/sathyam/media/media_files/2025/09/23/gma-onam-26-2025-09-23-21-14-22.jpeg)
യൂകെ: യൂക്കെയിലെ പ്രബല മലയാളി അസ്സോസിയേഷനായ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻന്റെ ഈ വർഷത്തെ ഓണാഘോഷം 'തിരുവോണപ്പുലരി 2025' ഈ കഴിഞ്ഞ ശനിയാഴ്ച, സെപ്റ്റംബർ 20 നു ചെൽറ്റനം ബിഷപ് ക്ളീവ്‌സ് സ്‌കൂൾ അങ്കണത്തിൽ പ്രൗഡ ഗംഭീരമായി അരങ്ങേറി. യൂക്കെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ ജി എം എ യുടെ ഓണാഘോഷം മുൻകാലങ്ങളിലെ പോലെ തന്നെ പുതുമകൾ കൊണ്ടും വ്യത്യസ്ഥതകൾ കൊണ്ടും ഇത്തവണയും വേറിട്ടതായിരുന്നു.
മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ മധുര സ്മരണകൾ ഉണർത്തുന്ന ഒരു ഓണ കാലത്തേയ്ക്ക് പങ്കെടുത്തവരെ എല്ലാം കൈ പിടിച്ചു കൊണ്ട് പോകുവാൻ അസോസിയേഷൻ പ്രസിഡന്റ് ജഡ്സൺ ആലപ്പാട്ടിന്റെയും സെക്രട്ടറി ഗോപു ശിവകുമാറിന്റെയും ട്രഷറർ ബെസ്റ്റോ ചാക്കോയുടെയും നേതൃത്വത്തിൽ കൃത്യമായി പ്രവർത്തിച്ച എക്സിക്യൂട്ടിവ് കമ്മിറ്റിക്കു കഴിഞ്ഞു.
2002 ഇൽ പ്രവർത്തനം ആരംഭിച്ച ജി എം യുടെ ഇരുപത്തിമൂന്നാമത്തെ ഓണാഘോഷമായ 'തിരുവോണപ്പുലരി' രാവിലെ ഒൻപതു മണി മുതൽ രാത്രി ഒൻപതു മണി വരെ പന്ത്രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. വിനോദ് മാണി , ബാബു ജോസഫ് , രേഷ്മ ലിനു എന്നിവരുടെ നേതൃത്വത്തിൽ രാവിലെ ഒൻപത് മണിക്ക് തന്നെ രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. പ്രജു ഗോപിനാഥിന്റെയും സ്റ്റീഫൻ എലവുങ്കലിന്റെയും മേൽനോട്ടത്തിൽ തുടർന്ന് നടന്ന വാശിയേറിയ വടം വലി മത്സരത്തിൽ ബിറ്റിവി ഹീറ്റിംഗ് & പ്ലംബിംഗ് സ്പോൺസർ ചെയ്ത ഒന്നാം സമ്മാനം 'ഫോറസ്റ്റ് ഓഫ് ഡീൻ ' ടീം കരസ്ഥമാക്കിയപ്പോൾ റിഷ സൊല്യൂഷൻസ് സ്പോൺസർ ചെയ്ത സമ്മാനം പൊരുതി നേടി 'ചെൽറ്റനം' ടീം രണ്ടാമതെത്തി.
ആവേശവും വാശിയും പകർന്ന വടംവലിക്ക് ശേഷം, അന്പത്തിമ്മൂന്ന് കലാകാരന്മാരെ അണിനിരത്തി അരങ്ങേറിയ 'തൃത്താളം 'എന്ന പരിപാടി തികച്ചും പുതുമയാർന്ന ഒരു അനുഭവമായിരുന്നു. തിരുവാതിര, വഞ്ചിപ്പാട്ട് , ചെണ്ടമേളം എന്നീ മൂന്നിനങ്ങൾ കഥകളി, മോഹിനിയാട്ടം, കേരള നടനം തുടങ്ങിയ കലാ രൂപങ്ങളുടെ അകമ്പടിയിൽ ഒരു ഫ്യൂഷൻ മോഡലിൽ അരങ്ങേറിയത് കാണികൾക്ക് അവിസ്മരണീയ അനുഭവമായി. പ്രശസ്ത നർത്തകിയും നൃത്താധ്യാപികയുമായ അശ്വതി രാഘവൻ ജീവൻ നൽകിയ തൃത്താളത്തിലെ തിരുവാതിര ചിട്ടപ്പെടുത്തി, ജി എം എ യിലെ മലയാളി സുന്ദരികളെ താളത്തിൽ അണി നിരത്താൻ നീനു ജഡ്സൺ, ഫ്ലോറൻസ് ഫെലിക്സ് എന്നിവരും സഹായിച്ചു. രാജേഷ് നാരായണൻ കലമ്പൂരിന്റെ നേതൃത്വത്തിൽ പ്രശസ്തമായ 'ഗ്ലോസ്റ്റർ പഞ്ചാരി 'ചെണ്ടമേള ഗ്രൂപ്പിൻറെ ത്രസിപ്പിക്കുന്ന മേളപ്പെരുക്കത്തിനൊപ്പം വഞ്ചിപ്പാട്ടുമായി മോൻസി വർഗീസും സംഘവും കൂടി ചേർന്നതോടെ തിങ്ങി നിറഞ്ഞ ജനക്കൂട്ടം ഓണത്തിന്റെ 'പൊളി മൂഡിൽ' തന്നെയെത്തി.
