നൂറനാട്: കേരള ജനതയുടെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടം തട്ടുന്ന ഒരു പദ്ധതിയാണ് എൽഡിഎഫ് സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കെ റെയിൽ പദ്ധതിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു കെപിസിസി വർക്കിംഗ് പ്രസിഡൻ്റ കൊടിക്കുന്നിൽ സുരേഷ്ൻ്റെ നേതൃത്വത്തിൽ നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 48 മണിക്കൂർ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ പദ്ധതി പരിസ്ഥിതിക്കും സമൂഹത്തിനും ഉണ്ടാക്കാൻ കഴിയുന്ന മുറിവ് വളരെ ആഴത്തിൽ ആയിരിക്കും. ഏകദേശം 2000 ഹെക്ടർ ഭൂമിയാണ് ഈ പദ്ധതിക്കുവേണ്ടി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിൽ ഇത്രയും അധികം ഭൂമി ഒരു പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുമ്പോൾ അത് ഇല്ലാതാക്കുന്നത് ഏകദേശം 20000 കുടുംബങ്ങളുടെ പാർപ്പിടങ്ങൾ ആണ്.
ഇതുകൂടാതെ നദികൾ, നീർത്തടങ്ങൾ, നെൽവയലുകൾ, കുന്നുകൾ, കായലുകൾ, ജലാശയങ്ങൾ എല്ലാം നിരത്തേണ്ടി വരും. നിരന്തരം പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിൽ വീണ്ടും പ്രളയം വിളിച്ചു വരുത്തുവാൻ ഈ കാരണങ്ങൾ ധാരാളം. സാമ്പത്തികമായും ഈ പദ്ധതി ഒരു വൻ ദുരന്തം ആയിരിക്കുമെന്ന് നിതി ആയോഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഈ പദ്ധതിക്ക് അനുമതി നൽകും മുന്നേ തന്നെ കേരള സർക്കാർ ഭൂമി ഏറ്റെടുക്കാൻ തിടുക്കം കാണിക്കുന്നത് കൗതുകമാണ്.
പ്രതിപക്ഷവും ജനങ്ങളും ഈ പദ്ധതിക്കെതിരെ വർഷങ്ങളായി എതിർപ്പ് രേഖപ്പെടുത്തിയിട്ടും സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നത് ജനദ്രോഹ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.