Advertisment

പാഴ്‌സല്‍ ഭക്ഷണത്തില്‍ എലിയുടെ തല ; ഹോട്ടല്‍ അടച്ചുപൂട്ടി

author-image
Charlie
Updated On
New Update

publive-image

Advertisment

ഭക്ഷണപ്പൊതിയില്‍ എലിയുടെ തലയോട്ടി കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ അരണിയിലെ വെജിറ്റേറിയന്‍ ഹോട്ടല്‍ അടച്ചുപൂട്ടി. ഹോട്ടലിന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ് ആര്‍ മുരളി എന്നയാള്‍ ഹോട്ടലില്‍ നിന്ന് നൂറിലധികം പേര്‍ക്കുള്ള ഭക്ഷണം ഓഡര്‍ ചെയ്തത്. മുരളിയുടെ വീട്ടില്‍ എത്തിച്ച ഭക്ഷണത്തിലെ ബീറ്റ്‌റൂട്ട് വിഭവത്തിലാണ് അതിഥികളിലൊരാള്‍ എലിയുടെ തലയോട്ടി കണ്ടെത്തിയത്. തുടര്‍ന്ന് മുരളി, പാഴ്‌സല്‍ ഹോട്ടലിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍ പരാതി സ്വീകരിക്കാന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് തയ്യാറായില്ല. മാനേജ്‌മെന്റുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് ഉപഭോക്താവ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്.

പരാതി ലഭിച്ചയുടന്‍ ഞങ്ങള്‍ പരിശോധനയ്ക്കായി സ്ഥലത്തെത്തുകയും ഹോട്ടലിന്റെ മുന്നില്‍ തന്നെ എലി ശല്യം കണ്ടെത്തിയതായി തിരുവണ്ണാമലൈ ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ എ രാമകൃഷ്ണന്‍ പറഞ്ഞു. കീടങ്ങള്‍ കടക്കാതിരിക്കാന്‍ ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഒരു മുന്‍കരുതലും ഉണ്ടായില്ല. പരാതിയുടെയും പരിശോധനയുടെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഹോട്ടല്‍ സീല്‍ ചെയ്യുകയും പിഴവുകള്‍ തിരുത്താന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

എഫ്എസ്എസ്‌ഐ നിയമത്തിലെ 2.1.84 പ്രകാരമാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര സ്ഥാപനം ഉടന്‍ പൂട്ടുകയും പരിശോധനയില്‍ കണ്ടെത്തിയ പിഴവുകള്‍ 14 മുതല്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ തിരുത്തുകയും വേണം. അതിനുശേഷം ഞങ്ങള്‍ രണ്ടാമത്തെ പരിശോധനയ്ക്ക് പോകും, ഹോട്ടലിന്റെ പ്രവര്‍ത്തനം തൃപ്തമാണെങ്കില്‍, വീണ്ടും  ഹോട്ടല്‍ തുറക്കാന്‍ അവരെ അനുവദിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരും കേസ് അന്വേഷിക്കുന്നുണ്ട്. അതേസമയം പാഴ്‌സല്‍ നല്‍കി മണിക്കൂറുകള്‍ക്ക് ശേഷമാണ് പരാതിയുമായി വന്നതെന്നും തങ്ങള്‍ നിരപരാധികളാണെന്നുമാണ് ഹോട്ടലുകാരുടെ വാദം.

Advertisment