ലണ്ടൻ : അഭയാർഥികളെ ആഫ്രിക്കയിൽ റുവാണ്ടയിലേക്കു അയക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പദ്ധതി നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി വിധിച്ചത് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിക്കു കനത്ത തിരിച്ചടിയായി.
അന്താരാഷ്ട്ര കരാറുകൾ അനുസരിച്ചുള്ള ബ്രിട്ടന്റെ കടമകളുമായി പൊരുത്തപ്പെടാത്ത നയമാണ് അതെന്നു അഞ്ചു ജഡ്ജുമാരും ഒറ്റക്കെട്ടായി വിധിയെഴുതി. അഭയാർഥികളെ റുവാണ്ടയിലേക്കു അയച്ചാൽ അവർക്കു അവിടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയില്ല. റുവാണ്ട അവരെ സ്വന്തം നാടുകളിലെ ദുരിതങ്ങളിലേക്കു തിരിച്ചയച്ചെന്നും വരാം.
ജൂണിൽ കീഴ്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി 56 പേജുള്ള വിധിന്യായത്തിൽ അംഗീകരിച്ചു.
ചെറു ബോട്ടുകളിൽ വരുന്ന അഭയാർഥികളെ സ്വീകരിക്കാൻ തയാറില്ലാത്ത സുനക് ഈ വിധിന്യായത്തിൽ അതൃപ്തി പ്രകടിച്ചു. "ഇതല്ല ഞങ്ങൾ ആഗ്രഹിച്ചത്," അദ്ദേഹം പറഞ്ഞു. "അടുത്ത നടപടികൾ ആലോചിക്കും. ബോട്ടുകളിൽ വരുന്നവരെ തടയാൻ ഉറച്ചു തന്നെയാണ് ഞങ്ങൾ.
"റുവാണ്ടയുമായി ഒരു കരാർ ആലോചനയിലുണ്ട്. ഇന്നത്തെ വിധി കണക്കിലെടുത്തു ഞങ്ങൾ അത് പൂർത്തിയാക്കും. വേണ്ടി വന്നാൽ നമ്മുടെ നിയമത്തിന്റെ പരിധിയിൽ അതു പുനക്രമീകരിക്കും."
യൂറോപ്പിൽ നിന്ന് 20 മൈലോളം ഇംഗ്ലീഷ് ചാനലിനു കുറുകെ കടന്നാണ് ചെറു ബോട്ടുകളിൽ അഭയാർഥികൾ എത്തുന്നത്. ചിലപ്പോൾ വീർപ്പിക്കുന്ന ഡിങ്കികളിലും. ആപത്കരമായ ശ്രമമാണത്.
തിങ്കളാഴ്ച്ച സുനക് പുറത്താക്കിയ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രവർമാൻ ഈ പദ്ധതി നടപ്പാക്കാൻ കഴിയാത്തതിനു പ്രധാനമന്ത്രിയെ വിമർശിച്ചിരുന്നു.
ആഫ്രിക്കയിലെ ത്വരിത വികസനമുള്ള രാജ്യമായ റുവാണ്ടയിലേക്കു അഭയാർഥികളെ അയക്കുക എന്ന ആശയം മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വകയാണ്. 2022 ജനുവരി 1നു ശേഷം അനധികൃതമായി എത്തിയവരെ റുവാണ്ടയിലേക്കു അയക്കുക എന്നതാണ് പ്ലാൻ.