മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ പുഴയുടെ ഒഴുക്കിനെ ബാധിക്കില്ല, മാറ്റണമെന്ന വാദത്തില്‍ കഴമ്പില്ല; പി.ടി.എ റഹീം എം.എല്‍.എ

New Update

publive-image

കോഴിക്കോട്‌; പുള്ളാവൂരില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റണമെന്ന വാദത്തില്‍ കഴമ്പില്ലെന്ന്‌ അഡ്വ.പി.ടി.എ റഹീം എം.എല്‍.എ. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകള്‍ ഉയര്‍ത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ലെന്നും മെസ്സിക്കും നെയ്മര്‍ക്കും ഫുട്ബാള്‍ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisment

കുറിപ്പിന്റെ പൂര്‍ണരൂപം: ''പുള്ളാവൂരില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റണമെന്ന വാദത്തില്‍ കഴമ്ബില്ല. കട്ടൗട്ടുകള്‍ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൊടുവള്ളി നഗരസഭയുടെയും അതിര്‍ത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ല. എന്‍.ഐ.ടിയുടെ കുടിവെള്ള സംവിധാനത്തിനുവേണ്ടി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭാഗമാണിത്.

എന്‍.ഐ.ടിയുടെ ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള സ്ഥലത്ത് സ്ഥാപിച്ച കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അവിടെ സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ടതാണ്. ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകള്‍ ഉയര്‍ത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല. ഈ വിഷയത്തില്‍ മെസ്സിക്കും നെയ്മര്‍ക്കും ഫുട്ബാള്‍ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പമാണ്. ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന കാല്‍പന്ത് കളിക്കൊപ്പമാണ്'' എന്നിങ്ങനെയാണ് കുറിപ്പ്.

ലോകം മുഴുവന്‍ വൈറലായ പുള്ളാവൂര്‍ ചെറുപുഴയിലെ മെസ്സി, നെയ്മര്‍ കട്ടൗട്ടുകള്‍ മാറ്റാന്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഫാന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുംവിധം നിയമം ലംഘിച്ച്‌ സ്ഥാപിച്ച കട്ടൗട്ടുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ശ്രീജിത് പെരുമനയാണ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഓണ്‍ലൈനില്‍ പരാതി നല്‍കിയത്. എത്രയും പെട്ടെന്ന് നീക്കാന്‍ നടപടിയെടുക്കണമെന്നും എന്ത് നടപടിയാണ് എടുത്തതെന്ന വിവരം രേഖാമൂലം അറിയിക്കണമെന്നും പരാതിയിലുണ്ട്. നടപടിയെടുക്കാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പരാതിയിലുണ്ടായിരുന്നു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി അവധിയിലായതിനാല്‍ ജൂനിയര്‍ സൂപ്രണ്ട് സ്ഥലത്തെത്തുകയും കട്ടൗട്ട് സ്ഥാപിച്ചവരോട് ഇത് നീക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതേസമയം, കട്ടൗട്ടുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ഗഫൂര്‍ പിന്നീട് വിശദീകരിച്ചു. ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. കട്ടൗട്ടുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടൗട്ടുകള്‍ മാറ്റില്ലെന്ന നിലപാടിലാണ് ആരാധകരും.

അതേസമയം, പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് വാദിച്ച്‌ കൊടുവള്ളി നഗരസഭ ചെയര്‍മാന്‍ രംഗത്തെത്തിയിരുന്നു. ഫുട്ബാള്‍ ആരാധകര്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ സംബന്ധിച്ച്‌ ഒരു പരാതിയും നഗരസഭക്ക് ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാലും ഫുട്ബാള്‍ ആരാധകര്‍ക്ക് അനുകൂലമായേ നഗരസഭ നില്‍ക്കൂ. കട്ടൗട്ടുകള്‍ പുഴക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കട്ടൗട്ടുകള്‍ എടുത്ത് മാറ്റില്ലെന്നും മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും നിയമപ്രശ്നം ഉയര്‍ന്നാല്‍ അപ്പോള്‍ അലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലാണ് പുള്ളാവൂരിലെ ഫാന്‍സുകാര്‍ മെസ്സിയുടെയും നെയ്മറിന്‍റെയും കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചത്. ആദ്യം അര്‍ജന്റീന ഫാന്‍സുകാര്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് പുഴയുടെ നടുവിലെ തുരുത്തില്‍ സ്ഥാപിക്കുകയായിരുന്നു. ഇത് ലോകം മുഴുവന്‍ വൈറലായി. തൊട്ടടുത്ത ദിവസം ബ്രസീല്‍ ഫാന്‍സുകാര്‍ നെയ്മറുടെ കട്ടൗട്ട് പുഴയുടെ തീരത്ത് സ്ഥാപിച്ചു. ഇതും വൈറലായതോടെ ഇവ കാണാന്‍ പ്രദേശത്തേക്ക് നാട്ടുകാരുടെ ഒഴുക്കാണ്.

Advertisment