/sathyam/media/media_files/toJpn2hxdidKv7iU3zuD.jpg)
മക്ക: മിതത്വത്തിന്റെയും വിവേകത്തിന്റെയും സന്ദേശത്തിലേക്ക് മുസ്‌ലിം ലോകം മടങ്ങണമെന്ന ആഹ്വാനവുമായി ദ്വിദിന ലോക പണ്ഡിത സമ്മേളനം മക്കയിൽ തുടങ്ങി. ആശയവിനിമയത്തിലൂടെ മുസ്‌ലിം ലോകത്തിന്റെ പ്രയത്നങ്ങൾ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഭിന്നതകളും വിഭാഗീയതയും ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിൽ നിന്നും മുസ്‌ലിം സമൂഹത്തെ തടയും. ഇസ്‌ലാമിക ആശയങ്ങളെ രാഷ്ട്രീയമായി വ്യഖ്യാനിച്ചവരും അതിനു സിദ്ധാന്തങ്ങൾ ചമച്ചവരുമാണ് ഇസ്‌ലാമിന്റെ മുഖം വികൃതമാക്കാൻ കൂട്ടുനിന്നത്. അവരുടെ സിദ്ധാന്തങ്ങൾ മുസ്‌ലിം ലോകത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല. ഇസ്‌ലാമിന്റെ സഹിഷ്ണുതയുടെ സന്ദേശവാഹകരാകാൻ മുസ്‌ലിം നേതാക്കളോട് സമ്മേളനം ആവശ്യപ്പെട്ടു.
തീവ്രചിന്തകളും അവിവേകവും മുസ്‌ലിം സമൂഹത്തെ തകർക്കുമെന്ന് മനസ്സിലാക്കണം. മിതത്വം എല്ലാ മേഖലകളിലും തെളിഞ്ഞു കാണണം. തീവ്രചിന്തകളും ഭീകര പ്രവർത്തനങ്ങളും സുഊദി അറേബ്യ ശക്തമായി എതിർക്കുന്നതായി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മത കാര്യ വകുപ്പ് മന്ത്രി ഡോ.അബ്ദുൽ ലത്വീഫ് ആലു ശൈഖ് പറഞ്ഞു. ഇസ്‌ലാമിന്റെ ശരിയായ മൂല്യങ്ങൾ ജീവിതത്തിലൂടെ സമൂഹത്തിൽ പ്രചരിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്‌തു. യഥാർത്ഥ വിശ്വാസത്തിലേക്കും പ്രവാചകചര്യയിലേക്കും സമൂഹത്തെ ക്ഷണിക്കണം. അന്ധവിശ്വാസങ്ങളും കെട്ടു കഥകളും മതത്തിന്റെ പേരിൽ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/media_files/upaPA6qZZ8TL1lRBYoAJ.jpg)
മുസ്‌ലിം സംഘടനകൾ ഇസ്‌ലാമിക ഐക്യം, മുസ്‌ലിംകൂട്ടായ്മകൾ തമ്മിലുള്ള ആശയവിനിമയം: നിലവിലെ സാഹചര്യം പ്രതീക്ഷകൾ,
ജനങ്ങൾക്കിടയിൽ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുസ്‌ലിം കൂട്ടായ്മകളുടെ
ശ്രമങ്ങൾ, ഖുർആനും പ്രവാചകചര്യയും അനുധാവനം ചെയ്യുന്നതിലുള്ള ജാഗ്രത, ഖുർആനും പ്രവാചകചര്യയും മുന്നോട്ടു വയ്ക്കുന്ന മിതത്വത്തിന്റെ സന്ദേശം, തീവ്രചിന്തകളും ഭീകരവാദവും ചെറുക്കുന്നതിൽ മുസ്‌ലിം കൂട്ടായ്മകളുടെയും മതനേതൃത്വത്തിന്റെയും പങ്ക്, മതനിരാസം, വ്യതിയാനങ്ങൾ എന്നിവയിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാനുള്ള മുസ്‌ലിം സംഘടനകളുടെ ശ്രമങ്ങൾ തുടങ്ങിയ ഏഴ് പ്രധാന തലകെട്ടുകളിൽ ഊന്നിയാണ് സമ്മേളനത്തിൽ ചർച്ച നടക്കുന്നത്. പണ്ഡിതർ ,മുഫ്തിമാർ വിവിധ യൂണിവേഴ്‌സിറ്റികളിലെ അക്കാദമിക് വിദഗ്ദർ,ചിന്തകർ നേതാക്കൾ ,മന്ത്രിമാർ തുടങ്ങി 85 രാഷ്ട്രങ്ങളിൽ നിന്നും 150 പ്രമുഖർ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഏഴു സെഷനുകളിൽ പ്രബന്ധ അവതരണവും തുറന്ന ചർച്ചയും നടക്കും.
ഇന്ത്യയിൽ നിന്നും വിവിധ മേഖലകളിൽ പ്രമുഖരായ എട്ട് പണ്ഡിതർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ആൾ ഇന്ത്യ അഹ്‌ലെ ഹദീസ് പ്രസിഡന്റ് അസ്ഗർ അലി ഇമാം മഹ്ദി അസ്സലഫി, കെ എൻ എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ, കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, ജാമിഅ മുഹമ്മദിയ്യ മുംബൈ ചെയർമാൻ മൗലാനാ അർഷദ് മുഖ്താർ, ജാമിഅ ഇസ്‌ലാമിയ്യ സനാബിൽ ഡൽഹി ചെയർമാൻ മൗലാന മുഹമ്മദ് റഹ്മാനി, അഹ്‌ലെ ഹദീസ് പണ്ഡിതൻ ശൈഖ് അബ്ദുലത്വീഫ് കിൻദി ശ്രീനഗർ,
ശൈഖ് അബ്ദുസലാം സലഫി മുംബൈ, മൗലാന അസ്അദ് അഹ്സമി ജാമിഅ സലഫിയ്യ ബനാറസ്, എന്നിവരാണ് ഇന്ത്യയിൽ നിന്നും സമ്മേളനത്തിൽ പങ്കെടുക്കുന്ന നേതാക്കൾ.
ഇസ്‌ലാമിക സമൂഹത്തിൽ ഐക്യവും ക്രിയാത്മകമായ ആശയസംവാദവും ആശയ വിനിമയവും വഴി മുസ്‌ലിംലോകത്തെ പണ്ഡിതരുടെ പ്രായത്നങ്ങളെ ഒരേ ലക്ഷ്യത്തിലേക്ക് എത്തിക്കുകയുമെന്ന സുഊദിയുടെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് ദ്വിദിന സമ്മേളനം. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us