ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്തോ- പാക് തര്‍ക്കം പരിഹരിക്കാന്‍ രാജ്യാന്തര തലത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനു മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആശയറ്റതാണെന്നും വളരുന്ന നിരാശയാണ് ഇതു കാണിക്കുന്നതെന്നും ഇന്ത്യ മറുപടി നല്‍കി.
/sathyam/media/post_attachments/3YSnwKUQD8dz2VsA3uJK.jpg)
ഭീകരവാദത്തില്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് രാജ്യാന്തര സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഭീകരവാദത്തെ ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണു വേണ്ടതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ആണവായുധങ്ങള്‍ കൈവശമുള്ള രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം തടയുന്നതിനു രാജ്യാന്തര തലത്തില്‍ ഇടപെടല്‍ വേണമെന്നായിരുന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍. ദാവോസില്‍ ഇന്ത്യയെക്കുറിച്ചും ഇന്തോ- പാക് ബന്ധത്തെക്കുറിച്ചും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി എന്താണു പറഞ്ഞതെന്ന് എല്ലാവരും കണ്ടതാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ അദ്ഭുതം തോന്നുന്നു. ഇമ്രാന്‍ ഖാന്‍ പറഞ്ഞതില്‍ പുതുമയില്ല. പ്രതീക്ഷ നഷ്ടപ്പെടുന്നതായാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ കാണിക്കുന്നത്. അവ പരസ്പര വിരുദ്ധവുമായിരുന്നു- രവീഷ് കുമാര്‍ വ്യക്തമാക്കി.
പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് നയം രാജ്യാന്തര സമൂഹം കാണുന്നതായി പാക്കിസ്ഥാന്‍ തിരിച്ചറിയണം. ഒരു വശത്ത് ഭീകരതയുടെ ഇരകളായി അവര്‍ നടിക്കുകയാണ്. അതേസമയം ഇന്ത്യയില്‍ ഭീകരര്‍ക്കു പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇന്ത്യയുമായുള്ള ബന്ധം സാധാരണ രീതിയില്‍ കൊണ്ടുവരണമെന്ന് പാക്കിസ്ഥാന്‍ ഗൗരവമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭീകരത അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്. രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ ഇറക്കുന്നതിനു പകരം സ്വന്തം മണ്ണിലെ ഭീകര സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയാണു ചെയ്യേണ്ടത്.
പാക്കിസ്ഥാനില്‍ എന്താണു നടക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ എന്താണു സംഭവിക്കുന്നതെന്ന കാര്യത്തില്‍ പാക്കിസ്ഥാന്റെ ഉപദേശം ഞങ്ങള്‍ക്ക് ആവശ്യമില്ല- വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു. യുഎന്നും യുഎസും ഇന്ത്യ- പാക്കിസ്ഥാന്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നായിരുന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us