ലണ്ടന്‍: ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയില്‍ യുകെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കാന്‍ ഇസ്രായേല്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നു എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇത്തരത്തില്‍ ഒരു ആശങ്ക നിലനില്‍ക്കുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സമ്മതിക്കുന്നു.
ഇസ്രായേലിലേക്ക് ആയുധം കയറ്റുമതി ചെയ്യാനുള്ള 350 ലൈസന്‍സുകളില്‍ 30 എണ്ണം റദ്ദാക്കുകയാണെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. യുദ്ധവിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, ഡ്രോണുകള്‍ എന്നിവയുടെ കയറ്റുമതിയെ തീരുമാനം ബാധിച്ചേക്കും. ഇസ്രായേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ യു.കെ ഇപ്പോഴും പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഇസ്രായേല്‍ മന്ത്രി ബി.ബി.സിയോട് പ്രതികരിച്ചു. യു.കെയുടെ തെരുവുകളില്‍ പോലും ഹമാസ് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, യു.കെ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്ററി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.