/sathyam/media/post_attachments/171WI77sDfznG0gY5mXy.jpg)
കൊച്ചി: തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയെ സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. നഗരസഭാ അദ്ധ്യക്ഷ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
ഫേസ്ബുക്കിൽ അദ്ധ്യക്ഷയ്‌ക്കെതിരെ പോസ്റ്റ് ഇട്ടിട്ടില്ലെന്നും, മറ്റുള്ളവരുടെ പോസ്റ്റുകൾ പങ്കുവെയ്‌ക്കുകയാണ് ചെയ്തതെന്നും രഞ്ജിനി പറഞ്ഞു. നായക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്ത വ്യക്തിയാണ് താൻ. അതുകൊണ്ടു തന്നെ പ്രതികരിച്ചിട്ടുണ്ട്.
ഇനിയും ഇത് തുടരും. ആരുടെയും ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടിട്ടില്ല. പരാതി നൽകിയ വിവരം മാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് അറിഞ്ഞത്. നിയമപരമായ വഴിയിലൂടെ തന്നെ മുന്നോട്ട് പോകുമെന്നും രഞ്ജിന് പറഞ്ഞു.
പട്ടികജാതി പട്ടിക വർഗക്കാർക്കെതിരായ അതിക്രമത്തിന് കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. അവർ ഈ വിഭാഗത്തിൽപ്പെട്ടയാളാണെന്ന് പരാതി നൽകിയ ശേഷമാണ് അറിഞ്ഞത്. യാതൊരു ബന്ധവുമില്ലാത്ത പരാതി നൽകിയത് എന്തിനെന്ന് അറിയില്ല.
മറ്റാവശ്യങ്ങൾക്കായി കരുതിയ ഫണ്ട് എടുത്ത് മൃഗങ്ങളെക്കൊല്ലുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. തെറ്റായ കാര്യം ആര് ചെയ്താലും പ്രതികരിക്കുമെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.