രാക്ഷസന്റെ തെലുങ്ക് പതിപ്പില്‍ നായികയായി അനുപമ പരമേശ്വരന്‍. ചിത്രത്തിലെ നായികയായി രാകുല്‍ പ്രീത്,റാഷി ഖന്ന തുടങ്ങിയവരെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം അനുപമ പരമേശ്വരന് നറുക്ക് വീണിരിക്കുകയാണ്. തമിഴില്‍ അമലാ പോള്‍ ചെയ്ത വേഷത്തിലാണ് രാക്ഷസന്റെ തെലുങ്ക് പതിപ്പില്‍ അനുപമ എത്തുന്നത്. ജിബ്രാനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും അറിയുന്നു.
രാംകുമാറിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു രാക്ഷസന്‍. വിഷ്ണു വിശാല്‍ നായകവേഷത്തില്‍ എത്തിയ ചിത്രത്തിന് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചു. അമല പോളായിരുന്നു രാക്ഷസനില്‍ വിഷ്ണു വിശാലിന്റെ നായിക. നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. വിഷ്ണു വിശാലിന് പകരം ബെല്ലംകൊണ്ട ശ്രീനിവാസ് തെലുങ്കില്‍ നായകവേഷത്തില്‍ എത്തുന്നു.