മെയ്ഡ്സ്റ്റോണ്‍: ദിവസങ്ങൾക്കുള്ളിൽ നടന്ന മരണങ്ങളുടെ ദുഃഖഭാരം നീങ്ങുന്നതിനു മുൻപേ മറ്റൊരു മരണ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് യു കെയിലെ മലയാളി സമൂഹം. റെഡ്ഡിച്ചിലെ സോണിയയും മരണപ്പെട്ടതും ഭർത്താവ് പിന്നാലെ ആത്മഹത്യ ചെയ്തതും ദിവസങ്ങൾക്കു മുൻപ് മാത്രമാണ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി അർബുദ ബാധിതയായി ചികിത്സയിലായിരുന്ന മെയ്ഡ്‌സ്‌റ്റോണിലെ ബിന്ദു വിമലാണ് മരണത്തിനു കീഴടങ്ങിയത്. മെയ്ഡ്‌സ്‌റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ച് ഇന്നലെ രാവിലെ 11 മണിയോടെയാണ് മരണം.
മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലിലും ലണ്ടനിലെ കിംഗ്സ് ഹോസ്പിറ്റലിലുമായിട്ടായിരുന്നു ബിന്ദുവിന്റെ ചികിത്സ നടന്നിരുന്നത്. മജ്ജ മാറ്റിവെക്കുന്നതിനുള്ള ശ്രമവും നടത്തിയിരുന്നു.
നാട്ടില്‍ എറണാകുളം സ്വദേശിയായ ബിന്ദു ടണ്‍ബ്രിഡ്ജ് വെല്‍സ് ഹോസ്പിറ്റലിലെ കാറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരിയായിരുന്നു. വിമല്‍ കുമാര്‍ ആണ് ഭര്‍ത്താവ്.
മക്കൾ : ഉത്തര വിമല്‍, കേശവ് വിമല്‍. മരണ വാര്‍ത്തയറിഞ്ഞ് ബിന്ദുവിന്റെ സഹോദരനും അച്ഛനും യു കെയിലേക്ക് എത്തുമെന്നാണ് വിവരം. അതിനു ശേഷമായിരിക്കും സംസ്‌കാര സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. ബിന്ദുവിന്റെ അമ്മ ഇപ്പോൾ യു കെയിലുണ്ട്.