മാഡ്രിഡ്: വംശീയാധിക്ഷേപം നേരിട്ടതിന് പിന്നാലെ സ്പാനിഷ് ലീഗിനെതിരെ കടുത്ത വിമർശനവുമായി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ. ഒരുകാലത്ത് മികച്ച കളിക്കാരുടേതായിരുന്ന സ്പാനിഷ് ലീഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്നും വംശീയവാദികൾക്കെതിരെ താൻ അവസാനം വരെ പോരാടുമെന്നും വിനീഷ്യസ് ജൂനിയർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലീഗ് മത്സരത്തിനിടെ നിരവധി തവണ വംശീയാധിക്ഷേപം നേരിടേണ്ടി വന്ന താരമാണ് വിനീഷ്യസ് ജൂനിയർ. ഒടുവിൽ നടന്ന വലൻസിയ റയൽ മത്സരത്തിനിടെ വീണ്ടും അധിക്ഷേപമുണ്ടായതോടെയാണ് താരം ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയത്. സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളിൽ പലരും വിനീഷ്യസിനെ വംശീയമായി അധിക്ഷേപിച്ചിരിന്നു. ഇതിനെതിരെ റഫറിയോട് പരാതിപ്പെടുകയും തുടർന്ന് മത്സരം 10 മിനിറ്റോളം നിർത്തിവെക്കുകയുമായിരുന്നു. എന്നാൽ കളി തുടർന്നെങ്കിലും കുറച്ചു സമയത്തിനുള്ളിൽ ചുവപ്പുകാർഡ് കണ്ട് വിനീഷ്യസ് പുറത്തുപോയി. മത്സരം കഴിഞ്ഞപ്പോൾ വിനീഷ്യസ് ഇതുസംബന്ധിച്ച പ്രതികരണവുമായി രംഗത്തെത്തി.
"ലാ ലിഗയിൽ വംശീയാധിക്ഷേപം നേരിടുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഫെഡറേഷനും അങ്ങനെ തന്നെയാണ് ഈ വിഷയത്തെ കാണുന്നതും. എതിരാളികൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ആഴ്ചകളിലും ഇത്തരത്തിൽ അധിക്ഷേപമുണ്ടായാൽ എനിക്കത് ചെറുക്കാനാവില്ല. പക്ഷേ വംശീയവാദികൾക്കെതിരെ ഞാൻ അവസാനം വരെ പോരാടും"- വിനീഷ്യസ് ട്വിറ്ററിൽ കുറിച്ചു.
Não foi a primeira vez, nem a segunda e nem a terceira. O racismo é o normal na La Liga. A competição acha normal, a Federação também e os adversários incentivam. Lamento muito. O campeonato que já foi de Ronaldinho, Ronaldo, Cristiano e Messi hoje é dos racistas. Uma nação…
— Vini Jr. (@vinijr) May 21, 2023
വിനീഷ്യസിന് പിന്തുണയുമായി ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവ, മുൻ ബ്രസീൽ താരം റൊണാൾഡോ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. എന്നാൽ വംശീയാധിക്ഷേപത്തെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു സംഭവശേഷം റയൽ മാനേജർ ആഞ്ചെലോട്ടിയുടെ പ്രതികരണം. അതേസമയം, വിനീഷ്യസ് സ്പാനിഷ് ലീഗിനെ അപമാനിച്ചുവെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബസ് പറഞ്ഞു.