New Update
/sathyam/media/media_files/2025/12/05/1-2025-12-05-15-13-44.jpg)
യു കെ : ബ്രിട്ടണിലെ പുതിയ തലമുറ കുടിയേറ്റക്കാരെ സാരമായി ബാധിക്കുന്ന ഐ.എല്‍.ആര്‍ പരിഷ്ക്കാരങ്ങള്‍, നിയമപരമായി കുടിയേറിയ സ്ക്കില്‍ഡ് വര്‍ക്കേഴ്സിന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്മ), ദേശീയ തലത്തില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. ഐ.എല്‍.ആര്‍ ലഭിക്കുന്നതിനുള്ള യോഗ്യതാ കാലയളവ് 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി നീട്ടാനുള്ള യു.കെ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് പ്രതികരിച്ചുകൊണ്ട് യുക്മ ദേശീയ കാമ്പയിന്‍ പ്രഖ്യാപിച്ചത്.
Advertisment
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിയമപരമായി യു.കെയിലേയ്ക്ക് കുടിയേറിയിരിക്കുന്ന പതിനായിരക്കണക്കിന് സ്ക്കില്‍ഡ് വര്‍ക്കേഴ്സിലും അവരുടെ കുടുംബങ്ങളിലും കാര്യമായ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്. യു.കെയിലെ പുതിയ തലമുറ കുടിയേറ്റ മലയാളികളില്‍ ബഹുഭൂരിപക്ഷവും കോവിഡ്-19 പാന്‍ഡെമിക് സമയത്തോ അതിനു തൊട്ടുപിന്നാലെയോ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍, റീട്ടെയില്‍, ലോജിസ്റ്റിക്സ് എന്നിങ്ങനെ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന തരത്തിലുള്ള ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സായി അവശ്യ റോളുകളിലെ വേക്കന്‍സികളിലാണ് ജോലി സ്വന്തമാക്കി യു.കെയില്‍ സ്ഥിരതാമസമാക്കുന്നതിന് ആരംഭിച്ചത്. അവരില്‍ നാട്ടില്‍ നിന്നും ജോലി ലഭ്യമായി വന്നവരും അതേപോലെ സ്റ്റുഡന്റ് വിസയില്‍ എത്തിച്ചേര്‍ന്ന് സ്ക്കില്‍ഡ് വര്‍ക്കേഴ്സിലേയ്ക്ക് മാറിയവരുമുണ്ട്. ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ മേഖലയില്‍ മാത്രം യു.കെയിലെ എല്ലാ സ്ഥലങ്ങളിലും മലയാളി സാന്നിധ്യമുണ്ട്.
രാജ്യവ്യാപകമായി ഒരു കാമ്പയിന്‍ സംഘടിപ്പിക്കുന്നതിന് യുക്മ നേതൃത്വം നല്‍കുന്നതിനായി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനമെടുത്തത് ബ്രിട്ടണിലെ എല്ലാ പ്രദേശങ്ങളിലുമുള്ള മലയാളികളെ ഈ മുന്നേറ്റത്തില്‍ പങ്കാളികളാക്കണമെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ യുക്മ ഇടപെടണമെന്ന ആവശ്യം യുക്മയുടെ നിരവധി അംഗ അസോസിയേഷനുകളും അതേപോലെ പുതിയ തലമുറയിലെ ഈ വിഷയം ബാധിക്കുന്ന മലയാളികളും യുക്മ ദേശീയ നേതൃത്വത്തോട് ഉന്നയിച്ചിരുന്നു. യു.കെയിലെ ഓരോ പാര്‍ലമെന്റ് മണ്ഡലങ്ങളും കേന്ദ്രീകരിച്ച് ഈ വിഷയം ബാധിതമാകുന്ന വോട്ടര്‍മാരെ അണിനിരത്തി ദേശീയ തലത്തില്‍ ഒരു പ്രചാരണം ഏകോപിപ്പിക്കുന്നതായിരിക്കും. നിര്‍ദ്ദിഷ്ട ഐ.എല്‍.ആര്‍ മാറ്റം ബാധിക്കുന്ന ഓരോ വോട്ടറും അവരുടെ പ്രാദേശിക എംപിയെ നേരിട്ട് കാണാനും പുതിയ നിര്‍ദ്ദേശത്തിന്റെ ആഘാതം അവരുടെ കുടുംബങ്ങളെയും കരിയറിനെയും ദീര്‍ഘകാല സ്ഥിരതയെയും എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് വിശദീകരിക്കുന്ന ഒരു രേഖാമൂലമുള്ള റെപ്രസെന്റേഷന്‍ സമര്‍പ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
യുക്മ ദേശീയ പ്രസിഡന്റ് ചെയര്‍മാനും ജനറല്‍ സെക്രട്ടറി ജനറല്‍ കണ്‍വീനറുമാകുന്ന കാമ്പയിന്‍ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നതിനായി ദേശീയ ഭാരവാഹികളായ സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍ എന്നിവരെ കാമ്പയിന്‍ ഡയറക്ടര്‍മാരായി നിയോഗിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും നയിക്കുന്നതിനും റീജണല്‍ തലത്തില്‍ യുക്മ ദേശീയ കമ്മറ്റിയിലും റീജണല്‍ കമ്മറ്റികളിലുമുള്ളവരെ നിയോഗിക്കും.
