/sathyam/media/media_files/2026/01/08/uk-arrest-2026-01-08-18-04-32.jpg)
വെയ്ൽസ്: ഓൺലൈൻ ആത്മഹത്യാ ഫോറത്തിലൂടെ ആളുകൾക്ക് ആത്മഹത്യ ചെയ്യാൻ സഹായിക്കുന്നതിനായി മാരക രാസവസ്തു വിൽപ്പന നടത്തിയ കേസിൽ മൈൽസ് ക്രോസ് (33) എന്നയാളെ യു കെ.യിലെ മോൾഡ് ക്രൗൺ കോടതി 14 വർഷം തടവിന് ശിക്ഷിച്ചു. ആത്മഹത്യ പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്തുവെന്ന നാല് കുറ്റങ്ങളിൽ ക്രോസ് കുറ്റസമ്മതം നടത്തിയതോടെയാണ് ശിക്ഷ വിധിച്ചത്. ഇത് ഇത്തരത്തിലുള്ള യു കെ യിലെ ആദ്യ കേസ് എന്നാണു വിലയിരുത്തൽ.
2024 ഓഗസ്റ്റ്–സെപ്റ്റംബർ കാലയളവിൽ ആത്മഹത്യാ ഫോറത്തിൽ അജ്ഞാതനായി സജീവമായിരുന്ന ക്രോസ് നാലുപേരിലേക്ക് മാരക രാസവസ്തു അടങ്ങിയ പാക്കറ്റുകൾ അയച്ചതായി കോടതി കണ്ടെത്തി. ഇവരിൽ രണ്ടുപേർ പിന്നീട് ആത്മഹത്യ ചെയ്തതായി സ്ഥിരീകരിച്ചു. ഓരോ ഇടപാടിനും £100 വീതം ഇയാൾ വാങ്ങിയിരുന്നു. പ്രതിക്ക് ഇരകളുമായി വ്യക്തിപരമായ പരിചയം ഇല്ലാതിരുന്നുവെന്നും അവരുടെ അത്യന്തം ദുർബലമായ അവസ്ഥയെ ചൂഷണം ചെയ്തുവെന്നും ജഡ്ജി റോലൻഡ്സ് വ്യക്തമാക്കി.
നോർത്ത് വെയിൽസ് പോലീസ്, ഒഫ്കോം, നാഷണൽ ക്രൈം ഏജൻസി, എൻഎച്ച്എസ്, സാമാരിറ്റൻസ് എന്നിവരുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഫോറത്തിലേക്കുള്ള യു കെ പ്രവേശനം അടച്ചുപൂട്ടുകയും ചെയ്തു. 2025 ജനുവരിയിൽ നടന്ന റെയ്ഡിലാണ് പ്രതി അറസ്റ്റിലാകുന്നത്. ഫോറം പ്രവർത്തനം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്ക് ഇടപാടുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ തെളിവുകളും കണ്ടെത്തി. ഒരു ഇരയായ ലീഡ്സിലെ 29 വയസ്സുകാരിയായ ശുബ്രീത് സിങ്ങിന്റെ വീട്ടിൽ പ്രതിയുടെ റിട്ടേൺ വിലാസമുള്ള പാക്കറ്റും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us