യു കെ ഇത്തവണ ടോറികൾക്ക് ബാലികേറാ മലയാകുമോ?; ജനപ്രീതി ഇടിഞ്ഞ് ഋഷി സുനക്; പുതിയ സർവേയിൽ മുന്നേറി ലേബർ; 200 സീറ്റ്‌ നഷ്ടമാകും, 11 ക്യാബിനറ്റ് മന്ത്രിമാർ തോൽക്കും; പുതിയ സർവ്വേ ഫലം പുറത്ത്

author-image
റോമി കുര്യാക്കോസ്
Updated On
New Update
bvcgbgcfdtgyh

യു കെ: യു കെയിൽ ഈ വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടോറികൾക്ക് വലിയ തോതിൽ കാലിടറുമെന്ന് സർവ്വേ ഫലങ്ങൾ. 200 സീറ്റുകളെങ്കിലും ഭരണകക്ഷിക്ക് നഷ്ടമാകുമെന്നാണ് സർവ്വേ പ്രവചചിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഋഷി സുനകിന്റെ വ്യക്തിഗത പ്രതിഛായക്കും സാരമായ ഇടിവ് സംഭവിച്ചിട്ടുണ്ട്.

Advertisment

1997 - ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ, ടോറികൾ നേരിട്ടതിന് സമാനമായ തെരഞ്ഞെടുപ്പ് ദുരന്തമാണ് ഇക്കുറി സുനകിനെയും സംഘത്തെയും കാത്തിരിക്കുന്നുവെന്ന് മുന്നറിയിപ്പാണ് സർവ്വേ നൽകിയിരിക്കുന്നത്. 14,000 പേരാണ് സർവ്വേയിൽ പങ്കെടുത്തത്. സർവ്വേ പ്രകാരം, ടോറികൾ 1997 - ൽ സർ ജോൺ മേജർക്ക് നേരിട്ടതിനു സമാനമായ ഒരു വലിയ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണു പോകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്‌.

ഏകദേശം 200 - ൽ പരം സീറ്റുകൾ ടോറികൾക്ക് കൈ വിടേണ്ടി വരുമെന്നാണ് പ്രവചനം. ഇത് കീർ സ്റ്റാർമർക്ക് 120 സീറ്റിന്റെ ഭൂരിപക്ഷം നേടിക്കൊടുക്കും. പരമ്പരാഗതമായി കൺസർവേറ്റീവുകൾക്ക് ലഭിച്ചു പോകുന്ന പിന്തുണയിലും വോട്ടിലും വലിയ കുറവുണ്ടാകും. പാർട്ടിക്ക് ലഭിക്കുന്ന പിന്തുണയുടെ കാര്യത്തിൽ, 1906 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ തകർച്ചയായിരിക്കും കൺസർവേറ്റീവ് പാർട്ടി നേരിടുക എന്നും സർവ്വേയിൽ പറയുന്നു.

ഏതാണ്ട് 11.5 ശതമാനം വോട്ടുകൾ ലേബർ പാർട്ടിയിലേക്ക് ഒഴുകും. ഏറ്റവും ചുരുങ്ങിയത് 11 ക്യാബിനറ്റ് മന്ത്രിമാരെങ്കിലും ഈ കുത്തൊഴുക്കിൽ പെട്ട് ഒലിച്ചു പോകുമെന്നും സർവ്വേ ഫലത്തിൽ പറയുന്നു. സൗത്ത് വെസ്റ്റ് സറേയിൽ ചാൻസലർ ജെറമി ഹണ്ട് തന്റെ നിയോജകമണ്ഡലത്തിൽ ലെബറൽ ഡൊക്രാറ്റ്സ് സ്ഥാനാർത്ഥിയോട് തോൽക്കുന്ന സൂചനയും സർവ്വേ പറയുന്നു.

ഇങ്ങനെ സംഭവിച്ചാൽ, ബ്രിട്ടന്റെ ചരിത്രത്തിൽ തന്നെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ആദ്യ ചാൻസലർ എന്ന പദവി ജെറമി ഹണ്ടിന് സ്വന്തമാകും. അതുപോലെ തന്നെ പെന്നി മോർഡൗണ്ട് ഗ്രാന്റ് ഷാപ്സ്, സർ ഇയാൻ ഡൻകൻ സ്മിത്ത് തുടങ്ങിയ ഭരണകക്ഷിയിലെ പല പ്രമുഖ നേതാക്കളും പരാജയത്തിന്റെ നിഴലിലാണ്. യു ഗവ് പോൾ സർവ്വേ അനുസരിച്ച്, റിഫോം പാർട്ടിക്ക് സീറ്റുകൾ ലഭിക്കുമെന്ന് പറയില്ല എങ്കിലും, ടോറികൾക്ക് വിപരീത ഫലം ഉണ്ടാകുന്ന രീതിയിൽ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തും എന്ന് പ്രവചിക്കുന്നു.

ഏതാണ്ട് 96 എം പിമാരുടെ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ റിഫോം പാർട്ടിക്ക് കഴിയും എന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ കൺസർവേറ്റീവുകൾ പിടിച്ചെടുത്ത ലേബർ സീറ്റുകൾ എല്ലാം തന്നെ ഇത്തവണ നഷ്ടപ്പെട്ടേക്കും.

അതുപോലെ സ്‌കോട്ടിഷ് നാഷണൽ പാർട്ടിയുടെ പകുതിയോളം സീറ്റുകൾ ലേബർ പാർട്ടി പിടിച്ചെടുക്കുമെന്നും പറയുന്നു. ആശങ്കകൾക്കിടയിലും, പുതിയ സർവേഫലം കൺസർവേറ്റീവ് പാർട്ടി എം പിമാർ ഗൗരവത്തോടെയാണ് കാണുന്നത്. പൊതു തെരഞ്ഞെടുപ്പിന് മുൻപായി ഒരു നേതൃമാറ്റം അനിവാര്യം എന്ന വാദത്തിന് ഇതോടെ ശക്തി വർധിക്കും.

uk rishi sunak
Advertisment