യുക്മയുടെ പ്രാദേശിക അംഗ അസോസിയേഷനുകളുമായി ചേര്‍ന്നാവും ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലെയും കാമ്പയിന്‍ കമ്മിറ്റികളുടെ രൂപീകരണം നടത്തെപ്പെടുന്നത്. അംഗ അസോസിയേഷന്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍, കാമ്പയിന്‍ കമ്മിറ്റി സ്ഥാപിക്കുന്നതിനും നയിക്കുന്നതിനുമുള്ള ഉത്തരവാദിത്തം റീജണല്‍ കമ്മിറ്റി നേരിട്ട് ഏറ്റെടുക്കും. ഈയൊരു ഘടന യു.കെയുടെ എല്ലാ ഭാഗങ്ങളിലും ഏകീകൃതവും ഫലപ്രദവുമായ ഒരു കാമ്പയിന്‍ ഉറപ്പാക്കുന്നതിന് സഹായകരമാകുമെന്നാണ് യുക്മ ദേശീയ ഭരണസമിതി വിലയിരുത്തുന്നത്. .
നിര്‍ദിഷ്ട ഐ.എല്‍.ആര്‍ മാറ്റങ്ങള്‍ക്കായുള്ള കണ്‍സള്‍ട്ടേഷന്‍ കാലയളവ് 2026 ഫെബ്രുവരിയില്‍ അവസാനിക്കുമെന്നാണ് യുകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിയമനിര്‍മ്മാണ പ്രക്രിയ പുരോഗമിക്കുന്നതിന് മുമ്പ് തന്നെ ഈ വിഷയം പരമാവധി എം.പിമാരിലേയ്ക്ക് എത്തിക്കുന്നത് ഉറപ്പാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള രീതിയിലാണ് പ്രവര്‍ത്തനം നിശ്ചയിച്ചിരിക്കുന്നത്.
2026 ജനുവരി 10ന് മുന്‍പായി യു.കെയിലെ പരമാവധി പാര്‍ലമെന്റ് മണ്ഡലങ്ങളിലും യുക്മ കാമ്പെയ്ന്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും അതിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യും. 2026 ജനുവരി 10നും ജനുവരി 25നും ഇടയിലായി, ഓരോ പാര്‍ലമെന്റ് മണ്ഡലം കാമ്പെയ്ന്‍ കമ്മിറ്റിയും അവരുടെ പ്രാദേശിക എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അപ്പോയിന്റ്മെന്റ് എടുക്കുകയും സാധ്യമാവുകയാണെങ്കില്‍ എം.പിമാരെ നേരിട്ട് കാണുന്നതിനുമുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നതാണ്. ഓരോ മണ്ഡലത്തിലുമുള്ള പ്രതിനിധികള്‍ അവരുടെ എംപിയെ നേരിട്ട് കാണുക, സമൂഹത്തിന്റെ ആശങ്കകള്‍ അവതരിപ്പിക്കുക, മുന്‍കാലപ്രാബല്യത്തോടെ നടപ്പിലാക്കുന്ന നിയമമാറ്റങ്ങള്‍ കഠിനാധ്വാനികളായ കുടിയേറ്റ കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന ജീവിത ആഘാതത്തിന്റെ വ്യക്തമായ തെളിവുകള്‍ എം.പിമാരെ ബോധ്യപ്പെടുത്തുക എന്നുള്ളതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
അവബോധം വളര്‍ത്തുക എന്നതില്‍ ഉപരിയായി, നിര്‍ദിഷ്ട ഐ.എല്‍.ആര്‍ മാറ്റങ്ങള്‍ക്കായുള്ള നിര്‍ദ്ദേശം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വിഷയത്തില്‍ ഗൗരവമായി ഇടപെടുന്നതിന് എം.പിമാരെ പ്രോത്സാഹിപ്പിക്കുകയും, ഇതിലൂടെ സ്കില്‍ഡ് വര്‍ക്കര്‍ റൂട്ടിലുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് നീതി ലഭ്യമാകുമെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കാമ്പെയ്‌നിന്റെ ലക്ഷ്യം. എം.പിമാര്‍ക്ക് നല്‍കേണ്ടുന്ന നിവേദനത്തിന്റെ മാതൃക യുക്മ ദേശീയ കമ്മറ്റി അംഗ അസ്സോസിയേഷനുകള്‍ക്ക് അയച്ചു നല്‍കും. മന്ത്രിസഭയിലും പ്രതിപക്ഷത്തും സ്വാധീന ശക്തിയുള്ള എം പി മാരെ നേരിട്ട് ബന്ധപ്പെടുവാന്‍ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തപ്പെടുന്നതാണ്.
നഴ്സുമാരുടെ ശമ്പളവര്‍ദ്ധനവുമായി ബന്ധപ്പെട്ട് 2020ല്‍ ഇതേ രീതിയില്‍ വിജയകരമായ കാമ്പയിന്‍ യുക്മ സംഘടിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കോ അന്വേഷണങ്ങള്‍ക്കോ, ദയവായി ബന്ധപ്പെടുക:
അഡ്വ. എബി സെബാസ്റ്റ്യന്‍: 07702862186
ജയകുമാര്‍ നായര്‍: 07403223066
യുക്മ അംഗ അസോസിയേഷനുകള്‍ ഇല്ലാതെയുള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും ഈ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് താല്പര്യമുള്ളവര്‍ക്കും താഴെ പറയുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us