മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് മത്തന്‍ കൊണ്ടുള്ള എരിശ്ശേരി. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി എന്നീ വിറ്റാമിനുകള്‍ മത്തനില്‍ ധാരാളമുണ്ട്. തയമിന്‍, ഇരുമ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് മത്തന്‍. പൊണ്ണത്തടി കുറയ്ക്കാനും മുടി വളരുന്നതിനും മത്തന്‍ സഹായിക്കും. പ്രമേഹത്തിന് എതിരേയും മത്തന്‍ പ്രവര്‍ത്തിക്കുന്നു.
/sathyam/media/post_attachments/9PAjlN8FExb6sDW9SDEa.jpg)
ജനുവരി – മാര്‍ച്ച്, സെപ്റ്റംബര്‍ – ഡിസംബര്‍ മാസങ്ങളിലാണ് മത്തന്‍ കൃഷി ചെയ്യാന്‍ പറ്റിയ സമയം. രണ്ടടി സമചതുരത്തില്‍ ജൈവവളങ്ങള്‍ കൂട്ടി കലര്‍ത്തി വേണം തടങ്ങള്‍ തയ്യാറാക്കാന്‍. തടങ്ങള്‍ തമ്മില്‍ 3 മീറ്റര്‍ അകലം പാലിക്കുന്നത് നല്ലത്. ഒരു തടത്തില്‍ മൂന്നോ നാലോ വിത്തുകള്‍ പാകാം. 10 മുതല്‍ 20 ദിവസം കൊണ്ട് മത്തന്‍ വള്ളി വീശി തുടങ്ങും. പത്ത് ദിവസം കൂടുമ്പോള്‍ വളപ്രയോഗം നടത്താം.
സെന്റ് ഒന്നിന് 30 കിലോ കാലിവളം, മണ്ണിര കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. 15 ദിവസം കഴിയുമ്പോള്‍ 100 ഗ്രാം കടലപ്പിണ്ണാക്ക് അല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് രണ്ട് കിലോ ചാരവുമായി കൂട്ടിക്കലര്‍ത്തി തടത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. വേനല്‍ കാലത്ത് നനച്ചുകൊടുത്താല്‍ ഇരട്ടി വിളവ് ലഭിക്കും. കോഴിക്കാഷ്ഠം, ചാണകപ്പൊടി, എന്നിവയിലേതെങ്കിലും ഒന്ന് മണ്ണില്‍ ചേര്‍ത്ത് പൊടിമണ്ണ് വിതറിക്കൊടുക്കുന്നത് വളരെ ഫലപ്രദമാണ്. പച്ചചാണകം-കടലപ്പിണ്ണാക്ക് ലായനി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത് വലിയ മത്തന്‍ ഉണ്ടാവാന്‍ സഹായിക്കും. സ്യൂഡോമോണസ് ലായനിയും ചുവട്ടില്‍ ഒഴിച്ച് കൊടുത്താല്‍ തണ്ടു ചീയലിനെ പ്രതിരോധിക്കാം.
ഇനങ്ങള്‍
നല്ലയിനം വിത്തുകളായ ഷുഗര്‍ ബേബി, അര്‍ക്കസൂര്യകാന്തി, അര്‍ക്ക ചന്ദ്രന്‍, സുവര്‍ണ്ണ, സിഒ -1, സിഒ- 2, അമ്പിളി തുടങ്ങിയവയാണ് ബാക്റ്റീരിയല്‍ വാട്ടത്തെ ചെറുക്കുന്ന വിത്തുകള്‍.