പ്രവാചകനെതിരായ ബിജെപി വക്താക്കളുടെ പ്രസ്താവന അപലപനീയവും വിഷലിപ്തവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക വക്താക്കൾ നടത്തിയ പരാമർശങ്ങൾ അപരിഷ്‌കൃതവും അപലപനീയവും അങ്ങേയറ്റം വിഷലിപ്തവും നിന്ദ്യവുമെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നാനാത്വത്തിൽ ഏകത്വമെന്ന ശക്തവും വൈവിധ്യവുമാർന്ന സാംസ്‌കാരിക പാരമ്പര്യങ്ങളിലൂന്നി എല്ലാ മതങ്ങളോടും സഹിഷ്ണുത, സഹവർത്തിത്വം, ബഹുമാനം എന്നീ മൂല്യങ്ങൾ മുറുകെപിടിക്കുന്ന നമ്മുടെ പൈതൃകത്തിന് ആഗോളതലത്തിൽ ആഘാതമേൽപിക്കുന്ന ആപൽക്കരമായ നയങ്ങളാണ് മോദിയും ബിജെപിയും ഇന്നും അനുവർത്തിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക വക്താക്കൾ നടത്തിയ അപരിഷ്‌കൃതവും അപലപനീയവും അങ്ങേയറ്റം വിഷലിപ്തവും നിന്ദ്യവുമായ അധിക്ഷേപങ്ങൾക്ക് എതിരെ അറബ് രാഷ്ട്രങ്ങളിലും ആഗോളതലത്തിലും വലിയ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. ഇന്ത്യയുടെ പ്രതിനിധികളെ ഞായറാഴ്ച വിളിച്ചുവരുത്തി കുവൈറ്റും, ഖത്തറും, ഇറാനും പ്രതിഷേധത്തിന്റെ നയതന്ത്ര കുറിപ്പുകൾ കൈമാറി എന്ന വാർത്ത ആർഷഭാരത സംസ്‌കാരത്തിൽ അഭിമാനം കൊള്ളുന്ന ഓരോ ഭാരതീയനും അപമാനപൂർവമേ ഉൾകൊള്ളാൻ കഴിയൂ.
നാനാത്വത്തിൽ ഏകത്വമെന്ന ശക്തവും വൈവിധ്യവുമാർന്ന സാംസ്‌കാരിക പാരമ്പര്യങ്ങളിലൂന്നി എല്ലാ മതങ്ങളോടും സഹിഷ്ണുത, സഹവർത്തിത്വം, ബഹുമാനം എന്നീ മൂല്യങ്ങൾ മുറുകെപിടിക്കുന്ന നമ്മുടെ പൈതൃകത്തിന് ആഗോളതലത്തിൽ ആഘാതമേൽപിക്കുന്ന ആപൽക്കരമായ നയങ്ങളാണ് മോദിയും ബിജെപിയും ഇന്നും അനുവർത്തിക്കുന്നത്.