'യുക്മ ശ്രേഷ്‌ഠ മലയാളി 2025' പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്

New Update
1000366635
യു കെ : 'യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ ദേശീയ നേതൃത്വം. ഭാഷ, ആരോഗ്യ പ്രവർത്തനം, ബിസിനസ്സ്, കായികം, കല എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത മേഖലകളിൽ കഴിവ് തെളിയിച്ചതിനോടൊപ്പം തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ യുകെ മലയാളി സമൂഹത്തിന് നൽകി വരുന്ന സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. നവംബർ 22 ശനിയാഴ്ച പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
Advertisment
ശ്രീ. സി.എ. ജോസഫ് - മലയാളഭാഷാ സ്‌നേഹി പുരസ്കാരം, ശ്രീ. സാജൻ സത്യൻ - നഴ്‌സിംഗ് ലീഡർഷിപ്പ് എക്സലൻസ് അവാർഡ്, ശ്രീ. സൈമൺ വർഗ്ഗീസ് - വിഷനറി എൻ്റർപ്രേണർ ഓഫ് ദ ഇയർ അവാർഡ്, ശ്രീ. അഭിഷേക് അലക്സ് - കായിക പ്രതിഭ പുരസ്കാരം, ശ്രീമതി. മൻജു സുനിൽ - നൃത്യരത്‌ന പുരസ്‌കാരം എന്നിവരാണ് 'യുക്മ ശ്രേഷ്‌ഠ മലയാളി 2025' പുരസ്‌കാര ജേതാക്കൾ.
സി. എ. ജോസഫ്.
യുക്മയുടെ രൂപീകരണം മുതൽ സംഘടനയിൽ  ഉറച്ചു നിന്ന ഒരു സഹയാത്രികനായ സി എ ജോസഫ് യുക്മ സാംസ്കാരിക വേദിയുടെ കലാ വിഭാഗം കൺവീനർ, ജനറൽ കൺവീനർ, വൈസ് ചെയർമാൻ, രക്ഷാധികാരി, ‘ജ്വാല’ മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗം എന്നീ നിലകളിൽ സുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്നു.
യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ചിട്ടുള്ള സാഹിത്യമത്സരങ്ങൾ, ചിത്രരചന മത്സരങ്ങൾ, സ്റ്റാർ സിംഗർ മത്സരങ്ങൾ എന്നിവയുടെയെല്ലാം വിജയത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 
യുക്മയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള കേരള പൂരം-വള്ളംകളി മത്സരങ്ങളുടെ റണ്ണിംഗ്  കമന്ററി ടീമിലെ അംഗമെന്ന നിലയിൽ മികവാർന്ന പങ്കാളിത്തം വഹിച്ചിട്ടുണ്ട് . യുക്മ സംഘടിപ്പിച്ചിട്ടുള്ള 16 കലാമേളകളിലും വിവിധ റീജണുകളിലും ദേശീയതലത്തിലും നടത്തിയ മത്സരങ്ങളിൽ വിധികർത്താവായും പങ്കെടുത്തിട്ടുണ്ട്.
കോവിഡിന്റെ ഫലമായുണ്ടായ ലോക്‌ഡൗൺ കാലയളവിൽ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവർപ്പിച്ച് നാല് മാസത്തോളം നീണ്ടുനിന്ന, ഏവരുടെയും പ്രശംസ നേടിയ, യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ‘Let’s Break It Together’ എന്ന സംഗീത പരിപാടിയുടെ മുഖ്യ ചുമതലയും വഹിച്ചിരുന്നു.
ലണ്ടൻ മലയാള സാഹിത്യവേദിയുടെ പ്രോഗ്രാം കോഡിനേറ്ററായും പ്രവർത്തിച്ചിട്ടുള്ള സി എ ജോസഫ് യുകെയിലെ കലാ സാംസ്കാരിക സാമൂഹീക  രംഗത്ത് ഇന്നും സജീവമായി പ്രവർത്തിക്കുന്നു.  യുകെയിൽ നിന്നുമുള്ള ലോക കേരളസഭാംഗമായും കേരള ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു. 
