/sathyam/media/post_attachments/UCbGmLhzLBAD2IpfmQvC.jpg)
പാലക്കാട്: കോവിഡ്19 ലോക്ക്ഡൗൺ കാലത്ത് കെട്ടിട നിർമാണ സാമഗ്രികളുടെ ഡിമാന്റ് കുറഞ്ഞിട്ടും നിർമാണ മേഖലക്ക് ആവശ്യമായ സിമെന്റ്, കമ്പി, മെറ്റൽ, എംസാന്റ് തുടങ്ങിയവയുടെ വില ക്രമാതീതമായി വർദ്ധിക്കുന്ന നടപടി അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കണമെന്ന് എ ഐ ടി യു സി നേതാക്കൾ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
സാമഗ്രികളുടെ വില വർധനവ് മൂലം നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലാണ്. സാധാരണക്കാരും ഇടത്തരം കരാർ തൊഴിലാളികളുമാണ് ബുദ്ധിമുട്ടിലായത്.സാധന സാമഗ്രികളുടെ വിലക്കയറ്റം കാരണം പല കെട്ടിട നിർമ്മാണവും അനിശ്ചിതത്വത്തിലായി.
ലോക്ക് ഡൗണിന് ശേഷം നിശ്ചലമായ നിർമ്മാണ മേഖലയ്ക്ക് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആറുമാസം കൊണ്ടുതന്നെ പിടിച്ചു നിൽക്കാനായി.എന്നാൽ അവശ്യ വസ്തുക്കളുടെ വില ഇപ്പോൾ കൂടി കൊണ്ടിരിക്കുന്നത് വലിയ വെല്ലുവിളിയാണ്.
സർക്കാരിന് കീഴിലുള്ള മലബാർ സിമന്റ്സിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തിയാൽ തന്നെ സംസ്ഥാനത്തെ സിമന്റ് ക്ഷാമത്തിനും ആ പേരിൽ കുത്തക കമ്പനികൾ നടത്തുന്ന തീവെട്ടി കൊള്ളക്കും അവസാനമാകും.
നിർമ്മാണ സാമഗ്രികളുടെ വില വർധനവിനെ തുടർന്ന് ഈ മേഖല സ്തംഭനാവസ്ഥയിലാണ്. എം സാന്റ് യൂണിറ്റിനുള്ള തുകയും കമ്പി വിലയും അടുത്തിടെ കൂടി. നിർമ്മാണ സാമഗ്രികളുടെ വില അധികാരികൾ നിയന്ത്രിക്കണം.
സാധന സാമഗ്രികളുടെ വിലനിലവാരം ചിട്ടപ്പെടുത്തി ഈ പകൽകൊള്ള അവസാനിപ്പിക്കണമെന്ന് കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ (എഐടിയുസി) ജില്ലാ പ്രസിഡന്റ് കെ.സി. ജയപാലൻ, സംസ്ഥാന സെക്രട്ടറി പി.ശിവദാസൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.