യുകെ: ഏഴാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ നിർവ്വാഹക സമിതി മത്സരം സംഘടിപ്പിക്കുകയാണ്.
യുകെ മലയാളികൾ അയക്കുന്ന ലോഗോകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും യുക്മ കേരളപൂരം 2025 വള്ളംകളിയുടെ ഔദ്യോഗിക ലോഗോ. മത്സരത്തിൽ പങ്കെടുക്കുന്നവർ ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 23 ബുധൻ ആണ്.
ലോഗോ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡും ഫലകവും സമ്മാനമായി ലഭിക്കുന്നതാണ്. ലോഗോ വിജയിയ്ക്കുള്ള സമ്മാനം വള്ളംകളി വേദിയിൽ വെച്ച് നൽകുന്നതാണ്.
ആഗസ്റ്റ് 30 ശനിയാഴ്ച സൌത്ത് യോർക്ക്ഷയറിലെ റോഥർഹാം മാൻവേഴ്സ് തടാകത്തിലാണ് ഇക്കുറിയും വള്ളംകളി നടക്കുന്നത്.
2019, 2022, 2023, 2024 വർഷങ്ങളിൽ യുക്മ കേരളപൂരം വള്ളംകളി വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ടത് പ്രകൃതി രമണീയവും വിശാലവുമായ മാൻവേഴ്സ് തടാകത്തിൽ തന്നെയായിരുന്നു.
യുക്മ കേരളപൂരം വള്ളംകളിക്ക് തുടക്കം കുറിച്ച 2017 ൽ വാർവിക്ക്ഷയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തിലും 2018 ൽ ഓക്സ്ഫോർഡിലെ ഫാർമൂർ റിസർവോയറിലുമാണ് വള്ളംകളി നടന്നത്.
യുക്മ കേരളപൂരം വള്ളംകളി 2024 വീക്ഷിക്കുവാൻ എണ്ണായിരത്തിലധികം കാണികൾ എത്തിച്ചേർന്നിരുന്നു. 32 പുരുഷ ടീമുകളും 16 വനിത ടീമുകളും മത്സരിക്കുവാൻ എത്തുന്ന ഈ വർഷം പതിനായിരത്തിലധികം കാണികൾ മത്സരങ്ങൾ കാണുവാനും കലാപരിപാടികൾ ആസ്വദിക്കുവാനുമായി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളി 2025 ൻ്റെ ജനറൽ കൺവീനർ ഡിക്സ് ജോർജ്ജ് അറിയിച്ചു.
മാൻവേഴ്സ് തടാകക്കരയിലും അനുബന്ധ പാർക്കുകളിലുമായി പതിനായിരത്തിലധികം കാണികളെ ഉൾക്കൊള്ളുന്നതിനുള്ള സൌകര്യമുണ്ട്. വള്ളംകളി മത്സരം നടക്കുന്ന തടാകത്തിൻ്റെ ഏത് കരയിൽ നിന്നാലും തടസ്സമില്ലാതെ മത്സരങ്ങൾ കാണുന്നതിനുള്ള സൌകര്യമുണ്ട്.
പ്രധാന സ്റ്റേജ്, ഭക്ഷണശാലകൾ, വിവിധ ബിസിനസ്സ് സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവ തടാകത്തിന് ചുറ്റുമുള്ള പുൽത്തകിടികളിൽ ആയിരിക്കും ഒരുക്കുന്നത്.
ഒരേ സ്ഥലത്ത് നിന്ന് തന്നെ വള്ളംകളി മത്സരങ്ങളും പ്രധാന സ്റ്റേജിലെ കലാ പരിപാടികളും തടസ്സം കൂടാതെ തന്നെ കാണുന്നതിനുള്ള സൌകര്യമുണ്ട്.
സ്കൂൾ അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആസ്വദിക്കുവാനും മലയാളികളുടെ പ്രിയപ്പെട്ട കായിക വിനോദമായ വള്ളംകളി മത്സരങ്ങൾ വീക്ഷിക്കുവാനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി ഒരുക്കുന്നത്.
വളരെ വിശാലമായ പാർക്കിംഗ് സൌകര്യം മാൻവേഴ്സ് തടാകത്തിനോട് അനുബന്ധിച്ചുണ്ട്. മൂവായിരത്തിലധികം കാറുകൾക്കും നൂറിലധികം കോച്ചുകൾക്കും പാർക്ക് ചെയ്യുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ്.
യുക്മ കേരളപൂരം വള്ളംകളി 2025 മത്സരം കാണുന്നതിന് മുൻകൂട്ടി അവധി ബുക്ക് ചെയ്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് എത്തിച്ചേരുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു.
യുക്മ കേരളപൂരം വള്ളംകളി 2025 ലോഗോ മത്സരത്തിൽ പങ്കെടുക്കുന്നവർ secretary.ukma@gmail.com എന്ന വിലാസത്തിലേക്കാണ് ലോഗോകൾ അയച്ച് തരേണ്ടത്.
യുക്മ കേരളപൂരം വള്ളംകളി 2025 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ഇവരെ ബന്ധപ്പെടേണ്ടതാണ്: അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186, ജയകുമാർ നായർ - 07403223066, ഡിക്സ് ജോർജ്ജ് - 07403312250.
-കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)