വയോധിക ഡ്രൈവർമാരുടെ സുരക്ഷ: യു കെ സർക്കാർ പുതിയ റോഡ് സുരക്ഷാ പദ്ധതി നടപ്പിലാക്കും

New Update
V

യു കെ: റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനൊപ്പം വയോധിക ഡ്രൈവർമാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പുതിയ റോഡ് സുരക്ഷ നിർദേശങ്ങൾ തയ്യാറാക്കുന്നു. ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് കൂടുതൽ പിഴ ചുമത്തുന്നതും പദ്ധതിയുടെ ഭാഗമായേക്കും.

Advertisment

V

70 വയസ്സിന് മുകളിലുള്ള ഡ്രൈവർമാർക്ക് നിർബന്ധിത കണ്ണ് പരിശോധന നടപ്പാക്കാനുള്ള സാധ്യത സർക്കാർ പരിഗണിക്കുന്നുണ്ട്. കൂടാതെ, വയോധികരുടെ ഡ്രൈവിംഗ് കഴിവുകൾ വിലയിരുത്താൻ ബുദ്ധികൗശല (കോഗ്നിറ്റീവ്) പരിശോധനകളും ഉൾപ്പെടുത്തുമെന്ന സൂചനയുണ്ട്.

ബുധനാഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന ഈ റോഡ് സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായി, 2035-ഓടെ റോഡപകടങ്ങളിലെ മരണവും ഗുരുതര പരിക്കുകളും അറുപത്തഞ്ചു ശതമാനം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. 16 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഇത് എഴുപതു ശതമാനമായി കുറയ്ക്കുവാനും സർക്കാർ ലക്ഷ്യമിടുന്നു.

2024-ൽ നടന്ന അപകടങ്ങളിൽ മരിച്ച ഡ്രൈവർമാരിൽ ഏകദേശം ഇരുപത്തിനാലു ശതമാനവും 70 വയസ്സിന് മുകളിലുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം കാർ അപകടങ്ങളിൽപ്പെട്ടവരിൽ പന്ത്രണ്ടു ശതമാനം വയോധിക ഡ്രൈവർമാരാണെന്നും റിപ്പോർട്ടുണ്ട്.

വയോധികരുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും ഡ്രൈവിംഗ് വളരെ പ്രധാനമാണെന്നും എന്നാൽ റോഡുകൾ എല്ലാവർക്കും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യവുമാണെന്നുമാണ് ഗതാഗത മന്ത്രി ലിലിയൻ ഗ്രീൻവുഡ് പ്രതികരിച്ചത്. രാജ്യത്ത് വയോധികരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഒരു ദശാബ്ദത്തിലേറെയായി അവതരിപ്പിക്കുന്ന ആദ്യ റോഡ് സുരക്ഷാ നിർദേശങ്ങളാണിതെന്നുംമന്ത്രി വ്യക്തമാക്കി.

Advertisment