മികച്ച അഭിനേതാവ്, സംഘാടകൻ, വാഗ്മി എന്നീ നിലകളിലും അറിയപ്പെടുന്ന സി എ ജോസഫ്  മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് എന്ന നിലയിലുള്ള 2021 ലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് കേരള ഗവൺമെന്റിന്റെ പ്രഥമ കണിക്കൊന്ന പുരസ്കാരം മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ചത്.
യുകെ മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'സമ്മർ ഇൻ ബ്രിട്ടൻ' 'ഓർമ്മകളിൽ സെലിൻ' എന്നീ ഷോർട്ട് മൂവികളിലും 'ഒരു ബിലാത്തി പ്രണയം' എന്ന ഫുൾ മൂവിയിലും അടുത്ത നാളിൽ യുകെയിൽ അവതരിപ്പിച്ച  'വെളിച്ചം'എന്ന നാടകത്തിലും ശ്രദ്ധേയമായ  വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള സി എ ജോസഫ് യുകെ മലയാളികളുടേതായി പുറത്തിറങ്ങിയ  ഏതാനും സംഗീത ആൽബങ്ങൾക്ക് ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. 
കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയനിൽ നിന്ന് എച്ച് ഡി സിയും കരസ്ഥമാക്കിയിട്ടുണ്ട്. നാട്ടിൽ അധ്യാപകൻ, പത്രപ്രവർത്തകൻ, സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ എന്നീ മേഖലകളിലും പ്രവർത്തിച്ചിരുന്നു. ബാങ്ക് ഉദ്യോഗസ്ഥൻ ആയിരിക്കെ ലീവെടുത്ത് സൗദി അറേബ്യയിലെത്തി.15 വർഷം അവിടെ ജോലി ചെയ്തിരുന്നു. സൗദിയിലും കലാ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. സൗദിയിലെ കമ്മീസ്മുഷയത്തിൽ പ്രവർത്തിച്ചിരുന്ന കമ്മീസ് ഇൻറർനാഷണൽ സ്കൂളിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. 
സ്കൂൾ-കോളേജ് പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 
കോട്ടയം ജില്ലയിലെ അമയന്നൂർ സ്വദേശിയായ സി എ ജോസഫ് 20 വർഷം മുൻപാണ് യുകെയിൽ എത്തിയത്. ഇപ്പോൾ ബേസിംഗ്‌സ്‌റ്റോക്കിൽ കുടുംബസമേതം താമസിക്കുന്നു. ഭാര്യ: അൽഫോൻസാ, മക്കൾ: ജോയൽ, ജെസ്വിൻ.
സാജൻ സത്യൻ.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ എൻട്രൻസ് പരീക്ഷയിലൂടെ ബിഎസ്സ്സി നഴ്സിംഗ് 1994 – 98 ബാച്ചിൽ പൂർത്തിയാക്കിയ സാജൻ സത്യൻ തുടർന്ന് മംഗലാപുരം നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസിൽ നഴ്സിംഗ് ട്യൂട്ടറായി സേവനം അനുഷ്ടിച്ചു. തുടർന്ന് 2003-ൽ യുകെയിൽ ബൂപയിൽ നഴ്‌സായി ജോലിയിൽ പ്രവേശിച്ചു. 2005 മുതൽ എൻ എച്ച് എസ്സിൽ ജോലി ചെയ്ത് വരുന്ന സാജൻ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ഉൾപ്പടെ വിവിധ മേഖലകളിൽ വിവിധ പദവികളിൽ സേവനമനുഷ്ടിച്ചു. മിഡ്ലാൻഡ്സ് മെട്രോപ്പൊലിറ്റൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയറക്ടർ ഓഫ് അഡ്വാൻസ് നഴ്സിംഗ് പ്രാക്ടീസ്  ആയിരുന്നു. 2003 മുതൽ എയർഡെയ്ൽ എൻ.എച്ച്.എസ്സ് ഫൌണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി ചീഫ് നഴ്‌സാണ് സാജൻ. ഇംഗ്ലണ്ടിലെ ചീഫ് നഴ്സിംഗ് ഓഫീസറുടെ എത്നിക് മൈനോറിറ്റി അഡ്വൈസറി കോളാബോറേറ്റിവ് ലും NMC  യുടെ EDI സ്ട്രാറ്റജിക് അഡ്വൈസ് ഗ്രൂപ്പിലും അംഗമാണ് സാജൻ സത്യൻ.
