യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 സോജൻ ജോസഫ് എം.പി ഫ്ളാഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും.

New Update
1000263075
യു കെ : യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 റോഥർഹാം മാൻവേഴ്സ് ലെയ്ക്കിൽ ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ പ്രവാസി മലയാളികളുടെ അഭിമാനം സോജൻ ജോസഫ് എം പി ഫ്ളാഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും. 31 ടീമുകൾ പൊതു വിഭാഗത്തിലും 11 ടീമുകൾ വനിത വിഭാഗത്തിലും അണി നിരക്കുന്ന ഏഴാമത് യുക്മ വള്ളംകളി യുകെ മലയാളികൾ ഏറെ ആവേശപൂർവ്വം കാത്തിരിക്കുകയാണ്.
Advertisment
കെൻ്റിലെ ആഷ്ഫോർഡിൽ നിന്ന്, ബ്രിട്ടീഷ് പർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായ സോജൻ ജോസഫ് പ്രവാസി മലയാളികളുടെ അഭിമാനമാണ്. യുകെ മലയാളികൾക്ക് സുപരിചിതനായ സോജൻ ജോസഫ് വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മണ്ഡലത്തിലെ സജീവ പ്രവർത്തനങ്ങൾ കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആർജജിച്ച് കഴിഞ്ഞു. 
കോട്ടയം ഓണംതുരുത്ത് സ്വദേശിയായ സോജൻ ജോസഫ് കൺസർവേറ്റീവ് പാർട്ടിയുടെ 139 വർഷത്തെ കുത്തക തകർത്താണ് ആഷ്ഫോർഡിൽ 1799 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം വരിച്ചത്. മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ നേരിടുന്ന വിഷയങ്ങളിൽ വളരെ സജീവമായി ഇടപെടുന്ന സോജൻ  ജോസഫ് പാർലമെൻ്ററി പ്രവർത്തനങ്ങളിലും ഏറെ മികവ് തെളിയിച്ച് കഴിഞ്ഞു.
യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള വിവിധ കലാപരിപാടികളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറ് കണക്കിന് കലാകാരൻമാരും കലാകാരികളുമാണ് വേദിയിൽ അണിനിരക്കുന്നത്. തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി മത്സരം, തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ്, ചിലമ്പ് നാടൻപാട്ട് ബാൻഡ്, ചെണ്ടമേളം, തെയ്യം, പുലികളി എന്നിവയോടൊപ്പം വിവിധ തരം നൃത്ത നൃത്യങ്ങൾ എന്നിവയൊക്കെ ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു. 
യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ദേശീയ ഭാരവാഹികളായ ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, ഡോ.ബിജു പെരിങ്ങത്തറ, ജനറൽ കൺവീനർ ഡിക്സ് ജോർജ്ജ്, യുക്മ ദേശീയ സമിതി അംഗങ്ങൾ, റീജിയണൽ ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വള്ളംകളിയുടെ അവസാനഘട്ട തയ്യാറെടുപ്പുകൾ നടത്തി വരുന്നു.
Advertisment