/sathyam/media/media_files/2025/07/05/mastenger-thirunal-2025-07-05-13-58-28.jpg)
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ 2006 -ൽ റവ.ഫാ. സജി മലയിൽ പുത്തൻപുരയിൽ ചുമതല വഹിച്ചിരുന്നപ്പോൾ ആരംഭിച്ച തിരുന്നാൾ ആഘോഷങ്ങൾ ഇന്ന് ഇരുപത് വർഷം പൂർത്തിയാക്കുകയാണ്.
ഇരുപത് വർഷങ്ങളായി കേരളത്തിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും മാഞ്ചസ്റ്റിലേക്ക് കുടിയേറിയ മലയാളികൾക്ക് അവരുടെ കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസവും മൂല്യവും പകർന്ന് ലഭിക്കാൻ മിഷൻ്റെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്.
കേരളത്തിലെ ഇടവകകളിൽ നടക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാനമായ ആഘോഷങ്ങളാണ് ഇരുപത് വർഷവും മാഞ്ചസ്റ്റർ നിവാസികൾക്ക് മാത്രം അനുഭവിക്കാൻ കഴിഞ്ഞു വന്നിരുന്നത്.
സജിയച്ചനെ തുടർന്ന് റവ. ഫാ. ലോനപ്പൻ അരങ്ങാശ്ശേരിയും, റവ. ഫാ. ജോസ് അഞ്ചാനിക്കലും മിഷനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചു. റവ. ഫാ. ജോസ് കുന്നുംപുറമാണ് ഇപ്പോൾ മിഷനെ നയിച്ചു കൊണ്ടിരിക്കുന്നത്.
ഇക്കുറി തിരുന്നാളിന്റെ ഇരുപതാം വാർഷികം കൂടി ആയതോടെ തിരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ടി വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവന്നിരുന്നത്.
ഭാരത അപ്പസ്തോലൻ മാർ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ ഇന്ന് നടക്കുന്നത്.
യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു.പിന്നീട് എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റർ ദുക്റാന തിരുന്നാൾ ആയി ആഘോഷിച്ചുവരികയാണ്.
ഒരു പ്രവാസിയായി എത്തിയപ്പോൾ നഷ്ട്ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാൽ ആഘോഷങ്ങൾ എല്ലാം പിന്നീട് മാഞ്ചസ്റ്ററിൽ എത്തുന്ന കാഴ്ചയാണ് മലയാളി സമൂഹം കണ്ടത്.
മുത്തുക്കുടകളും പോൻ - വെള്ളി കുരിശുകളുമെല്ലാം നാട്ടിൽനിന്നും എത്തിച്ചു തിരുന്നാൾ ആഘോഷകൾക്ക് തുടക്കം കുറിക്കുകയും പിന്നീട്ട് നാട്ടിലേക്കാളും കേമമായി തിരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത് മാഞ്ചെസ്റ്ററിലാണെന്ന് ഇവിടുത്തെ പഴമക്കാർ പറയുന്നു.
മാഞ്ചെസ്റ്ററിനു തിലകക്കുറിയായി വിഥിൻഷോയിൽ തലഉയത്തിനിൽക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാൾ ആഘോഷങ്ങൾ നടക്കുക.
മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുന്നാൾ ആഘോഷമാണ്. കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും, മുത്തുക്കുടകളും, ചെണ്ട, ബാൻഡ് മേളങ്ങൾ എല്ലാം കാണുവാൻ ഒട്ടേറെ തദ്ദേശീയരും വർഷാവർഷം എത്താറുണ്ട്.
പ്രധാന തിരുന്നാൾ ദിനത്തിൽ പൗരാണികതയും,പ്രൗഢിയും വിളിച്ചോതുന്ന തിരുന്നാൾ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദമാണ്. പൊൻ - വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്.
മാഞ്ചസ്റ്റർ തിരുന്നാൾ ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് സെന്റ് ആൻറണീസ് ദേവാലയവും പരിസരവും. നാനാജാതി മതസ്ഥർ ആഘോഷങ്ങളുടെ ഭാഗമാകും.
യു കെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്റർ തിരുന്നാളാഘോഷം ഇന്ന് ശനിയാഴ്ച (5/7/25) നടക്കും.
വിഥിൻഷോയുടെ തിരുമുറ്റത്ത് രാജകീയ പ്രൗഢിയോടെ നിൽക്കുന്ന സെൻറ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാൽ അലങ്കരിച്ച് മോടിപിടിപ്പിച്ച് തിരുന്നാളിൽ പങ്കെടുക്കാൻ എത്തുന്നവരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ കൃത്യം 9.30 ന് തിരുനാൾ കുർബാനയുടെ തുടക്കമായി ആദ്യ പ്രദക്ഷിണം ഗിൽഡ് റൂമിൽനിന്നും ആരംഭിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിൻ്റെ അൾത്താരയിലേക്ക് വൈദികരെ സ്വീകരിച്ച് ആനയിക്കുന്നതോടെ സിറോ മലബാർ സഭയുടെ ഏറ്റവും ആഘോഷപൂർവ്വമായ പാട്ടു കുർബാന തുടക്കമാകും.
പ്രധാന തിരുന്നാൾ ദിനമായ ഇന്ന് ജൂലൈ 5 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ അത്യാഘോഷപൂർവ്വമായ തിരുന്നാൾ കുർബാനക്ക് തുടക്കമാകും.
ആഷ്‌ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമ്മികനാവുമ്പോൾ പ്രെസ്റ്റൺ സെൻ്റ് അൽഫോൺസാ കത്തീഡ്രൽ വികാരി റവ.ഡോ. വർഗീസ് തനമാവുങ്കൽ തിരുനാൾ സന്ദേശം നൽകും.