ഹെൽത്ത് സർവ്വീസ് ജേണൽ (HSJ) തയ്യാറാക്കിയ, യുകെയിലെ ആരോഗ്യ മേഖലയിൽ ഏറ്റവും സ്വാധീനമുള്ള 50 കറുത്തവർഗ്ഗക്കാർ, ഏഷ്യൻസ്, ന്യൂനപക്ഷ വിഭാഗക്കാരുടെ പട്ടികയിൽ സ്ഥാനം പിടിച്ച ആദ്യത്തെ മലയാളി ആണ് സാജൻ.
യുക്മയുടെ ആരംഭകാലം മുതൽ സഹയാത്രികനായ സാജൻ സത്യൻ്റെ അഭിമാനകരമായ നേട്ടത്തിൽ യുക്‌മ കുടുംബമൊന്നാകെ ആഹ്‌ളാദത്തിലാണ്. 2019 – 2022 കാലഘട്ടത്തിൽ യുക്മ ദേശീയ ജോയിൻ്റ് സെക്രട്ടറി സ്ഥാനം വഹിച്ച സാജൻ 2022 – 2025 കാലയളവിൽ യോർക്ക്ഷയർ & ഹംബർ റീജിയണിൽ നിന്നുള്ള ദേശീയ സമിതിയംഗമായും പ്രവർത്തിച്ചു. യുക്മ നഴ്‌സസ് ഫോറം നാഷണൽ കോർഡിനേറ്റർ, നാഷണൽ അഡ്വൈസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.  യുകെയിലെ നഴ്‌സിംഗ് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുന്ന സാജൻ അവയ്‌ക്ക് സാദ്ധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും നടപ്പിലാക്കുവാനും മുൻനിരയിലുണ്ട്.
അലയൻസ് ഓഫ് സീനിയർ കേരള നഴ്‌സസ് (ASKeN) എന്ന യുകെ നാഷണൽ ഹെൽത്ത് സർവ്വീസിലെ സീനിയർ നഴ്സുമാരുടെ സംഘടനയുടെ സ്ഥാപക നേതാവായ സാജൻ സത്യനോടൊപ്പം യുകെ ഇമിഗ്രേഷൻ മന്ത്രി സീമ മൽഹോത്ര, ലണ്ടൻ മേയർ സാദിഖ് ഖാൻ,  റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് പ്രസിഡൻ്റ് മുംതാസ് പട്ടേൽ, ലോർഡ് ഡാർസി , പൌളറ്റ് ഹാമിൽട്ടൻ എം. പി. തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന പട്ടികയിലാണ് സാജൻ ഇടം നേടിയത് . യുകെയിലേക്ക് പുതിയതായി എത്തുന്ന നഴ്സുമാർക്ക് പിന്തുണ നൽകുവാനും  ഇവിടെയുള്ളവർക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കുവാനും വേണ്ടിയാണ് സാജൻ സത്യൻ ASKeN സ്ഥാപിച്ചത്.  എൻ എച്ച് എസ്, അക്കാദമിക, ഗവേഷണ മേഖലകളിലെ ഉയർന്ന തസ്തികകളിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവായതിനാൽ കരിയറിൽ മുന്നോട്ട് വരുന്നവർക്ക് മാതൃകയാക്കാൻ ആളില്ലാത്ത അവസ്ഥ ASKeN ൻ്റെ പ്രധാന ശ്രദ്ധാവിഷയമാണ്.
എൻ.എച്ച്. എസ്സിൽ 2005 മുതൽ സേവനമനുഷ്ഠിക്കുന്ന സാജൻ അഡ്വാൻസ്ഡ് നഴ്‌സ് പ്രാക്ടീഷണർ, ലീഡ് അഡ്വാൻസ്ഡ് ക്ളിനിക്കൽ പ്രാക്ടീഷണർ, ഹെൽത്ത് എഡ്യൂക്കേഷൻ  ഇംഗ്ലണ്ടിൽ റീജിയണൽ ലീഡ് ഉൾപ്പടെ വിവിധ ചുമതലകൾ വഹിച്ച ശേഷമാണ് എയർഡെയ്ൽ എൻ.എച്ച്.എസ്സ് ഫൌണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി ചീഫ് നഴ്‌സായി ചുമതലയേറ്റത്.
