ഭാരതീയ സാംസ്‌കാരിക ജീവിതത്തെ 'രാമായണം' പോലെ സ്വാധീനിച്ച മറ്റൊരു മഹത്ഗ്രന്ഥമില്ല. ദശാവതാരങ്ങളില്‍ മാനുഷികമൂല്യങ്ങള്‍ക്കും സാരോപദേശങ്ങള്‍ക്കും പ്രാമുഖ്യം കല്പിച്ചിട്ടുള്ളത് ശ്രീരാമനും ശ്രീകൃഷ്ണനുമാണ്. അതിനാല്‍ രാമായണവും ശ്രീമദ് ഭാഗവതവും യുഗയുഗാന്തരങ്ങളായി ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടി വരുന്നു. ഒപ്പം വാല്മീകിയും വേദവ്യാസനും യുഗശ്രേഷ്ഠ ഗ്രന്ഥകര്‍ത്താക്കളായി വാഴ്ത്തപ്പെടുന്നു.
വാമൊഴിയായി ഗുരുശിഷ്യ പരമ്പര കൈമാറിവന്ന, അനാദികാലത്തെ പുരാണ മഹാകാവ്യ തിരുശേഷിപ്പായി 'രാമായണം' ആദരിക്കപ്പെടുന്നു. ആ പുരാവൃത്തത്തെ, ഇതിഹാസമായി കാലം കരുതല്‍ ധന്യമാക്കിയിരിക്കുന്നു. നിരവധി സംഭവങ്ങളും ഉദ്വേഗസന്ദര്‍ഭങ്ങളും ശ്രോതാക്കളില്‍ ആശ്ചര്യവും അതിലേറെ വിശ്വാസവും ഊട്ടി ഉറപ്പിച്ചു. തലമുറകളിലൂടെ അതൊരു സ്വാധീനശക്തിയായി മാറി. ആ മനസ്സാന്നിദ്ധ്യം ഭക്തിയായി പരിണമിച്ചു.
സപ്തര്‍ഷികളെ വഴിതടഞ്ഞ് അവരുടെ കൈവശമുള്ള ധനം തട്ടിപ്പറിക്കാന്‍ ശ്രമിച്ച രത്‌നാകരന്‍ എന്ന കൊള്ളക്കാരനോട് തപഃശക്തി മാത്രമാണ് തങ്ങളുടെ പക്കലുള്ള ധനമെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഋഷിവര്യന്മാര്‍ക്ക് കഴിഞ്ഞു. അവരുടെ ഉപദേശപ്രകാരം 'രാമ-രാമ' മന്ത്രം ഉരുവിട്ട് രത്‌നാകരന്‍ പ്രാ
ര്‍ത്ഥനയില്‍ മുഴുകി. നിശ്ചല കഠിന തപസ്സുമൂലം രത്‌നാകരന്‍ കാലാന്തരത്തില്‍, വല്മീകത്തിലായി ആത്മജ്ഞാനിയായി. തപോശക്തിയിലൂടെ മുക്തി നേടിയ ഈ താപസനെ 'വാല്മീകി' എന്ന് വിളിച്ച് സപ്തര്‍ഷികള്‍ അനുഗ്രഹിച്ചു. (ബംഗാളിയിലെ കൃത്തിവാസ രാമായണത്തില്‍ 'വാല്മീകി' രത്‌നാകരന്റെ സംന്യാസദീക്ഷാ നാമമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.) നന്മയും തിന്മയും തിരിച്ചറിഞ്ഞ് ധര്‍മ്മവും അധര്‍മ്മവും അനുഭവിച്ചറിഞ്ഞ്, തപോചൈതന്യത്താല്‍ വിശുദ്ധിനേടിയ 'വാല്മീകി' മഹര്‍ഷി തമസാനദി തീരത്ത് ഒരു ആശ്രമം ഉണ്ടാക്കി.
ഒരു ദിവസം വാല്മീകി മഹര്‍ഷി തമസാനദിയില്‍ സ്‌നാനകര്‍മ്മം ചെയ്തുകൊണ്ടു നിന്നപ്പോള്‍, ഒരു വേടന്‍ ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്നിനെ എയ്തു വീഴ്ത്തുന്നത് കണ്ടു. ഇണപിരിഞ്ഞ പെണ്‍കിളിയുടെ രോദനം വാല്മീകിയെ ഉല്‍ക്കട വിഷാദത്തിലാഴ്ത്തി. ആ ശോകക്ഷോഭാഗ്നിയില്‍ വേടനെ ശപിച്ചു. ആ ശാപം ശ്ലോക രൂപത്തിലായിരുന്നു.
'മാനിഷാദ! പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീ സമാഃ
യത് ക്രൗഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം'
തല്‍സമയം പ്രത്യക്ഷനായ ബ്രഹ്മാവ് ശ്രവിച്ച് ആ ശ്ലോകത്തിന്റെ രൂപത്തില്‍ 'രാമചരിതം' രചിക്കുവാന്‍ ഉപദേശിച്ച് അനുഗ്രഹിച്ചു. നാരദമുനിയില്‍ നിന്നാണ് വാല്മീകി മഹര്‍ഷി, രാമചരിത ഭൂതഭാവി വൃത്താന്തം ഗ്രഹിച്ചത്. ഏഴ് കാണ്ഡങ്ങളിലായി ഇരുപത്തി നാലായിരം ശ്ലോകങ്ങളിലൂടെ പൂര്‍ത്തീകരിച്ച രാമായണകഥയിലെ അതിപ്രധാന ശ്ലോകം വനവാസ യാത്രവേളയില്‍ സുമിത്രാദേവി മകന്‍ ലക്ഷ്മണനെ ഉപദേശിച്ചതാണ്.