ലണ്ടന്‍ : പൊതുതിരഞ്ഞെടുപ്പിന് രണ്ടാഴ്ചയില്‍ താഴെ മാത്രം അവശേഷിക്കെ പരാജയം മണത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും.
പണപ്പെരുപ്പമടക്കമുള്ള വിഷയങ്ങളില്‍ ബലം പിടിച്ചുനിന്ന ടോറി പാര്‍ട്ടിക്കും അതിന്റെ നേതാവിനും അതും വിജയപ്രതീക്ഷ വേണ്ടെന്നാണ് അടുത്തനാളുകളിലെ അഭിപ്രായവോട്ടെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.നിലവിലെ പ്രവണതയാണ് ഇലക്ഷനില്‍ കാണുന്നതെങ്കില്‍ നിലവിലെ ക്യാബിനറ്റിലെ പകുതിയോളം പേരും ഹൗസ് ഓഫ് കോമണ്‍സിലെത്തില്ലെന്നും വിവിധ അഭിപ്രായ സര്‍വ്വേകള്‍ പറയുന്നു.
വാതുവെപ്പില്‍ കുടുങ്ങി പാര്‍ട്ടി നേതാക്കള്‍
കണ്‍സര്‍വേറ്റീവുകളുടെ തിരഞ്ഞെടുപ്പ് പ്രചാരണ തലവന്‍ ടോണി ലീയും ഭാര്യയും ബ്രിസ്റ്റോളിലെ ടോറി സ്ഥാനാര്‍ത്ഥിയുമായ ലോറ സോണ്ടേഴ്സും ഇതുമായി ബന്ധപ്പെട്ട് യു കെ ഗ്യാമ്പ്ളിംഗ് കമ്മീഷന്റെ അന്വേഷണം നേരിടുകയാണ്.ഇതേ തുടര്‍ന്ന് ടോണി ലീ പദവി ഒഴിഞ്ഞിരുന്നു.കൂടുതല്‍ നേതാക്കള്‍ ഈ കുംഭകോണത്തിലുള്‍പ്പെട്ടിട്ടുണ്ടാകുമോ എന്ന ഭീതിയാണ് പാര്‍ട്ടി നേതൃത്വം.
എട്ടുനിലയില്‍ പൊട്ടുമെന്ന് അഭിപ്രായ സര്‍വ്വേകള്‍
കെയര്‍ സ്റ്റാര്‍മേഴ്‌സ് നയിക്കുന്ന ലേബര്‍ പാര്‍ട്ടി 425 സീറ്റുകളോടെ വന്‍നേട്ടമുണ്ടാക്കുമെന്ന് യുഗോവ് സര്‍വ്വേ വെളിപ്പെടുത്തുന്നത്. സുനകിന്റെ പാര്‍ട്ടിക്ക് റെക്കോഡ് തോല്‍വിയും സര്‍വ്വേ പ്രവചിച്ചു.പാര്‍ട്ടി 108 സീറ്റിലൊതുങ്ങുമെന്നും സര്‍വ്വേ പറയുന്നു.
ദയനീയ തോല്‍വിയാണ് സാവന്തയില്‍ നിന്നുള്ള വോട്ടെടുപ്പ് പ്രവചിക്കുന്നത്. കണ്‍സര്‍വേറ്റീവുകള്‍ക്ക് 53 എംപിമാര്‍ മാത്രമേയുണ്ടാകൂ എന്നാണ് സര്‍വ്വേ പറയുന്നത്. 50 സീറ്റുകള്‍ നേടി ലിബറല്‍ ഡെമോക്രാറ്റുകള്‍ ഒപ്പമെത്തുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.ഏറെ സുരക്ഷിതമെന്ന് കരുതുന്ന യോര്‍ക്ക്ഷെയര്‍ സുനകിന് നഷ്ടപ്പെടാമെന്നും സര്‍വ്വെ പറയുന്നു.
റിഫോം പാര്‍ട്ടി വിനയാകും
പുതുതായി രൂപം കൊണ്ട റിഫോം പാര്‍ട്ടി ടോറി വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.അതിനിടെ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച വാതുവെപ്പില്‍ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ടതും സുനകിന് വലിയ നാണക്കേടും തിരിച്ചടിയുമുണ്ടാക്കി.പാര്‍ട്ടിയെ വിഴുങ്ങുന്ന പുതിയ പ്രതിസന്ധിയായി അത് വളര്‍ന്നിട്ടുണ്ട്.
പാളിപ്പോയ പ്രചാരണ തന്ത്രങ്ങള്‍
യു കെയിലെ പണപ്പെരുപ്പം ഏകദേശം മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി മെയ് മാസത്തില്‍ 2% എന്ന ലക്ഷ്യത്തില്‍ തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ട് പണപ്പെരുപ്പം കുറയ്ക്കുമെന്ന ഇലക്ഷന്‍ പ്രചാരണത്തെ നിര്‍വീര്യമാക്കി.കുടിയേറ്റത്തെ നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന സ്റ്റോപ്പ് ദി ബോട്ട്സ് പ്രചാരണവും ചൊവ്വാഴ്ച ഒറ്റ ദിവസം 882 പേര്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയെന്ന വാര്‍ത്തയോടെ തകര്‍ന്നു.
പ്രധാനമന്ത്രിയുടെ കഴിവില്ലായ്മയാണ് ഈ ‘കൂട്ട നീന്തലിന്’ പിന്നിലെന്ന് പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശകരും ഒരുപോലെ ആക്ഷേപിക്കുന്നു.അതിനിടെയാണ് പരാജയം വിളിച്ചുപറയുന്ന അഭിപ്രായ സര്‍വ്വേകളുടെ ഒഴുക്കും തുടങ്ങിയത്.