റമദാൻ പുണ്യങ്ങളുടെ പൂക്കാലം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

വിശുദ്ധ റമദാൻ പുണ്യങ്ങളുടെ പൂക്കാലമാണ്. മനസ്സും ശരീരവും ജീവിതപരിസരവും ഒരുപോലെ ശുദ്ധീകരിച്ചുകൊണ്ടാണ് വിശ്വാസികൾ ഈ വസന്തകാലത്തെ വരവേൽക്കുന്നത്. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ ആജ്ഞകൾ അനുസരിച്ചു വ്രതശുദ്ധിയോടെ മനസ്സും ശരീരവും അവനു സമർപ്പിച്ചുകൊണ്ട് സഹജീവികൾക്ക് കാരുണ്യം പകർന്നു നൽകുന്ന സത്യവിശ്വാസികളെ സ്വീകരിക്കാൻ കരുണാവാരിധിയായ അള്ളാഹു സ്വർഗ്ഗീയ വാതായനങ്ങൾ മലർക്കെ തുറന്നിട്ട് കാത്തിരിക്കും. മാലാഖമാർ അവരെ സ്വർഗ്ഗത്തിലേക്ക് സ്വാഗതം ചെയ്യും.

ഏക ദൈവത്തിലും മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസമാണ് ഇസ്ലാം മതവിശ്വാസത്തിന്റെ ആണിക്കല്ല്. മനുഷ്യരുടെ സുകൃത വികൃതങ്ങളെല്ലാം നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും സുകൃതങ്ങൾക്കു പ്രതിഫലവും വികൃതങ്ങൾക്കു ശിക്ഷയും നൽകപ്പെടുന്ന ഒരു ലോകവും നീതിപൂർവ്വം വിചാരണ ചെയ്യുന്ന സർവ്വശക്തനും പരമാധികാരിയുമായ വിധികർത്താവുണ്ടെന്നുമുള്ള വിശ്വാസംനന്മയിൽ വ്യാപൃതനാകാനും തിന്മകളെ അകറ്റി നിറുത്താനും മനുഷ്യനെപ്രേരിപ്പിക്കുന്നു.

റമദാൻ മാസത്തിൽ ചെയ്യുന്ന സുകൃതങ്ങൾക്കു മരണാന്തര ജീവിതത്തിൽ വർധിച്ച പ്രതിഫലം ലഭിക്കുമെന്ന വിശ്വാസമാണ് ഈമാസത്തിൽ വ്രതത്തോടും വിശുദ്ധ ഖുർആൻ പാരായണത്തോടുമൊപ്പം കാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരാകാൻ ഇസ്ലാംമത വിശ്വാസികളെ പ്രേരിപ്പിക്കുന്നത്. രക്ഷശിക്ഷയ്ക്കു പരമാധികാരവുംകഴിവുമുള്ള ഒരു ശക്തിക്കുമുമ്പിൽ പരമമായി കീഴ്പ്പെടുകയും സമർപ്പിതമാവുകയും ചെയ്യുമ്പോൾ ലഭിക്കുന്ന സമാധാനവും സുരക്ഷിതത്വബോധവും നോമ്പുകാരന് അനുഭവിച്ചറിയാൻസാധിക്കുന്നു.

നോമ്പ്കാരന് രണ്ടു പ്രധാന സന്തോഷ മുഹൂർത്തങ്ങളുണ്ട്. ഒന്ന്, നോമ്പ്‌
അവസാനിപ്പിക്കുമ്പോഴും, രണ്ടാമത്തേത് പ്രതിഫലനാളിൽ നാഥനെ കണ്ടുമുട്ടുമ്പോഴുമാണ് എന്ന നബിവചനം ഇതാണ് വ്യക്തമാക്കുന്നത്.

നോമ്പ് ഒരു ദൈവിക സ്വഭാവമാണ്, ജീവിതംചിട്ടപ്പെടുത്താനുള്ള മാർഗ്ഗമാണ്. ദൈവം ഉണ്ണുന്നില്ല ഉറങ്ങുന്നില്ല വിചാരവികാരങ്ങൾ അവനെ പിടികൂടുന്നില്ല. സദാജാഗരൂകനും ദയാലുവും നീതിമാനുമാണവൻ. ഇവ്വിധമുള്ള സൽഗുണങ്ങൾ സ്വായത്തമാക്കാനുള്ള കടുത്തപരിശീലനംകൂടിയാണ് ഇസ്ലാമിലെ വ്രതം.

