ദില്ലി: ഇന്ത്യ-പാക് അക്രമം നടന്ന സ്ഥലങ്ങളുടെ പേരുകള്‍ സിനിമയ്ക്കിടാന്‍ ബോളിവുഡില്‍ നിര്‍മ്മാതാക്കളുടെ മത്സരം നടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമാക്കി നിര്‍മ്മിച്ച ഉറി: ദ സര്‍ജിക്കല്‍ സട്രൈക്ക് മികച്ച വിജയമാണ് ഇന്ത്യയില്‍ നേടിയത്.
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം, നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നല്‍കിയ തിരിച്ചടി അഭിനന്ദന്‍ വര്‍ധന്‍ പാകിസ്താന്റെ കൈയ്യില്‍ അകപ്പെട്ടത് എന്നീ വിഷയങ്ങള്‍ ആധാരമാക്കി സിനിമകള്‍ നിര്‍മ്മിക്കാനുള്ള തിരക്കുകളാണ് ബോളിവുഡില്‍ നടക്കുന്നത്.
ഇതിനായി പേരുകള്‍ നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്യാനുള്ള മത്സരമാണ് ബോളിവുഡില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഇന്ത്യ-പാക് തമ്മിലുള്ള പ്രശ്‌നങ്ങളും മറ്റും സിനിമകളായി എത്തും. പുല്‍വാമയില്‍ ഭീകരാക്രമണം നടന്നതിന് ശേഷം യുദ്ധ സിനിമകളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരുപാട് അപേക്ഷകള്‍ ലഭിച്ചതായി ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു.