/sathyam/media/post_attachments/ZRNjtoeTU1zXmucnmSfX.jpg)
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി നിസംഗത വെടിയണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. കോവിഡ്-19 രണ്ടാം ഘട്ട വ്യാപനത്തെ സംസ്ഥാന വ്യാപകമായി പിടിച്ചു നിർത്താൻ സാധിച്ചെങ്കിലും പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനം ഫലപ്രദമല്ലാത്തതിനാൽ രോഗികളുടെ എണ്ണം ഭീമമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
കേസുകളുടെ എണ്ണം വർദ്ധിക്കുന്ന മേഖലയിൽ മൈക്രോ കണ്ടെയ്മെന്റ് ഏരിയയുടെ മാപ്പിംഗ് തയാറാക്കുന്നതിനോ വ്യാപനം കുറയുന്നത് വരെ അടച്ചിടുന്നതിനോ യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിക്കുന്നില്ല. റൂട്ട് മാപ്പും പ്രൈമറി സെക്കണ്ടറി സമ്പർക്ക പട്ടികയും തയാറാക്കി അവരെ കോറണ്ടെയ്ൻ ചെയ്ത് ലക്ഷണമുളളവരെ ടെസ്റ്റിന് വിധേയമാക്കുന്നതിനും ചിട്ടയായ ഒരു പ്രവർത്തിയും നടക്കുന്നില്ല.
വാർഡ് തലത്തിൽ അർആർടി യോഗം വിളിച്ചു ചേർക്കുന്നതിനോ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിപ്പിക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലയെന്നും സാമൂഹ്യ മാധ്യമങ്ങളിൽ ചില നിർദ്ദേശങ്ങൾ തയാറാക്കി അയച്ചാൽ എല്ലാം പൂർത്തിയായി എന്ന രീതിയിലാണ് ഭരണ സമിതിയുടെ പ്രവർത്തനമെന്നും എല്‍ഡിഎഫ് പഞ്ചായത്ത് കമ്മറ്റി കുറ്റപ്പെടുത്തി.
എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് കൂട്ടായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തുനിയാതെ സങ്കുചിത രാഷ്ട്രീയ നിലപാടുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിൽ നിന്നും ഭരണ സമിതി പിന്തിരിയണമെന്നും അനാസ്ഥ അവസാനിപ്പിച്ച് കോവിഡ് നിയന്ത്രണത്തിന് ഫലപ്രദമായ ഇടപെടൽ നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
യോഗത്തിൽ ഗിരീഷ് ജോൺ കെ.സി.വേലായുധൻ, ടി.എം. പൗലോസ്, ഖാദർ ഹാജി, എം.ഇ ജലീൽ, ടി.കെ. നാസർ, യൂസഫ് കോരങ്ങൽ എന്നിവർ സംസാരിച്ചു