ആനുകൂല്യങ്ങൾക്കായി നിയമപോരാട്ടം ഒടുവില്‍ നിയമം തുണയായി. എറണാകുളം സ്വദേശി രാജു നാട്ടിലേക്ക് മടങ്ങി.

New Update

അൽഹസ്സ: 29 വർഷമായി ജോലി ചെയ്യുന്ന കമ്പനി, ജോലിക്കരാർപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാതെ എക്സിറ്റ് അടിച്ചപ്പോൾ, വിഷമത്തിലായ മലയാളി, നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ ആനുകൂല്യങ്ങൾ നേടിയെടുത്തു .

Advertisment

publive-image

ഇടത്തു നിന്നും) ഷിബു താഹിർ, രാജു, ഷാജി മതിലകം, സിയാദ് എന്നിവർ ലേബർ ഓഫിസർക്കും, മണി മാർത്താണ്ഡത്തിനുമൊപ്പം

എറണാകുളം സ്വദേശിയായ രാജു 29 വർഷമായി അൽഹസ്സയിലെ ശുഖൈഖിൽ ഒരു കണ്സ്ട്രക്ഷന് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. പ്രായമായതിന്റെ പേരിൽ, ഒരു മാസത്തിനു മുൻപ്, കമ്പനി മാനേജ്‌മെന്റ് രാജുവിനെ എക്സിറ്റ് അടിയ്ക്കുകയായിരുന്നു. എന്നാൽ, ഇത്രയും വർഷം ജോലി ചെയ്തതിനാൽ, ജോലിക്കരാർ പ്രകാരം നൽകേണ്ട എൻഡ് ഓഫ് സർവ്വീസ് ആനുകൂല്യങ്ങൾ ഒന്നും നൽകാതെ, രാജുവിനെ നാട്ടിലേയ്ക്ക് അയയ്ക്കാനായിരുന്നു കമ്പനിയുടെ ശ്രമം.

നവയുഗം അൽഹസ്സ ശുഖൈഖ് യൂണിറ്റിന്റെ സജീവപ്രവത്തകനായിരുന്ന രാജു, ഈ വിഷയം നവയുഗം മേഖല ഭാരവാഹികളായ സിയാദ് പള്ളിമുക്ക്, ഉണ്ണി മാധവം എന്നിവരെ അറിയിച്ചു സഹായം തേടി. തുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ വിഷയത്തിൽ ഇടപെട്ടു. നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ നിർദ്ദേശപ്രകാരം രാജു അൽഹസ്സ ലേബർ കോടതിയിൽ കമ്പനിയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തു.

ലേബർ കോടതിയിൽ കേസ് ആയതോടെ രാജുവിന്റെ സ്പോൺസർ ചർച്ചകൾക്ക് തയ്യാറായി. ഉണ്ണി മാധവത്തിന്റെ നേതൃത്വത്തിൽ നവയുഗം നേതാക്കൾ സ്പോൺസറുമായി ആദ്യ വട്ടചർച്ചകൾ നടത്തിയെങ്കിലും ഒത്തുതീർപ്പിൽ എത്താൻ കഴിഞ്ഞില്ല. തുടർന്ന് ഷാജി മതിലകം തന്നെ നേരിട്ട് സ്‌പോൺസറെ ബന്ധപ്പെട്ട് സംസാരിയ്ക്കുകയും, ഇന്ത്യൻ എംബസ്സിയെ ഈ വിഷയം അറിയിച്ചു സ്പോൺസറോട് സംസാരിപ്പിയ്ക്കുകയും ചെയ്തു. നിരന്തരമായ സമ്മർദ്ദത്തിന് ഒടുവിൽ സ്പോൺസർ എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് സമ്മതിച്ചു.

ഷാജി മതിലകം നവയുഗം ജീവകാരുണ്യപ്രവർത്തകർക്കൊപ്പം അൽഹസ്സ ലേബർ കോടതിയിൽ എത്തി, ഒത്തുതീർപ്പിന് അടിസ്ഥാനത്തിൽ കേസിന്റെ നടപടികൾ പൂർത്തിയാക്കുകയും, അവിടെവെച്ചു രാജുവിന് സ്പോൺസറുടെ വക്കീൽ എല്ലാ ആനുകൂല്യങ്ങളും കൈമാറുകയും ചെയ്തു.ഉണ്ണി മാധവത്തിനും, സിയാദിനുമൊപ്പം, നവയുഗം അൽഹസ്സ മേഖല നേതാക്കളായ സുശീൽ കുമാർ, ഷിബു താഹിർ എന്നിവർ ഈ കേസിൽ എല്ലാ സഹായവുമായി ഒപ്പമുണ്ടായിരുന്നു.കമ്പനി നൽകിയ വിമാനടിക്കറ്റിൽ അടുത്ത ആഴ്ച രാജു പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങും.

Advertisment