കുടിയേറ്റവിരുദ്ധ പ്രക്ഷോഭം: ഇന്ത്യന്‍ വംശജർക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ഇന്ത്യൻ ഹൈക്കമ്മിഷന്‍; ആവശ്യമെങ്കില്‍ സ്ഥാനപതികാര്യാലയവുമായി ബന്ധപ്പെടണമെന്നും ഹൈക്കമ്മിഷന്‍

ബ്രിട്ടനിലുടനീളം കരുത്താര്‍ജിച്ച കുടിയേറ്റവിരുദ്ധകലാപത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ത്യൻ വംശജർക്ക് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷന്‍ ജാഗ്രതാനിര്‍ദേശം നല്‍കി

New Update
uk commission

യു കെ: സൗത്ത് പോര്‍ട്ടിൽ കൊച്ചുകുട്ടികൾക്ക് നേരെ നടന്ന കത്തിയാക്രമണത്തെ തുടര്‍ന്ന്  ബ്രിട്ടനിലുടനീളം കരുത്താര്‍ജിച്ച കുടിയേറ്റവിരുദ്ധകലാപത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ത്യൻ വംശജർക്ക് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷന്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

Advertisment

uk issue

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് അരങ്ങേറുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെയിരിക്കാനും ആവശ്യമെങ്കില്‍ സ്ഥാനപതികാര്യാലയവുമായി ബന്ധപ്പെടാനും ലണ്ടനിലെ ഹൈക്കമ്മിഷന്‍ ചൊവ്വാഴ്ചയാണ് നിര്‍ദേശം നല്‍കിയത്. സംഘര്‍ഷബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ജാഗ്രതയോടെ വേണമെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഹൈകമ്മീഷൻ പറഞ്ഞു. 

uk issue 1

അതേസമയം, കലാപത്തെ തീവ്രവലതുപക്ഷക്കൊള്ളയെന്നാണ് ബ്രിട്ടീഷ് പ്രധാധമന്ത്രി സ്റ്റാമര്‍ വിശേഷിപ്പിച്ചത്. അക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്നും കര്‍ശനനടപടി സ്വീകരിക്കുമെന്നും തിങ്കളാഴ്ച നടത്തിയ അടിയന്തിരയോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

സൗത്ത്പോർട്ടിൽ നടന്ന ആക്രമണത്തിനു പിന്നില്‍ വെയില്‍സിലെ പതിനേഴു വയസ്സുകാരനാണെന്നു വ്യക്തമായിട്ടും, തീവ്രവലതു സംഘടനകള്‍ പ്രക്ഷോഭം തുടരുന്നതിനേയും പ്രധാനമന്ത്രി അപലപിച്ചു.

ഇപ്പോൾ നടക്കുന്നത് സംഘടിതമായ അക്രമമാണെന്നും, അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും സ്റ്റാമര്‍ അറിയിച്ചു. കലാപങ്ങളില്‍ പങ്കെടുത്തവര്‍ പശ്ചാത്തപിക്കേണ്ടി വരുമെന്നും കലാപങ്ങള്‍ക്ക് നേരിട്ടോ, സമൂഹമാധ്യമങ്ങൾ വഴിയോ നേതൃത്വം നല്‍കുന്നവര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും സ്റ്റാമെര്‍  നല്‍കി.  

1 uk issue

കുടിയേറ്റ വിരുദ്ധ കലാപത്തില്‍ പങ്കെടുത്ത നാനൂറോളം പേരെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

സൗത്ത്പോർട്ടിൽ നടന്ന അക്രമ സംഭവങ്ങളെ തുടർന്നു അക്രമാസക്തരായ ജനക്കൂട്ടം, ഞായറാഴ്ച അഭയാര്‍ഥികളെ പാര്‍പ്പിച്ചിരുന്ന രണ്ട് ഹോട്ടലുകള്‍ ആക്രമിക്കുകയും ജനാലകള്‍ക്കു തീവയ്ക്കുകയും ചെയ്തു. പൊലീസിന് നേരെയും കലാപകാരികള്‍ അക്രമം നടത്തുന്നുണ്ട്.

uk issue 2

തിങ്കളാഴ്ച വൈകുന്നേരം പ്ലിമൗത്തില്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസിന് നേരെയാണ് ഏറ്റവും ഒടുവില്‍ അക്രമം ഉണ്ടായത്. ബെല്‍ഫാസ്റ്റില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമകാരികള്‍ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു. വിവിധയിടങ്ങളില്‍ അക്രമത്തില്‍ കടകള്‍ക്കും കാറുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

Advertisment