ജോളി ആൽവിൻ , ലാലി അനിൽ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരിച്ച താലപ്പൊലിയുടെയും നാടൻ കലാരൂപങ്ങളുടെയും ആർപ്പു വിളികളുടെയും ചെണ്ട മേളത്തിന്റെയുമൊക്കെ അകമ്പടിയോടെ, നാട്ടിലെ അത്തച്ചമയ ഘോഷയാത്രകളെ അനുസ്മരിപ്പിക്കുന്ന മാവേലി മന്നന്റെ ആഘോഷമായ എഴുന്നള്ളത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആവേശം പകർന്നു. ആറന്മുള വള്ളസദ്യയെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ, മാവേലിതമ്പുരാന്റെയും വഞ്ചിപ്പാട്ടിന്റെയും ചെണ്ടമേളത്തിന്റെയും ഒക്കെ സാന്നിധ്യത്തിൽ ആണ് മട്ടാഞ്ചേരി കിച്ചൺ ഒരുക്കിയ അതീവ രുചികരമായ ഓണസദ്യ ജി എം എ അംഗങ്ങൾ ആസ്വദിച്ചത് . ഇത്തവണയും പതിവ് തെറ്റിക്കാതെ ജി എം എ യുടെ സ്വന്തം സതീഷ് ജോയി , യൂക്കെ മലയാളികൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തലയെടുപ്പും പ്രൗഢിയും നിറഞ്ഞ മഹാബലി തമ്പുരാനായി കളം നിറഞ്ഞാടുക ആയിരുന്നു. കൃത്യസമയത്ത് ചൂടോടെ തന്നെ, യാതൊരു കാലതാമസവും കൂടാതെ, വിഭവ സമൃദ്ധമായ സദ്യ ആസ്വദിക്കുവാൻ അഞ്ഞൂറോളം ജി എം എ അംഗങ്ങളെ സഹായിച്ചത് സണ്ണി ലൂക്കോസ് , ജോ വിൽട്ടൺ, അജീഷ് വാസുദേവൻ , വിനോദ് മാണി , സന്തോഷ് ലൂക്കോസ്, ബാബു ജോസഫ്, സുനിൽ ജോർജ് , ജോസഫ് കോടങ്കണ്ടത്ത്, വിജീഷ് രാജൻ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ എണ്ണയിട്ട യന്ത്രം പോലെ, അക്ഷീണം പ്രവർത്തിച്ച ഓണസദ്യ കലവറ ടീം ആയിരുന്നു.
ബിസ് പോൾ മണവാളനും സംഘവും തലേന്ന് തന്നെ തയ്യാറാക്കിയ വേദിയുടെ തിലകക്കുറിയായി കഥകളിരൂപവും ഓണസദ്യയുടെ രൂപവും സമന്വയിപ്പിച്ച് അരുൺ വിജയൻ , സുബിൻ ടോമി , അഭിയ അരുൺ , നീനു എന്നിവർ ഒരുക്കിയ പൂക്കളം തിളങ്ങി നിന്നു. ആസ്വാദ്യകരമായ ഓണ സദ്യക്ക് ശേഷം 7 മണിക്കൂറോളം നീണ്ടുനിന്ന കലാപരിപാടികൾക്ക് തിരശീല ഉയർന്നു. അനുഗ്രഹീത ഗായകനായ സിബി ജോസഫിന്റെ നേതൃത്വത്തിൽ ജി എം എ യിലെ ഒൻപത് പ്രഗത്‌ഭ ഗായകർ ചേർന്നൊരുക്കിയ 'സമന്വയം' എന്ന ഗാന മാലിക ആയിരുന്നു വെൽക്കം പ്രോഗ്രാം. കേരളത്തിലെ 14 ജില്ലകളെയും മനോഹരമായി വർണ്ണിക്കുന്ന ഗാന ശകലങ്ങൾ കോർത്തിണക്കി കേരള കലാരൂപങ്ങളുടെ അകമ്പടിയോടെ വേദിയിൽ ലൈവ് ആയി അവതരിപ്പിച്ചത് കാണികളുടെ മുക്തകണ്ഠ പ്രശംസയും കയ്യടിയും നേടി. പിന്നീട് ഇട തടവില്ലാതെ അരങ്ങേറിയ നൃത്ത നൃത്യങ്ങളും മനോഹര ഗാനാലാപനങ്ങളും, ഗ്ലോസ്റ്റർ പഞ്ചാരിയുടെ ചെണ്ടമേളവും ലൈവ് ഗിറ്റാർ, കീ ബോർഡ് പ്രകടനങ്ങളും ഒക്കെ ആവേശം ചോരാതെ അരങ്ങിലേക്ക് റോബി മേക്കരയും ജെസ്‌ന ബഷീറും ചേർന്ന് ആനയിച്ചപ്പോൾ അണിയറയിൽ ജോ വിൽട്ടൻ, അശ്വതി രാഘവൻ, നീനു ജഡ്സൺ, ഫ്ലോറൻസ് ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിൽ , ദേവലാൽ സഹദേവന്റെയും മനോജ് വേണുഗോപാലിന്റെ സാങ്കേതിക സഹായത്തോടെ, പ്രവർത്തിച്ച സ്റ്റേജ് കോർഡിനേഷൻ കമ്മിറ്റി സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്‌ച വച്ചത് . വേദിയിലെ ശബ്ദവും വെളിച്ചവും ലെഡ് ഡിസ്പ്ലേ യുമൊക്കെ ഒരുക്കിയത് ജി & എം ലൈറ്റ്സ് ആൻഡ് സൗണ്ട്‌സിനൊപ്പം 'വൈബ്രന്റ്‌സ് ലണ്ടൻ കൂടിയായിരുന്നു.
കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എ ലെവൽ പരീക്ഷകളിൽ ജി എം എ കുടുംബത്തിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ ഋഷി പ്രതീഷ് , സൗദ് ഹാഷിം, ജി സി എസ് ഇ വിദ്യാർത്ഥിനി ധൻവി അനി എന്നിവരെ കാഷ് അവാർഡ് നൽകി ഓണാഘോഷ ചടങ്ങിനിടയിൽ ആദരിച്ചു. ഗ്ലോസ്റ്റർ ഷെയർ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ആജീവനാന്ത രക്ഷാധികാരിയുമായിരുന്ന പരേതനായ ബഹുമാനപെട്ട ഡോ. ഗബ്രിയേലിനെ വേദിയിൽ സ്ഥാപക അംഗം ആയ ലോറൻസ് പെല്ലിശേരി വളരെ ഹൃദ്യമായി അനുസ്മരിച്ചത് അസോസിയേഷനിലെ ഇളം തലമുറക്കും പ്രത്യേകിച്ച് പുതിയ അംഗങ്ങൾക്കും ആ വലിയ മനുഷ്യസ്നേഹിയെ അടുത്തറിയാൻ സഹായകമായി. കാണികളെ ആവേശ ഭരിതരാക്കിയ ഡീജെ പരിപാടിയോടെ ആണ് ഈ വർഷത്തെ ജി എം എ യുടെ നിറപ്പകിട്ടാർന്ന ഓണാഘോഷം അവസാനിച്ചത്.
ഗ്ലോസ്റ്റർഷയർ മലയാളി അസോസിയേഷനിലെ ഭാരവാഹികൾ ആയ ജഡ്സൺ ആലപ്പാട്ട് (പ്രസിഡന്റ്), രമ്യ മനോജ് (വൈസ് പ്രസിഡന്റ് ), ഗോപു ശിവകുമാർ (സെക്രട്ടറി) ലിനു ജോസഫ് (ജോയിന്റ് സെക്രട്ടറി ) ബെസ്റ്റോ ചാക്കോ (ട്രഷറർ), ജെയ്‌സൺ മണവാളൻ (ജോയിന്റ് ട്രഷറർ), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ തോളോട് തോൾ ചേർന്നുള്ള കൂട്ടായ പ്രവർത്തനമാണ് മനോഹരവും അവിസ്മരണീയവും പ്രൗഡ ഗംഭീരവും ആയ ഒരു ഓണാഘോഷം ഇതിന്റെ അംഗങ്ങൾക്ക് സമ്മാനിച്ചത്.
ഈ പരിപാടിയുടെ മുഖ്യ പ്രായോജകർ ആയ ഔൾ ഫിനാൻഷ്യൽ , സഹപ്രായോജകരായ പ്രിൻസ് ഫുഡ്, ജിയ ട്രാവെൽസ്, ലെജൻഡ് സോളിസിറ്റർസ്, ഹെവൻസ് സൗത്ത് ഇന്ത്യൻ ഗ്രോസറീസ്, ബിറ്റിവി ഹീറ്റിംഗ്&പ്ലംബിംഗ്, മാത്‍സ് ട്യൂട്ടറിംഗ്, റിഷ സൊല്യൂഷൻസ്, അരോമ റെസ്റ്റോറന്റ് , നള റെസ്റ്റോറന്റ് , ചില്ലി ലൈഫ്, അഗം കൺസേർട്, ഓളം, മട്ടാഞ്ചേരി കിച്ചൺ എന്നിവർക്കും ഭാരവാഹികൾ പ്രത്യേകം നന്ദി അറിയിച്ചു.