ദേശീയ അഖണ്ഡ ജപമാല യജ്ഞത്തിൽ പങ്കാളിയാകാൻ ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയും; ജപമാല യജ്ഞം ഞായറാഴ്ച വൈകിട്ട് 8 മണിക്ക്

ന്യൂസ് ബ്യൂറോ, യു കെ
Sunday, May 30, 2021

ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം ബസ്‌ലിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദേശീയ ജപമാലയജ്ഞത്തിൽ ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയും പങ്കുചേരുന്നു. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ രൂപതകൾ ഒരുമിക്കുന്ന അഖണ്ഡ ജപമാല യജ്ഞത്തിലാണ് സീറോ മലബാർ വിശ്വാസികളും പങ്കുചേരുന്നത്.

2021 മെയ് 30 ഞായറാഴ്ച രാവിലെ 9.00 മുതൽ രാത്രി 9.00 വരെ നടത്തപ്പെടുന്ന ദേശീയ രൂപത ജപമാല റിലേ റാലിയുടെ ഭാഗമായി വൈകിട്ട് 8 മണി മുതൽ 9 മണിവരെയാണ് ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർരൂപത പങ്കുചേരുന്നത്.

പ്രതിസന്ധികളിൽ ഉഴലുന്ന ലോകത്തിന് ആശ്വാസവും പ്രതീക്ഷയുമായി നിലകൊള്ളുന്ന പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിച്ച് ഒരു രാജ്യം മുഴുവനായി ഒന്നുചേരുന്ന ഈ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷയിൽ ഏവരും പങ്കുചേരണമെന്ന് രുപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

രൂപതയുടെ നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയമായ വൈകിട്ട് 8 മണി മുതൽ 9 മണി വരെ പ്രെസ്റ്റൺ കത്തീഡ്രലിൽ നിന്നും CSMEGB യൂട്യൂബ് ചാനലിലൂടെ ലൈവ്‌ സ്ട്രീമിംഗ് ഉണ്ടായിരിക്കുമെന്നും രൂപതാകേന്ദ്രത്തിൽ നിന്നും അറിയിച്ചു.

 

×