സാജൻ്റെ ഭാര്യ അനൂപ സാജൻ ഡബ്ലിനിൽ രജിസ്റ്റേർഡ് നഴ്സാണ്. എ ലെവൽ വിദ്യാർത്ഥിനിയായ നിയാ സാജൻ, ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മിലൻ സാജൻ എന്നിവർ മക്കളാണ്. ലീഡ്സിന് സമീപം വെക്ഫീൽസിലാണ് സാജൻ കുടുംബ സമേതം താമസിക്കുന്നത്.
സൈമൺ വർഗ്ഗീസ്.
ഫസ്റ്റ്‌കോൾ 247 ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ, വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഉറച്ച മനസ്സിന്റെയും നേതൃപാടവത്തിന്റെയും അതുല്യ ഉദാഹരണമായ വ്യക്തി.
സൈമന്റെ ജീവിതയാത്ര കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ആരംഭിച്ചത്. 2010-ൽ അദ്ദേഹം വലിയ സ്വപ്നങ്ങളോടും ശക്തമായ തൊഴിൽനൈതികതയോടും കൂടിയാണ് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് എത്തിയത്. ഇൻഷുറൻസ് മേഖലയും കെയർ മേഖലയുമെല്ലാമടങ്ങുന്ന വിവിധ പ്രവർത്തന മേഖലകളിൽ അദ്ദേഹം അനുഭവം സമ്പാദിച്ചു — എന്നാൽ ബിസിനസിനോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തെ ഒരു ഉയർന്ന ലക്ഷ്യത്തിലേക്ക് നയിച്ചത്.
2018-ൽ, സൈമൺ ഫസ്റ്റ്‌കോൾ 247 ലിമിറ്റഡ് സ്ഥാപിച്ചു; വിശ്വാസ്യതയുള്ള സ്റ്റാഫിംഗ് സൊല്യൂഷനുകൾ നൽകുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച ഒരു നഴ്സിംഗ് ഏജൻസിയായാണ് ഇത് ആരംഭിച്ചത്. ഗുണമേന്മയോടും നവീകരണത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയിലൂടെ, ഈ സ്ഥാപനം വളരെ വേഗത്തിൽ വളർന്നു, ഇപ്പോൾ യുകെയിലുടനീളം 26 ശാഖകളിലൂടെ പ്രവർത്തിക്കുന്നു; 1,000-ത്തിലധികം ക്ലയന്റുകളുമായി ചേർന്ന് മികച്ച സ്റ്റാഫിംഗ്-കെയർ സേവനങ്ങൾ നൽകുന്നു.
2022-ൽ, സൈമൺ സ്ഥാപനത്തെ ഹോം കെയർ മേഖലയിലേക്ക് വിപുലീകരിച്ചു, ആളുകൾക്ക് സ്വന്തം വീടുകളിൽ തന്നെയുള്ള ആശ്വാസകരമായ വ്യക്തിഗത പരിചരണസഹായം ലഭ്യമാക്കാൻ ഇതുവഴി സാധിച്ചു. ഇന്ന് ഫസ്റ്റ്‌കോൾ 247 പ്രധാനമായും മിഡ്‌ലാൻഡ്സ് മേഖലയിലാകെ 8 കൗണ്ടി കൗൺസിലുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു; അടുത്ത കാലത്ത് ഇത് 6 കൗൺസിലുകളുമായി കൂടി സഹകരിക്കാനുള്ള പദ്ധതികളുമുണ്ട്.
സ്ഥാപനത്തിന്റെ ഉന്നതമായ ഗുണമേൻമ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 2024-ൽ ഫസ്റ്റ്‌കോൾ 247 പ്രശസ്തമായ ISO 9001 സർട്ടിഫിക്കേഷൻ നേടി, 2025-ൽ ഹോംകെയർ അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടതും സ്ഥാപനത്തിന്റെ ഉയർന്ന നിലവാരത്തിൽ തുടരുന്ന പ്രതിബദ്ധതയുടെ തെളിവാണ്.
