ന യുക്മയുടെ ദേശീയ കായികമേള ഉത്‌ഘാടനം ചെയ്യുന്നതിൽ ചാരിതാർഥ്യമുണ്ടെന്ന ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 

ദേശീയ പ്രസിഡന്റ്  അഡ്വ. എബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡന്റുമാരായ വർഗ്ഗീസ് ഡാനിയേൽ, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറി റെയ്മോൾ നിഥിരി, സ്പോർട്സ് കോർഡിനേറ്റർ സെലീന സജീവ്, റീജിയണൽ പ്രസിഡന്റുമാരും, നാഷണൽ കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. 

നാഷണൽ സ്പോർട്സ് കോർഡിനേറ്ററും മുൻ ചാംപ്യൻമാരും ചേർന്ന് ദീപശിഖ തെളിയിച്ചു കൊണ്ട് ആരംഭിച്ച വർണ്ണശബളമായ മാർച്ചു പാസ്റ്റിനുശേഷം ദീപശിഖ നാഷണൽ പ്രസിഡന്റ് ഏറ്റുവാങ്ങി. കിഡ്സ് വിഭാഗത്തിലെ മത്സരങ്ങളോടെ ആരംഭിച്ച കായികമേള വൈകുന്നേരം 6.30 ഓടെ അവസാനിച്ചു.

എല്ലാ റീജിയനുകളിൽ നിന്നുമായി 400 ൽ പരം കായിക താരങ്ങൾ പങ്കെടുത്ത കായികമത്സരങ്ങളിൽ  ആദ്യവസാനം കായിക പ്രേമികളുടെ പങ്കാളിത്തവും വിവിധ അസോസിയേഷനുകളിൽ നിന്നും സഹകരിച്ച വോളൻ്റിയേഴ്സിൻ്റെ ആത്മാർത്ഥമായ സഹകരണവും കൊണ്ട് ഒരേ സമയം ട്രാക്കിലും ഫീൽഡിലുമായി വിവിധ ഇനങ്ങൾ നടത്തികൊണ്ട്  മത്സരങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കി.

യുക്മ ന്യൂസ് എഡിറ്റർ സുജു ജോസഫ്, യുക്മയുടെ സജീവ സാന്നിദ്ധ്യമായ ദേവലാൽ സഹദേവൻ, സൗത്ത്  ഈസ്റ്റ്  റീജിയന്റെ ട്രഷറർ തേജു മാത്യൂസ് എന്നിവർ ഓഫീസ് കാര്യങ്ങൾ നിർവഹിച്ചു. 

കിഡ്സ് ആൺകുട്ടികളുടെ വിഭാഗത്തിൽ  സ്റ്റെഫിൻ ടിൻ്റു തമ്പി (എസ്എംസിഎ സോമർസെറ്റ്), പെൺകുട്ടികളുടെ വിഭാഗത്തിൽ  ഇവ്‌ലിൻ മേരി ജെയിംസ് (വാല്‍മ വാർവിക്ക്) എന്നിവരും സബ്‌ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഹ്സാൻ സജു (സിഎംഎ കാർഡിഫ്) പെൺകുട്ടികളുടെ വിഭാഗത്തിൽ ചിന്മയി പ്രശാന്ത് (വാല്‍മ വാർവിക്ക്) എന്നിവരും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടി.

ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചേതൻ ദേവരാജ് (സിഎംഎ ക്രൂവ്), പെൺകുട്ടികളുടെ വിഭാഗത്തിൽ റിയാനാ ജോസഫ് (വാല്‍മ, വാർവിക്ക്) എന്നിവരും സീനിയർ പുരുഷവിഭാഗത്തിൽ ജോ പോൾ സച്ചിൽ (ബിഎംഎ ബാത്ത്), സാവിയോ സിജോ (സർഗ്ഗം സ്റ്റീവനേജ്), വനിതാ വിഭാഗത്തിൽ മീനാക്ഷി രാജേഷ് (ലൂക്ക ലൂട്ടൻ) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിനര്‍ഹരായി.

അഡൽറ്റ്  പുരുഷ വിഭാഗത്തിൽ സോബിൻ സണ്ണി (സിഎംസി ക്രോളി), വനിതാ വിഭാഗത്തിൽ ടിന്റു മെൽവിൻ (സർഗ്ഗം സ്റ്റീവനേജ്) എന്നിവരും സീനിയർ അഡൽറ്റ് പുരുഷവിഭാഗത്തിൽ അരുൺ തോമസ് (എസ്എംസിഎ സോമർസെറ്റ്), വനിതാ വിഭാഗത്തിൽ വിദ്യ സുമേഷ് (വാല്‍മ വാർവിക്ക്) എന്നിവരും സൂപ്പർ സീനിയർ പുരുഷ വിഭാഗത്തിൽ അജിത് മഠത്തിൽ (ബിഎംഎ ബോൾട്ടൻ), വനിതാ വിഭാഗത്തിൽ ബിൻസി ലിനു (കെസിഎ റെഡ്ഡിച്ച്), സിന്ധു ജോസഫ് (ലൂക്ക ലൂട്ടൻ) എന്നിവരും വ്യക്‌തിഗത ചാമ്പ്യന്മാരായി. 

വിജയികൾക്ക് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, മുൻ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി ജയകുമാർ നായർ എന്നിവരുടെ നേതൃത്വത്തിൽ  ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 

അന്നാ എക്സ്പ്രസ്സ് കാറ്ററേഴ്സ് കോവെന്ററിയുടെ ഭക്ഷണ കൌണ്ടറിലൂടെ രുചികരമായ വിഭവങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്തു. 

യുക്മ ദേശീയ കായികമേളയിൽ പങ്കെടുത്ത മുഴുവൻ കായിക താരങ്ങൾക്കും കായിക പ്രേമികൾക്കും ഈ കായിക മാമാങ്കം സമയബന്ധിതമായും വിജയകരമായും പൂർത്തിയാക്കുവാൻ സഹകരിച്ച മുഴുവൻ യുക്മ നാഷണൽ റീജിയണൽ ഭാരവാഹികൾക്കും നാഷണൽ പ്രസിഡന്റും സെക്രട്ടറിയും നന്ദി അറിയിച്ചു. 

- കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

Advertisment