/sathyam/media/media_files/2025/10/10/1-2025-10-10-21-45-24.jpg)
ബെഡ്ഫോർഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിലുള്ള കലാകാർക്ക് തങ്ങളുടെ പ്രതിഭയും, മികവും പുറത്തെടുക്കുവാനും, ഇതര കലാകാരുമായി മത്സരിക്കുവാനും, അവസരം ഒരുങ്ങുന്ന റീജണൽ കലാമേളക്കുള്ള റജിസ്‌ട്രേഷൻ ഒക്ടോബർ 11ന് ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് അവസാനിക്കും. വിവിധ അസോസിയേഷൻ ഭാരഭാഹികളുടെ അഭ്യർത്ഥന പ്രകാരമാണ് രജിസ്‌ട്രേഷൻ ഒരു ദിവസം കൂടി നീട്ടിയത്.
ഇനിയും രെജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലാത്തവർ തങ്ങളുടെ അസ്സോസ്സിയേഷനുമായി ബന്ധപ്പെട്ട് എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണൽ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കലാസ്വാദർക്കും, കലാകാർക്കും ഏറെ ആസ്വാദ്യമായ കലയുടെ മഴവിൽ വസന്തം വിരിയുന്ന 'റീജണൽ കലാമേള' ഒക്ടോബർ 18 ന് ശനിയാഴ്ച്ച റെയ്‌ലിയിൽ അരങ്ങേറും. എൽഇഡി സ്‌ക്രീനിന്റെ പശ്ചാത്തലത്തിൽ, നാലു സ്റ്റേജുകളിലായി നടത്തപ്പെടുന്ന വിവിധയിനം മത്സരങ്ങളിൽ തങ്ങളുടെ ആവനാഴിയിലെ ഏറ്റവും മികവുറ്റ പ്രതിഭ പുറത്തെടുക്കുമ്പോൾ, ഏറെ ആവേശകരമായ പോരാട്ടങ്ങൾക്കാവും വേദി സാക്ഷ്യം വഹിക്കുക.
23 അംഗ അസോസിയേഷനുകളിൽ നിന്ന് ആയിരത്തിലധികം കലാപ്രതിഭകൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ 'മഹാ കലോത്സവം' ഒക്ടോബർ 18 ന് ശനിയാഴ്ച റെയ്‌ലിയിൽ ദി സ്വയനെ പാർക്ക് സ്‌കൂൾ സ്റ്റേജുകളിൽ നിറഞ്ഞാടും. വലിയ ജനപങ്കാളിത്തത്തോടെയും അത്യാവേശകരമായ മത്സരങ്ങളിലൂടെയും ശ്രദ്ധേയമായ കലാമേളകളുടെ ഏറ്റവും മികവുറ്റ മത്സര വേദിയാവും ഇത്തവണ സാക്ഷ്യം വഹിക്കാനാവുക.
കലാസൗഹൃദ സദസ്സിനുമുന്നിൽ സ്വന്തം കലാപ്രതിഭ തെളിയിക്കാനും, മറ്റു കലാകാരുടെ അവതരണങ്ങൾ ആസ്വദിക്കുവാനും, സൗഹൃദവും, സഹകരണവും പങ്കുവെയ്ക്കാനുമുള്ള സുവർണ്ണാവസരമാവും കലാമേള സമ്മാനിക്കുക.അത്യാവേശകരമായ മത്സരങ്ങളും, കലാവൈവിധ്യത്തിന്റെ വിസ്മയവും നിറഞ്ഞ സുവർണവേളയായി റെയ്‌ലിയിലെ വേദി മാറുമ്പോൾ, എല്ലാ കലാസ്നേഹികളെയും, കലാകാരെയും ഏറെ വിസ്മയം പുൽകുന്ന കലോത്സവത്തിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ജോബിൻ ജോർജ് - 07574674480
ജെയ്‌സൺ ചാക്കോച്ചൻ - 07359477189
ഭുവനേഷ് പീതാബരൻ - 07862273000
സുമേഷ് അരവിന്ദാക്ഷൻ - 07795977571