കോവിഡ് ബാധയുടെ പ്രകമ്പനം മാറാത്ത ദുബായ്… പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ – ആഫ്രിക്കൻ സഫാരി

ജോയ് ഡാനിയേല്‍, ദുബായ്
Wednesday, July 15, 2020

കോവിഡ് ബാധയുടെ പ്രകമ്പനം മാറാത്ത ദുബായ്. രാവിലെ മെട്രോയിൽനിന്നും സോഷ്യൽ ഡിസ്റ്റൻസ് പാലിച്ച് പുറത്തിറങ്ങി.

അപ്പോൾ ഒരു നൈജീരിയക്കാരൻ “അസലാമു അലൈകും…” പറഞ്ഞ് ഓടിവന്നു. ഞാൻ മറുപടി പറയുമ്പോൾ ഉള്ളംകൈ അയാൾ തുറന്നു കാണിച്ചു. കയ്യിൽ ദുബായ് മെട്രാ ട്രെയിനിൻറെ ഒരു ‘നോൽ’ കാർഡ്. ഒപ്പം രണ്ട് ദിർഹത്തിന്റെ കോയിനുകൾ. ആ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കുമ്പോൾ ദയനീയമായ വാക്കുകൾ.

“സാർ, കയ്യിൽ പണമില്ല. എനിക്ക് മെട്രോ കാർഡ് റീചാർജ്ജ് ചെയ്യുവാൻ മൂന്ന് ദിർഹം തരുമോ?” പാവം പറഞ്ഞത് സത്യമാണ്, മിനിമം അഞ്ച് ദിർഹം ഇല്ലാതെ കാർഡ് റീചാർജ്ജ് ചെയ്യാനാകില്ല. ചെറുചിരിയോടെ പോക്കറ്റിൽ പരാതിയപ്പോൾ ഒരു ദിർഹം മാത്രം. പേഴ്‌സ് തുറന്നു. അതിൽ ഡെബിറ്റും ക്രെഡിറ്റും കാർഡുകൾ അല്ലാതെ ഒന്നുമില്ല. പാവം, പൊരിവെയിലത്ത് മൂന്ന് ദിർഹം ചോദിച്ചിട്ട് കൊടുത്തില്ലെങ്കിൽ എന്ത് മനുഷ്യത്വം? മറ്റൊരു രാജ്യക്കാരാണെങ്കിലും ഇവനും അന്നത്തിന് വേണ്ടി പ്രവാസിയായതല്ലേ?.

ഒരു നിമിഷം ആലോചിച്ചു. പിന്നെ അവനോട് ചോദിച്ചു “ഫ്രണ്ട്, നിങ്ങളുടെ മെട്രോ കാർഡിൽ എത്ര ദിർഹം ഇപ്പോൾ ഉണ്ടാകും?” മെലിഞ്ഞ നൈജീരിയക്കാരൻ എന്നെ ആപാദചൂഡം സ്‌കാൻ നടത്തി എളിമ കൈവിടാതെ തുടർന്നു. “സാർ, നാലോ അഞ്ചോ ദിർഹം” ശരിയാണ്. കാർഡിൽ മിനിമം ഏഴ് ദിർഹത്തിൽ കൂടുതൽ വേണം യാത്രചെയ്യാൻ. അപ്പോൾ എൻറെ ‘വലിയബുദ്ധി’ പ്രവർത്തിച്ചു. പിന്നെ പറഞ്ഞു.

“എൻറെ മെട്രോ കാർഡ് ഇന്ന് രാവിലെ അമ്പത് ദിർഹത്തിന് റീചാർജ്ജ് ചെയ്തതാണ്. നീ ഒരു കാര്യം ചെയ്യൂ, നിന്റെ അഞ്ച് ദിർഹം ഉള്ള കാർഡ് എനിക്ക് തന്നിട്ട് പകരം എൻറെ കാർഡ് എടുത്തോ” പേഴ്സിൽ നിന്നും കാർഡ് എടുത്ത് അവൻറെ നേരെ നീട്ടി. മൂന്നിന് പകരം അമ്പത് ദിർഹത്തിന്റെ മുതലാണ് കൊടുക്കുന്നത്. ഒരു നല്ല കാര്യത്തിനല്ലേ? ഒരു പാവത്തിനെ സഹായിച്ചു എന്ന സന്തോഷം ചെറുതല്ലല്ലോ. അവൻ മടിച്ച് മടിച്ച് കാർഡ് വാങ്ങി, അവൻറെ കാർഡ് പകരം നൽകി. ഞാൻ ചിരിച്ചു, അവനും. പിന്നെ ദൃഷ്ടിയിൽ നിന്നും ആ ആഫ്രിക്കക്കാരൻ മറഞ്ഞു.

വൈകുന്നേരം ജോലി കഴിഞ്ഞ് തിരികെ പോകുമ്പോൾ നാലോ അഞ്ചോ ദിർഹമുണ്ടെന്ന് പറഞ്ഞ കാർഡ് റീചാർജ്ജ് ചെയ്യാൻ മെട്രോയിലെ മെഷീനിൽ ഇട്ട് ബാലൻസ് നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല.

മൂന്ന് ദിർഹം ബാലൻസ് ഉണ്ടെന്ന് പറഞ്ഞ നൈജീരിയക്കാരന്റെ കാർഡിൽ ബാലൻസ് മുപ്പത് ദിർഹം!!

എനിക്ക് നഷ്ടം ഇരുപത്, പക്ഷെ അപ്പോൾ അതല്ല ചിന്തയിലേക്ക് വന്നത്. അവൻ എന്തിനാണ് മൂന്ന് രൂപയ്ക്കുവേണ്ടി കൈ നീട്ടിയത്?

 

×