/sathyam/media/media_files/GDeVNdsvxvBVSK3f98xY.jpg)
ചിക്കാഗൊ: ചിക്കാഗൊ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹാർവെസ്ററ് ഫെസ്റ്റിവൽ "തീരം 23" ആഗസ്ററ് 12-ന് ശനിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ ചിക്കാഗൊ മാർത്തോമ്മാ ദേവാലയങ്കണത്തിൽ വെച്ച് നടത്തപ്പെടും. ന്യൂയോർക്ക് യൂത്ത് മിനിസ്ട്രി ചാപ്ലൈൻ റവ. ജെസ്സ് എം. ജോർജ്ജ് "തീരം 23" എന്ന കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. "ഭവന രഹിതർക്ക് ഒരു ഭവനം" എന്ന പദ്ധതിയുടെ ധനശേഖരണാർത്ഥം നടത്തപ്പെടുന്ന ഈ പരിപാടിയിലൂടെ സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്വന്തമായൊരു ഭവനം എന്ന സ്വപ്നം യാഥാർഥ്യമാക്കുകയാണ്.
മുൻവർഷങ്ങളിൽ ഈ പദ്ധതിയിലൂടെ ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം മുന്നൂറോളം കുടുംബങ്ങൾക്ക് ഭവന നിർമ്മാണ സഹായം നൽകിയിട്ടുണ്ട്. നോർത്ത് അമേരിക്കയിലെ ആദ്യകാല മാർത്തോമ്മാ വിശ്വാസ സമൂഹത്തിന്റെ ഭാഗമായി ചിക്കാഗോയിൽ ആരാധന ആരംഭിച്ചതിന്റെ ജൂബിലി വർഷത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ഹാർവെസ്ററ് ഫെസ്റ്റിവലിൽ കൂടുതൽ വർണ്ണാഭമായ പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കാർഷിക വിപണന മേള, കേരളത്തിന്റെ തനതായ ഭക്ഷണങ്ങളുടെ സ്റ്റാളുകൾ അതോടൊപ്പം ചിക്കാഗൊ മാർത്തോമ്മാ ഇടവകയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന മികവുറ്റ കലാപരിപാടികൾ എന്നിവ "തീരം 23" എന്ന പരിപാടിയെ കൂടുതൽ ആസ്വാദ്യകരമാക്കും. ചിക്കാഗൊ മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ. എബി എം. തരകൻ, വൈസ് പ്രസിഡന്റ് റവ. ഷെറിൻ വി. ഉമ്മൻ, ജനറൽ കൺവീനർ ലിനു എം. ജോസഫ്, ജിബിൻ വൈ. ജോർജ്ജ്, ജോജി എബ്രഹാം, കെസിയ റേച്ചൽ ബൈജു, അജു മാത്യു, ജോമി റോഷൻ വർഗീസ്, സാറ ജോർജ്ജ്, ആൽബിൻ ജോർജ്ജ്, റെജു ചെറിയാൻ, റോയ് തോമസ്, സന്തോഷ് വി. ജോർജ്ജ് എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റിയാണ് ക്രമീകരണങ്ങൾക്ക് നേത്രത്വം നൽകുന്നത്.
ചെറിയ തിരകളായ നാം ഒന്നിച്ചു ചേർന്ന് സമൂഹത്തിൽ പിന്തള്ളപ്പെട്ടവർക്ക് പ്രതീക്ഷയും സുരക്ഷിതത്വവും നൽകുന്ന പുത്തൻ തീരങ്ങൾ തീർക്കുവാൻ കൈകോർക്കുന്ന "തീരം 23" എന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us