യു കെ: സ്വീഡനില്‍ നടക്കുന്ന അണ്ടര്‍ 17 യൂറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍, ഇത്തവണ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്നത് മലയാളികൾ.
ഇംഗ്ലണ്ടിലെ സ്റ്റീവനേജില്‍ നിന്നുള്ള ജെഫ് അനി ജോസഫ്, എസക്‌സില്‍ നിന്നുള്ള സാമുവല്‍ ദീപക് പുലിക്കോട്ടിൽ എന്നിവരാണ് ദേശീയ ടീമില്‍ ഇടം നേടിക്കൊണ്ട് യു കെയിലെ മലയാളി സമൂഹത്തിന്റെ അഭിമാന താരങ്ങളായത്.
ഫ്രാന്‍സ്, ജര്‍മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ടൂര്‍ണമെന്റിലെ ഡബിള്‍സ് വിഭാഗത്തില്‍, ജെഫ് - സാമുവല്‍ സഖ്യം മത്സരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇരുവരും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ഇംഗ്ലിഷ് നാഷനല്‍ ചാംപ്യന്‍ഷിപ്പിന്റെ ഡബിള്‍സ് കാറ്റഗറിയില്‍ ഈ സഖ്യം വെങ്കല മെഡല്‍ നേടിയിരുന്നു. ഇതേ തുടർന്നാണ് ഇംഗ്ലണ്ട് സെലക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധ ഇവരിലേക്ക് പതിഞ്ഞത്.
കഴിഞ്ഞ ദിവസം സോമര്‍സെറ്റിലെ ബാത്തില്‍ വച്ച് നടന്ന അണ്ടര്‍ 17 ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഈ സഖ്യം നിലവിലെ ചാംപ്യന്മാരെ അട്ടിമറിച്ച് നേടിയ തകർപ്പൻ വിജയമാണ് ദേശീയ ടീമിൽ ഇവരുടെ ഇടം ഉറപ്പിച്ചത്.
കോട്ടയം ഇരവിമംഗലം സ്വദേശി പന്തമാന്‍ചുവട്ടില്‍ അനി ജോസഫ് - ജീന മാത്യു ദമ്പത്തികളുടെ മകനാണ് ജെഫ്. യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയില്‍ ഉദ്യോഗസ്ഥനായ അനി ജോസഫ് സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് പദവിയും അലങ്കരിച്ചിട്ടുണ്ട്.
സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റൽ ജീവനക്കാരിയാണ് ജീന. ജെഫിന്റെ രണ്ട് സഹോദരിമാരും മികച്ച ബാഡ്മിന്റണ്‍ താരങ്ങളാണ്. സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂൾ, സ്റ്റീവനേജിലെ ജിസിഎസ്ഇ വിദ്യാര്‍ഥിയായ ജെഫ് പഠനത്തിലും മിടുക്കനാണ്.
കുന്നംകുളളം സ്വദേശിയായ ദീപക് പുലിക്കോട്ടില്‍ - ബിനി ദമ്പതികളുടെ മകനാണ് സാമുവേല്‍. പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലര്‍ത്തുന്ന സാമൂവേൽ, ദി കൂപ്പേഴ്സ് കമ്പനി ആന്‍ഡ് കോബോണ്‍ സ്‌കൂളിലെ ഇയര്‍ 11 വിദ്യാര്‍ഥിയാണ്.
സാമുവലിന്റെ പിതാവ് ദീപക് എന്‍എച്ച് എസില്‍ ബിസിനസ് ഇന്റലിജന്‍സ് മാനേജരായും, മാതാവ് ബിനി ദീപക് പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി നോക്കുന്നു.