സൈമന്റെ നേതൃത്യത്തിൽ, ഫസ്റ്റ്‌കോൾ 247 ഒരു വ്യക്തവും ശക്തവുമായ ദൗത്യമാണ് പിന്തുടരുന്നത്: സ്ഥിരതയാർന്നതും കാരുണ്യപൂർവവുമായതും പ്രൊഫഷണൽ സ്വഭാവമുള്ളതുമായ പരിചരണം — ദിവസത്തിൽ 24 മണിക്കൂർ, ആഴ്ചയിൽ 7 ദിവസം — നൽകുകയും പരിചരണം ആവശ്യമായിടത്ത് യഥാർത്ഥ മാറ്റമുണ്ടാക്കുകയും ചെയ്യുക.
അഭിഷേക് അലക്സ്.
മാഞ്ചസ്റ്റർ സ്വദേശിയായ അഭിഷേക് അലക്സ്  ഹൾ യോർക്ക് മെഡിക്കൽ സ്കൂളിലെ ഫൈനൽ ഇയർ മെഡിക്കൽ സ്റ്റുഡൻ്റ് ആണ്. 2018-ൽ ജി സി എസ് ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും (11 വിഷയങ്ങൾ) 9ഗ്രേഡ് നേടി. യുകെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ A ഗ്രേഡുകളിൽ നിന്ന് 9 ഗ്രേഡിലേക്ക് മാറി വർഷം യുകെയിലാകമാനം നൂറോളം വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രസ്തുത ഗ്രേഡ് നേടാനായതെന്നത് അഭിമാനാർഹമായ നേട്ടമായിരുന്നു. തുടർന്ന് എ ലെവൽ പരീക്ഷയിൽ നാല് വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി മെഡിക്കൽ വിദ്യാഭ്യാസത്തിന് അർഹത നേടി. മെഡിക്കൽ വിദ്യാഭ്യാസത്തിനിടയിൽ കബഡി കളിയിൽ പ്രാഗത്ഭ്യം നേടിയ അഭിഷേക്  2025-ൽ ബ്രിട്ടൻ ആതിഥേയത്വം വഹിച്ച കബഡി വേൾഡ് കപ്പിൽ വെയിൽസ് ടീമിനെ പ്രതിനിധീകരിച്ചു. തുടർന്ന് ഇറ്റലിയിൽ നടന്ന ആറ് രാഷ്ട്രങ്ങൾ പങ്കെടുത്ത യൂറോപ്യൻ കബഡി ടൂർണമെൻ്റിൽ ഇംഗ്ലണ്ട് ടീമിനെ പ്രതിനിധീകരിച്ചു, ടീം ഗോൾഡ് മെഡൽ കരസ്ഥമാക്കി. പാട്യപാട്യേതര മേഖലകളിൽ മികവ് തെളിയിച്ച അഭിഷേക് മികച്ച ഫോട്ടോഗ്രാഫർ കൂടിയാണ്. യുക്മയുടെ നാഷണൽ ഇവൻ്റുകൾക്കും ഇൻ്റർ യൂണിവേഴ്സിറ്റി ഇവൻ്റുകൾക്കും തുടങ്ങി മറ്റ് പ്രധാന പരിപാടികളുടെയും ഫോട്ടോകൾ ഒപ്പിയെടുക്കുന്നതിൽ     സജീവ സാന്നിധ്യമാണ് അഭിഷേക്. "അഭിഷേക് അലക്സ്" ഫോട്ടോഗ്രാഫി എന്ന പേരിൽ  ഫോട്ടോഗ്രാഫിയും ചെയ്ത് വരുന്നു.
യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ അലക്സ് വർഗീസിൻ്റേയും, വിഥിൻഷോ ഹോസ്പിറ്റലിൽ ലംങ് കാൻസർ ഡിപ്പാർട്ട്മെൻ്റിൽ സ്പെഷ്യലിസ്റ്റ് നഴ്സായ ബെറ്റിമോൾ അലക്സിൻ്റെയും മകനാണ് അഭിഷേക് അലക്സ്. മൂത്ത സഹോദരി അനേഖ അലക്സ് മാഞ്ചസ്റ്റർ
ബാങ്ക് ഓഫ് ന്യൂയോർക്കിൽ  അസോസിയേറ്റ് അനലിസ്റ്റായി ജോലി ചെയ്യുന്നു. ഇളയ സഹോദരി എഡ്രിയേൽ അലക്സ് ഓൾട്രിംങ്ങ്ഹാം ലൊറേറ്റോ ഗ്രാമർ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
മഞ്ജു സുനിൽ.
