റിയാദ് : പഴയ കോലീബി സഖ്യം മാതൃകയിൽ എൻ ഡി എഫിനെ കൂടി ചേർത്തുള്ള പുതിയ കൂട്ടുകെട്ടാണ് എൽ ഡി എഫിനെതിരെ കോൺഗ്രസ് രൂപീകരിച്ചിട്ടുള്ളതെന്നും ഈ അവിശുദ്ധ മുന്നണിയെ കേരളം പരാജയപ്പെടുത്തുമെന്നും സി പി ഐ-എം വടകര ലോകസഭാ സ്ഥാനാർഥി പി ജയരാജൻ പറഞ്ഞു. റിയാദ് നവോദയ സംഘടിപ്പിച്ച "ഇ എം എസ് - എ കെ ജി അനുസ്മരണവും തെരെഞ്ഞെടുപ്പ് കൺവെൻഷനും" യോഗത്തിൽ ടെലിഫോണിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയുടെ റിക്രൂട്ടിങ് ഏജൻസിയായി മാറിയിട്ടുള്ള കോൺഗ്രസിനേയും ബി ജെ പിയേയും ജനം തള്ളിക്കളയുമെന്നും ജയരാജൻ അവകാശപ്പെട്ടു.
കൺവെൻഷൻ റിയാദിലെത്തിയ പ്രശസ്ത നാടക സംവിധായകൻ രാജീവൻ മമ്മിളി ഉദ്‌ഘാടനം ചെയ്തു. ബി ജെ പിയുടെ ഫാസിസ്റ്റു ഭരണകൂടം മനുഷ്യന്റെ ഇഷ്ടഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെപോലും തടയുകയും രാജ്യത്തെ കുത്തകകൾക്ക് തീറെഴുതി കൊടുക്കുകയുമാണ് ചെയ്തത്. ആർ എസ് എസ് നിയന്ത്രണത്തിൽ രാജ്യത്ത് ജാതി മത ധ്രുവീകരണം ഭീകരമായ അവസ്ഥയിലേക്ക് മാറിയപ്പോഴും കേരളം വേറിട്ട് നിന്നത് മാർക്സിസ്റ്റ് പാർട്ടിയുടെ സ്വാധീനം ഒന്നുകൊണ്ടു മാത്രമായിരുന്നു. ഇ എം എസിന്റേയും ഏ കെ ജിയുടേയും ജീവിത പാഠങ്ങൾ എല്ലാ ജനാധിപത്യവാദികളുടേയും പ്രവർത്തനങ്ങൾക്ക് മാതൃകയും ഊർജവും ആണെന്ന് അദ്ദേഹം പറഞ്ഞു. ഇരുനേതാക്കളും ആധുനിക കേരളത്തിന്റെ സൃഷ്ടാക്കൾ എന്ന നിലയിൽ ചരിത്ര നായകരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഭൂരിപക്ഷം സീറ്റുകളിലും എൽ ഡി എഫ് വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ആലപ്പുഴ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി ഫോണിലൂടെ യോഗത്തെ അഭിസംബോധന ചെയ്ത് ഏ എം ആരിഫ് പറഞ്ഞു. കേരള സർക്കാരിന്റെ ജനകീയ ഭരണ നയങ്ങളും എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് ഗുണകരമാവും.
യോഗത്തിൽ ഇ എം എസിന്റെയും ഏ കെ ജിയുടേയും ജീവിതരേഖ ട്രഷറർ സുരേഷ് സോമൻ അവതരിപ്പിച്ചു. വിനോദ് കൃഷ്ണ (ന്യൂ ഏജ്), സജ്ജാദ് സാഹിർ (ഐ എം സി സി), ദീപ ജയകുമാർ, നിസാർ അഹമ്മദ്, പൂക്കോയ തങ്ങൾ, ജയകുമാർ, കുമ്മിൾ സുധീർ എന്നിവർ സംസാരിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സംഘടനയുടെ പ്രസിഡൻറ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ബഷീർ വാടാനപ്പള്ളി സുരേഷ് സോമനിൽ നിന്നും, റഹീം ആട്ടോർകോണം വിക്രമലാലിൽ നിന്നും നവോദയ അംഗത്വം സ്വീകരിച്ചു. സംവിധായകൻ രാജീവൻ മമ്മിളിക്ക് സംഘടനയുടെ ഉപഹാരവും സെക്രട്ടറി രവീന്ദ്രൻ കൈമാറി.