/sathyam/media/media_files/YAVOIsIVr5OGqqFKR541.jpg)
ഡബ്ലിന്‍: യൂ കെ യില്‍ കെയര്‍ വര്‍ക്കേഴ്‌സായി ജോലി ചെയ്യുന്നവര്‍ക്ക് ഡിപ്പന്‍ഡന്റ് വിസ നല്‍കുന്നത് നിര്‍ത്തല്‍ ചെയ്യാന്‍ യൂ കെ സര്‍ക്കാര്‍ തീരുമാനിച്ചു. സ്‌കില്‍ഡ് എംപ്ലോയ് വിസ ലഭിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളം അടുത്ത വര്‍ഷം മുതല്‍ നിലവിലുള്ള 26,200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായി ഉയര്‍ത്തും.
നഴ്സുമാര്‍ അടക്കമുള്ള ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്സിന് പക്ഷേ ശമ്പള വര്‍ദ്ധനവ് നിയമം ബാധകമായിരിക്കില്ല.എങ്കിലും അവരുടെ കുടുംബ വിസയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനപരിധി 38,700 പൗണ്ട് ആയി ഉയര്‍ത്തി.നേരത്തെ ഇത് 18,600 ല്‍ നിന്ന് പൗണ്ട് മാത്രമായിരുന്നു.
കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി, യുകെയില്‍ ജോലിയെടുക്കാന്‍ വിദേശ തൊഴിലാളികള്‍ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍, വര്‍ദ്ധനവ് വരുത്തിയത് ആശാവഹമാണെങ്കിലും, കുടുംബത്തെ ഒപ്പം കൊണ്ടുവരാനാവില്ലെന്ന പ്രഖ്യാപനവും ഫാമിലി വിസയ്ക്കുള്ള ആവശ്യവരുമാന പരിധി കൂട്ടിയതും, പുതിയതായി യൂ കെ യിലേക്ക് അവസരം കാത്തിരിക്കുന്ന കെയര്‍ വര്‍ക്കര്‍മാരടക്കമുള്ള പതിനായിരക്കണക്കിനു കുടിയേറ്റക്കാര്‍ക്ക് ‘ഇടിത്തീയായി.അടുത്ത ഏപ്രില്‍മാസം മുതലെത്തുന്ന കെയര്‍ വര്‍ക്കേഴ്സിനാണ് അവരുടെ ഫാമിലിയെ ,കൊണ്ടുവരാന്‍ അനുമതി നിഷേധിക്കപ്പെടുക.
കുടിയേറ്റം തടയുന്നതിനുള്ള ഒരു അഞ്ച് പോയിന്റ് പ്ലാനിനുള്ളിലാണ് ആഭ്യന്തര സെക്രട്ടറി ജെയിംസ് നയമാറ്റം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം യൂ കെ യിലേക്കുള്ള മൊത്തം കുടിയേറ്റം 745,000 വര്‍ദ്ധിച്ചു.ഹെല്‍ത്ത് ആന്‍ഡ് കെയര്‍ മേഖലയിലെ വിസകളുടെ ‘ദുരുപയോഗം കാരണമാണ് കുടിയേറ്റം ഇത്രയധികം വര്‍ധിച്ചതെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.
അയര്‍ലണ്ടിലെ ഫാമിലി റീ യൂണിഫിക്കേഷന്‍ അടക്കമുള്ള ഇമിഗ്രേഷന്‍ നടപടികളുടെ പുനരവലോകന നയം ഈ വാരത്തില്‍ പ്രഖ്യാപിച്ചേക്കും.യൂ കെയെ അപേക്ഷിച്ച് അയർലണ്ടിൽ ഇത്തവണ കൂടുതൽ ഉദാരമായ ഇമിഗ്രേഷൻ പരിഷ്കാരങ്ങളാണ് പ്രതീക്ഷിക്കുന്നത്.