അഞ്ചാം വയസു മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ മഞ്ജു സുനിൽ ഉദയ ലക്ഷ്മണൻ, കലാമണ്ഡലം ലീലമണി ടീച്ചർ, കലൈമാമണി കെ കൃഷ്ണരാജു, ഗുരു മീനാകുറുപ്പ് തുടങ്ങിയവരിൽ നിന്ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയവ അഭ്യസിച്ചു. നൃത്തത്തിനു പുറമെ കഥാപ്രസംഗം, മോണോആക്ട്, പ്രസംഗം, നാടകം, ചാക്യാർകൂത്ത് തുടങ്ങിയ കലകളിലും മികവ് തെളിയിച്ചു. നീലേശ്വരം ശശീന്ദ്രൻ, KN കീപ്പേരി, ഗുരു പൈങ്കുളം നാരായണ ചാക്യാർ തുടങ്ങിയ ഗുരുക്കന്മാരുടെ കീഴിൽ ആയിരുന്നു അഭ്യസനം. 
ഒന്നിലധികം തവണ കേരള യുവജനോത്സവ വേദികളിൽ താരമായി മാറിയ മഞ്ജു നൃത്തത്തോടുള്ള അഭിനിവേശം കാരണം സ്കൂൾ കാലം തൊട്ട് തന്നെ നൃത്ത സംവിധാനവും ആരംഭിച്ചു. 2015 മുതൽ യുകെയിലെ ശ്രദ്ധേയമായ പല വേദികളിലും നൃത്തം അവതരിപ്പിച്ചു തുടങ്ങി. 2018 ഇൽ യുക്മയുടെ നേതൃത്വത്തിൽ നടന്ന ' വേണുഗീതം ' പരിപാടിയിൽ മഞ്ജുവും സംഘവും ഗായകൻ ശ്രീ G വേണുഗോപാലിന്റെ പാട്ടിനൊപ്പം വേദിയിൽ ചുവട് വെച്ചു. 2018 ഇൽ Sanskruti centre for Cultural Excellence ന്റെ ആഭിമുഖ്യത്തിൽ അരങ്ങേറിയ 'നവദുർഗ ' എന്ന പ്രൊജക്റ്റ്‌ ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടു. യുകെയിൽ ആദ്യമായി ഒൻപതു ദുർഗ രൂപങ്ങൾ വിവിധ ഭാരതീയ നൃത്തരൂപങ്ങളിൽ അവതരിപ്പിച്ചപ്പോൾ മോഹിനിയാട്ടം വേദിയിൽ എത്തിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത് മഞ്ജു ആയിരുന്നു. തുടർന്ന് World Tourism Mart, Indian High commission സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷം എന്നിവയിലും മഞ്ജു പങ്കെടുത്തു. 
2018 ഇൽ പാർലിമെന്റിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന 'ഗീതാജയന്തി'യിലും മോഹിനിയാട്ടം അവതരിപ്പിച്ചു. വിവിധ കൌൺസിൽ മേയർമാർ മുതൽ ലണ്ടൻ ലോർഡ് മേയർ ആഥിത്യമരുളിയ ദീപാവലി ആഘോഷത്തിൽ വരെ ഒന്നിലധികം തവണ മഞ്ജു ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തവുമായി എത്തി. 
നർത്തകി ആയുള്ള യാത്രക്കിടെ ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന NGO ആയ Sanskruti centre for Cultural Excellence ന്റെ ട്രസ്റ്റീകളിൽ ഒരാളാകാനുള്ള അപൂർവ ഭാഗ്യവും മഞ്ജുവിനു ലഭിച്ചു. തുടർന്ന് സംസ്കൃതി സംഘടിപ്പിച്ച എല്ലാ പരിപാടികളിലും നർത്തകി ആയും സംഘടക ആയും മഞ്ജു സാന്നിധ്യം അറിയിച്ചു. ഈ പരിപാടികളിൽ മിക്കവയും യുകെ പാർലിമെന്റ് ന്റെ ഹൗസ് of ലോർഡ്സ് ലും നെഹ്‌റു സെന്ററിലും ഭവൻ ലണ്ടനിലും ആയാണ് അവതരിപ്പിക്കപ്പെട്ടത് എന്ന അപൂർവതയും മഞ്ജുവിനുണ്ട്. world Water day, National Heritage Day ( UK Parliament ), National Handloom day( Indian Highcommision London), Hampi fest ( British Library ) Indra Dhanusya, Asadi ki Amrit Mahotsav ( Nehru Centre ), India conclave Bhavan, Yathra - bhavan  തുടങ്ങിയ പരിപാടികളിൽ സംഘടക ആയും നർത്തകി ആയും മഞ്ജു തിളങ്ങി. പതിനഞ്ചോളം പരിപാടികളുടെ ഭാഗമായി മഞ്ജു യുകെ പാർലിമെന്റിൽ എത്തി.