റവ. ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, റവ ഫാ. ഫ്രാൻസീസ് കൊച്ചുപാലിയത്ത് എന്നിവരുൾപ്പെടെയുള്ള വൈദീകർ സഹകാർമ്മികരാകും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും, സ്നേഹവിരുന്നും നടക്കും.
ദിവ്യബലിയെ തുടർന്ന് ലദീഞ്ഞും പിന്നീട് തിരുന്നാൾ പ്രദക്ഷിണം ആരംഭിക്കും. തിരുന്നാൾ പ്രദക്ഷിണം സെൻറ് ആന്റണീസ് ദേവാലയത്തിൽ നിന്നും ആരംഭിക്കുമ്പോൾ നൂറുകണക്കിന് മുത്തുക്കുടകളും, കൊടികളും, പൊൻ വെള്ളി കുരിശുകളും, വാദ്യമേളങ്ങളും എല്ലാം പ്രദക്ഷിണത്തിൽ അകമ്പടിയാകും.
വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും, പരിശുദ്ധ കന്യാമറിയത്തിൻ്റേയും, വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുസ്വരൂപങ്ങൾ എഴുന്നെള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെൻറ് ആന്റണീസ് ദേവാലയത്തെ വലം വെച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുമ്പോൾ കൺകുളിർക്കെ കാണാൻ തദ്ദേശീയരും, നാനാ ജാതി മതസ്ഥരും റോഡിനിരുവശവും കാത്തു നിൽക്കുന്നത് പതിവാണ്.
വാറിങ്ങ്ടൺ ചെണ്ടമേളമാണ് ഇക്കുറിയും മാഞ്ചസ്റ്റർ തിരുന്നാളിൽ മേളപ്പെരുക്കം തീർക്കാൻ എത്തുന്നത്. കൂടാതെ മാഞ്ചസ്റ്ററിലെ ഫിയാന പാഡ്രിഗ് എന്ന ഐറിഷ് പൈപ്പ് ബാൻഡും തിരുന്നാൾ പ്രദക്ഷിണത്തിൽ അണിനിരക്കും.
മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായ തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.
ഇടവകയിലെ ഭക്തസംഘടനകളായ മെൻസ് ഫോറം, വിമൻസ് ഫോറം, എസ്.എം.വൈ.എം, സാവിയോ ഫ്രണ്ട്സ്, മിഷൻ ലീഗ്, അൾത്താര ബാലൻമാർ തുടങ്ങി വിവിധ സംഘടനകൾ തിരുനാളിൻ്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
എസ്.എം.വൈ.എം ഒരുക്കുന്ന ഐസ് ക്രീം കടകൾ മുതൽ നാടൻ വിഭവങ്ങളുമായി വിവിധ സ്റ്റാളുകൾ പള്ളിപ്പറമ്പിൽ പ്രവർത്തിക്കും.
ഇടവകയിലെ വിമൻസ് ഫോറമാണ് പഫ്സ്, പരിപ്പുവട, ബോണ്ട, പഴംപൊരി തുടങ്ങിയ സ്വാദൂറും നാടൻ വിഭവങ്ങളുമായി കടകൾ ഒരുക്കുന്നത്.
വീട്ടമ്മമാർ അവരുടെ വീടുകളിൽ തയാറാക്കുന്ന ഹോം മെയിഡ് വിഭവങ്ങളും ഭക്ത സാധനങ്ങളും എല്ലാം തിരുന്നാൾ പറമ്പിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്. തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം സ്‌നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്.
വിപുലമായ പാർക്കിങ്ങ് സൗകര്യം
തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിപുലമായ പാർക്കിങ് സൗകര്യമാണ് തിരുന്നാൾ കമ്മറ്റി ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ സമീപം പിൻഭാഗത്തായുള്ള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.
താഴെ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് എത്തി വാഹനങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം പാർക്ക് ചെയ്തശേഷം വേണം ദേവാലയത്തിൽ എത്തിച്ചേരുവാൻ.
ഇവിടെ ചുമതലയുള്ള വൊളണ്ടിയേഴ്സിന്റെ നിർദ്ദേശാനുസരണങ്ങൾ ഏവരും പാലിക്കണമെന്നും പ്രത്യേകം ഓർമിപ്പിക്കുന്നു.
ജൂലൈ ആറാംതീയതി ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്‌ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന ഇരുപതാം വാർഷിക തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കുകയും ചരിത്രത്തിൻ്റെ ഭാഗവുമാകും. തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും.
തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്റ്റർ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പരിഷ്‌കമ്മറ്റിയുടെയും നേതൃത്വത്തിലുള്ള 101 അംഗ കമ്മറ്റിയാണ് 20-ാമത് തിരുനാൾ ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ കഴിഞ്ഞ ഒരു മാസക്കാലമായി പ്രവർത്തിച്ച് വന്നിരുന്നത്.
തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്‌ടർ ഫാ.ജോസ് കുന്നുംപുറം സ്വാഗതം ചെയ്യുന്നു.
റിപ്പോര്‍ട്ട്: അലക്സ് വർഗ്ഗീസ്
ദേവാലയത്തിൻ്റെ വിലാസം:
ST.ANTONY’S CHURCH, WYTHENSHAWE,
DUNKERY ROAD,
MANCHESTER,
M22 0WR.
വാഹനങ്ങൾ പാർക്കുചെയ്യേണ്ട സ്ഥലത്തെ വിലാസം:
St Anthonys R C Primary School,
Dunkery Rd,
Wythenshawe,
Manchester,
M22 0NT.