യുകെ: യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ലെ വനിതകളുടെ വിഭാഗത്തിൽ 12 വനിതാ ടീമുകൾ മത്സരിക്കുവാനെത്തുന്നു.
2017 ൽ തുടങ്ങിയ യുക്മ വള്ളംകളിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ടീമുകൾ വനിതാ വിഭാഗത്തിൽ പങ്കെടുക്കുന്നത്.
2024 ൽ 9 ടീമുകൾ പങ്കെടുത്ത സ്ഥാനത്ത് ഇക്കുറി 12 ടീമുകളായി വർദ്ധിച്ചത് യുക്മ വള്ളംകളിയുടെ ജനപ്രീതിയുടെ തെളിവായി കാണാം. വനിതാ വിഭാഗത്തിൽ മത്സരിക്കുന്ന നാല് ടീമുകളെ പരിചയപ്പെടാം.
ടീം ലിമ ലിവർപൂൾ
ജൂലി ഫിലിപ്പ് ക്യാപ്റ്റനായി എത്തുന്ന ടീം ലിമ ലിവർപൂൾ തികഞ്ഞ വിജയ പ്രതീക്ഷയോടെയാണ് മത്സരത്തിനെത്തുന്നത്.
കഠിനമായ പരിശീലനത്തിലൂടെ കൈവന്ന ആത്മവിശ്വാസം കൈമുതലാക്കി മത്സരത്തിനെത്തുന്ന ടീം ലിമ വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമാക്കുന്നില്ല.
പ്രവർത്തന മികവിൻ്റെ 25 വർഷം പൂർത്തിയാക്കുന്ന ലിമയുടെ വനിതകൾ, വിജയത്തിലൂടെ സിൽവർ ജൂബിലി ആഘോഷം കൂടുതൽ വർണ്ണാഭമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ആഴ്ചകൾ നീണ്ട് നിൽക്കുന്ന പരിശീലനത്തിന് ശേഷമാണ് ടീം ലിമ മത്സരത്തിനെത്തുന്നത്.
എന്‍എംസിഎ നോട്ടിംങ്ഹാം
ഷൈനി കുര്യൻ്റെ നായകത്വത്തിലാണ് എൻ.എം.സി.എ നോട്ടിംഗ്ഹാം വനിതകൾ ഇക്കുറിയും യുക്മ - ഫസ്റ്റ് കോൾ വള്ളംകളി മത്സരത്തിനെത്തുന്നത്.
ചിട്ടയായ പരിശീലനം വഴി വിജയത്തിലെത്താമെന്ന പ്രതീക്ഷയിലാണ് നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസ്സിയേഷനിലെ വനിതകൾ. തങ്ങളുടെ പരിചയ സമ്പത്തിലൂടെ മത്സര സമ്മർദ്ദം മറികടക്കാമെന്ന് കരുതുന്ന ടീം നോട്ടിംഗ്ഹാം ഇക്കുറി വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്.
ട്രെയിൽ ബ്ളേസ്സേഴ്സ് വിഗൻ
സോണിയ ജോസിൻ്റെ നേതൃത്വത്തിൽ വിഗൻ മലയാളി അസ്സോസ്സിയേഷനിലെ വനിതകൾ അണി നിരക്കുന്ന ട്രെയിൽ ബ്ളേസ്സേഴ്സ് വിഗൻ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
ചിട്ടയായി നടത്തി വരുന്ന പരിശീലനവും തികഞ്ഞ അച്ചടക്കവുമാണ് ടീമിൻ്റെ കരുത്ത്. തുടർച്ചയായുള്ള പരിശീലനം നൽകുന്ന ആത്മവിശ്വാസം ഏത് കരുത്തരേയും നേരിടാമെന്നുള്ള ധൈര്യം ടീമിന് നൽകുന്നു.
പെൺകരുത്ത് ഇവൈസിഒ ഹൾ
ശീതൾ മാർക്ക് ക്യാപ്റ്റനായുള്ള പെൺകരുത്തിൻ്റെ കരുത്ത് ഹള്ളിലെ ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ അസ്സോസ്സിയേഷനിലെ വനിതകളാണ്. കൃത്യമായ പരിശീലനം നടത്തി വരുന്ന ടീം പെൺകരുത്ത് ഏത് വമ്പനേയും നേരിടാനുള്ള തയ്യാറെടുപ്പിലാണ് മത്സരത്തിനെത്തുന്നത്.
തഴക്കവും പഴക്കവും ചെന്ന ടീമുകളെ മറികടക്കുവാൻ പരിശീലനം വഴി തങ്ങൾക്ക് കഴിയുമെന്ന വിശ്വാസമാണ് ടീമിൻ്റെ ബലം.
കായിക പ്രേമികളുടെ ഇഷ്ട ഇനമായ വള്ളംകളിയും കലാസ്വാദകരുടെ പ്രിയപ്പെട്ട കലാരൂപങ്ങളായ തിരുവാതിര, തെയ്യം, പുലികളി എന്നിവയോടൊപ്പം വിവിധ തരം നൃത്ത നൃത്യങ്ങളും സംഗീതവും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളേയും ആഗസ്റ്റ് 30 ശനിയാഴ്ച മാൻവേഴ്സ് തടാകക്കരയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ഇവരെ ബന്ധപ്പെടേണ്ടതാണ്. അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186, ജയകുമാർ നായർ - 07403223006, ഡിക്സ് ജോർജ്ജ് - 07403312250.
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:
Manvers Lake, Station Road, Wath-Upon-Dearne, Rotherham, South Yorkshire, S63 7DG.
-കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)