ഇതിനിടയിൽ അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്ന് മികച്ച മാർക്കോടെ ഭരത നാട്യത്തിൽ മാസ്റ്റർ of Fine ആർട്സ് പാസ്സായി. സപ്തതാണ്ഡവം, ആദ്യപൂജ്യ, മാതൃദേവോ ഭവ തുടങ്ങിയ അപൂർവങ്ങളായ റിസർച്ച് പ്രൊജക്റ്റ്‌ കളുടെയും ഭാഗമായി. 2018 മുതൽ യുക്മാ നാഷണൽ കലമേളയുടെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങി. യുക്മ സംഘടിപ്പിച്ച പല പരിപാടികളിലും നർത്തകി ആയും മഞ്ജു എത്തി. 
2025 ഒക്ടോബർ 4 നു റോയൽ ആൽബർട്ട് ഹാളിൽ നടന്ന Diwali @Royal Albert Hall എന്ന പരിപാടിയിൽ ട്രൈബൽ നൃത്തം അവതരിപ്പിച്ചു. 
കഴിഞ്ഞ എട്ടു വർഷത്തോളമായി ലാസ്യ രസ സ്കൂൾ of ഡാൻസ് എന്ന നൃത്ത വിദ്യാലയത്തിന്റെ സാരഥി ആയും മഞ്ജു പ്രവർത്തിക്കുന്നു. മഞ്ജുവിന്റെ ശിക്ഷണത്തിൽ യുകെയിലെ പല വേദികളിലും ശിഷ്യകൾ ഡാൻസ്  അവതരിപ്പിക്കുന്നു.
ഇപ്പോൾ വിദുഷി ജനനി സേതു വിന്റെ കീഴിൽ ഭരതനാട്യത്തിലും ഗുരു ജയപ്രഭ മേനോൻ ന്റെ ശിക്ഷണത്തിൽ മോഹിനിയാട്ടത്തിലും ഉപരിപഠനം നടത്തുന്നു. കൂടാതെ യുകെ പാർലിമെന്റ് ഇൽ നടന്ന വേൾഡ് ലാംഗ്വേജ് ഡേ ആഘോഷത്തിൽ മലയാളത്തിൽ സ്വന്തമായി രചിച്ച കവിത ഒന്നിലധികം തവണ അവതരിപ്പിക്കാനും സാധിച്ചു. അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി ക്ക് ആദരാജ്ഞലികൾ നേരാൻ വിവിധ സംഘടനകൾ ചേർന്ന് നടത്തിയ 'അശ്രുപൂജ' യിലും മഞ്ജു മലയാളത്തിൽ കവിത രചിച്ചു അവതരിപ്പിച്ചു. ലണ്ടൻ കലാഭവൻ കോവിഡ് സമയത്ത് സംഘടിപ്പിച്ച ധ്വനി, ഓണാഘോഷം തുടങ്ങിയ virtual നൃത്തവേദികളിലും മഞ്ജു പങ്കാളി ആയി. Malayali Association of Reading - MARC ന്റെ ഭാരവാഹി ആയും മഞ്ജു പ്രവർത്തിച്ചുണ്ട്.
പുരസ്‌കാരദാന ചടങ്ങുകളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകുന്ന ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ്മാരായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവർ അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിൻ്റെ വിലാസം:
PARK HALL RESORT & SPA,
PARK HALL ROAD,
CHARNOCK RICHARD
PRESTON, PR7 5LP.
Advertisment