ആരെങ്കിലും ദുഷ്ചിന്തകളില്‍ നിന്ന് മുക്തമാവാതെ ദുഷ്പ്രവർത്തനങ്ങൾ അവസാനിപ്പിക്കാതെ പ്രഭാതം മുതൽ പ്രദോഷം വരെ കേവലം അന്ന പാനാദികൾ ഉപേക്ഷിക്കുന്നതിൽ മാത്രം അല്ലാഹുവിന് യാതൊരുതാൽപ്പര്യവുമില്ല.(ഹദീസ്ശരീഫ്) നിയന്ത്രണം എന്നാണ്“സൗമ്”എന്ന അറബിപദത്തിന്റെ അർഥം.

ഭക്ഷണ-പാനീയങ്ങളെമാത്രമല്ല അസൂയ, അഹങ്കാരം, കളവ്‌, താന്‍പോരിമ, ഏഷണി, പരദൂഷണം, സ്വാർത്ഥത, കോപം, അക്രമവാസന തുടങ്ങിയ മനുഷ്യ സഹജമായ എല്ലാദുഷ്ചിന്തകളെയും പ്രവർത്തനങ്ങളെയും സമ്പൂർണ്ണമായി നിയന്ത്രിക്കുമ്പോഴാണ് നോമ്പ് അര്‍ത്ഥപൂര്‍ണവും പ്രതിഫലാര്‍ഹവുമാകുന്നത്, അതുകൊണ്ടുതന്നെ നോമ്പ് ഒരു സംസ്കരണമാണ്.

ആരാധനാ കർമ്മങ്ങൾക്ക് വർധിച്ച പ്രതിഫലമാണ് ഈമാസത്തിൽ ലഭിക്കുന്നത്. ലൈലത്തുൽ ഖദ്‌റിൽ അല്ലാഹുവിന്റെ പ്രീതിക്കായി ആരാധനാ കർമ്മങ്ങളിൽ നിരതനായാൽ ആയിരം ഒരായുഷ്കാലം മുഴുവൻ സൽകർമ്മങ്ങൾ ചെയ്തതിനേക്കാൾ പ്രതിഫലംലഭിക്കുമെന്ന് വിശുദ്ധഖുർആൻ സഖ്യപ്പെടുത്തുന്നു.

സത്യവിശ്വാസിയുടെ പരമമായ ജീവിതലക്ഷ്യം സൃഷ്ടാവിന്റെ തൃപ്തിയും തുടർന്ന്ലഭിക്കുന്ന സ്വർഗ്ഗപ്രാപ്തിയുമാണ് ആരാണ് ശ്രേഷ്ഠൻ ചോദിച്ചപ്പോൾ സത്യം മാത്രംപറയുന്ന, അസൂയയോപകയോ അക്രമവാസനയോ ഇല്ലാത്ത ശുദ്ധഹൃദയത്തിനുടമയായ മനുഷ്യൻ എന്നാണ് പ്രവാവാചകൻ (സ ) മറുപടിപറഞ്ഞത്.

ഭൗതിക ലോകത്തോടും അതിലെ വിഭവങ്ങളോടുമുള്ള അത്യാഗ്രഹം മനുഷ്യനെ അസൂയാലുവും അക്രമിയുമാക്കിമാറ്റുന്നു. ഒരുമാസക്കാലം അത്തരം ചിന്താഗതികളോട് വിടപറഞ്ഞു ദിവ്യമായ സ്വഭാവഗുണങ്ങൾ സ്വീകരിച്ചുസുകൃതങ്ങളിൽ മുഴുകികഴിയുമ്പോൾ സഹജീവികളോടു സ്നേഹവും കരുണയും വർധിക്കുകയും അതുവഴി ലോകത്തു സമാധാനം പുലരുകയുംചെയ്യും നോമ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങളിൽ സുപ്രധാനമായതും ഇത്തന്നെയാണ്. നിങ്ങൾ സൂക്ഷ്മ ജീവിതം നയിക്കുന്നവരാകാൻ വേണ്ടിയാണു നിങ്ങള്‍ക്ക് നോമ്പ്നിയമമാക്കപ്പെട്ടത് (വി :ഖു ).

Advertisment