Advertisment

കൊറോണാ കാലത്തെ സേവനത്തിന് അംഗീകാരം; ബ്രേവ് ഹാർട്ട് അവാർഡ് ഇന്ത്യൻ സോഷ്യൽ ഫോറം ഏറ്റു വാങ്ങി

author-image
admin
New Update

ജിദ്ദ: കോവിഡ് 19 ഭീതി വിതച്ച നാളികളിൽ സൗദി അറേബ്യയിൽ പ്രവാസികൾക്കിടയിൽ ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ സേവനം നടത്തിയ സംഘടനകളിൽ നിന്നും തെരഞ്ഞെടു ക്കപ്പെട്ടവർക്കായി മീഡിയാ വൺ ഏർപ്പെടുത്തിയ ബ്രേവ് ഹാർട്ട് അവാർഡ് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റിക് വേണ്ടി നാഷണൽ പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ, ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇ. എം അബ്ദുളള, ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം എന്നിവർ ഏറ്റുവാങ്ങി. ജിദ്ദയിൽ വെച്ച് നടന്ന ചടങ്ങിൽ ബ്രേവ് ഹാർട്ട് അവാർഡ് പ്രയോജ കരായ ഡോട്സ് ഹോം അപ്ലയൻസസ് ഓപ്പറേഷൻ മാനേജർമാരായ ഷാഫി പാറേങ്ങൽ ബാവുട്ടി മൂപ്പൻ എന്നിവരാണ് പുരസ്‌കാരം കൈമാറിയത്.

Advertisment

publive-image

സൗദിയിലുടനീളം റിയാദ്, ദമ്മാം, ജിദ്ദ, അസീർ തുടങ്ങിയ സെൻട്രൽ കമ്മിറ്റികളുടെ കീഴിൽ ഏകോപിപ്പിച്ചു നടത്തിയ സന്നദ്ധ സേവന പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് മീഡിയ വൺ ബ്രേവ് ഹാർട്ട് അവാർഡിന് ഇന്ത്യൻ സോഷ്യൽ ഫോറം തെരഞ്ഞെടുക്കപ്പെട്ടത്.

സൗദി അറേബ്യയിലെ പ്രവാസികൾക്കിടയിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന ഇന്ത്യൻ സോഷ്യൽ ഫോറം കോവിഡ് ഭീതിയുടെ നാളുകളിൽ സൗദി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള ബോധവൽക്കരണ പരിപാടികളും, വിവിധഭാഷകളിൽ ഹെല്പ് ഡെസ്കുകളും ആരംഭിച്ചിരുന്നു.

വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ സുരക്ഷാ നിർദ്ദേശങ്ങളുടെ സമൂഹ മാധ്യമ പോസ്റ്ററുകൾ, കൗൺസലിങ് സംവിധാനങ്ങൾ, ആരോഗ്യ മേഖലയിൽ പരിശീലനം സിദ്ധിച്ച വളണ്ടിയർമാരുടെ സേവനം എന്നിവയും സജ്ജമാക്കിയിരുന്നു. സേവനരംഗത്ത് കർമ്മനിരതരായ വളണ്ടിയർമാർക്ക് കേരള സംസ്ഥാന കോവിഡ് നോഡൽ ഓഫീസറുടെ ഓൺലൈൻ ട്രെയിനിങ് സംഘടിപ്പിക്കുക യുണ്ടായി.

ജോലിയില്ലാതെയും വരുമാനം മുടങ്ങിയും കഷ്ടപ്പെട്ടവർക്ക് ഭക്ഷണ പദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കുന്നതിൽ പരമാവധി ശ്രദ്ധ പതിപ്പിച്ചിരുന്നു. കോവിഡ് ബാധിച്ചവരെ  ആശുപത്രികളിലെത്തിക്കുന്നതിനുള്ള സഹായങ്ങൾ ചെയ്യുന്നതിലും താമസ സ്ഥലങ്ങളിൽ കുടുങ്ങിയ രോഗികൾക്ക് മരുന്നെത്തിച്ചു കൊടുക്കുന്നതിലും സോഷ്യൽ ഫോറം വളണ്ടിയർമാർ സദാ സേവന നിരതരായിരുന്നു.

ക്വാറന്റൈൻ സെന്ററുകൾ സംവിധാനം ചെയ്യുകയും, കോവിഡ് ബാധിച്ചു ചികിത്സക്ക് ശേഷം ക്വാറന്റൈൻ സെന്ററുകളിൽ കഴിഞ്ഞിരുന്നവർക്ക് വസ്ത്രങ്ങൾ എത്തിച്ചു നൽകുന്നതിനും സോഷ്യൽ ഫോറം ശ്രദ്ധപതിപ്പിച്ചു.

പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങൾക്ക് എസ്.ഡി.പി.ഐ. ഘടകവുമായി ബന്ധപ്പെട്ടു ഭക്ഷണ പദാർത്ഥങ്ങളും മരുന്നുകളും എത്തിച്ചു നൽകുന്നതിൽ പ്രത്യേകം സംവിധാനങ്ങൾ സോഷ്യൽ ഫോറം കോവിഡ് ഭീതി വിതച്ച കാലത്ത് ഏർപ്പെടുത്തിയിരുന്നു.

ഇന്ത്യൻ സോഷ്യൽ ഫോറം നോർത്തേൺ സ്റ്റേറ്റ്സ് പ്രസിഡണ്ട് മുജാഹിദ് പാഷ ബാംഗ്ലൂർ, സോഷ്യൽ ഫോറം കർണാടക സ്റ്റേറ്റ് പ്രസിഡണ്ട് അബ്ദുൽ നാസർ മംഗളൂരു, കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, സെൻട്രൽ കമ്മിറ്റി വെൽഫെയർ ലീഡർ ഫൈസൽ മമ്പാട് എന്നിവരും അവാർഡ് ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.

കോവിഡ് ഭീതിക്ക്‌ മുമ്പും ശേഷവും പ്രവാസി ഇന്ത്യക്കാർക്കിടയിൽ ഇന്ത്യൻ സോഷ്യൽഫോറം ജീവകാരുണ്യ രംഗത്തും, ആരോഗ്യ തൊഴിൽ രംഗങ്ങളിലും വ്യവസ്ഥാപിതമായി പ്രവർത്തിച്ചു വരികയാണ്.

സോഷ്യൽഫോറത്തിന്റെ ക്ഷേമ പ്രവർത്തങ്ങളിൽ സഹകരിക്കുന്ന സുമനസ്സുകൾക്ക് ഭാരവാഹികൾ നന്ദി അറിയിച്ചു. സഹജീവികളോടുള്ള സ്നേഹവും മാനുഷിക പരിഗണനയും ശിരസാവഹിച്ചു കർമ്മ നിരതരായ സോഷ്യൽ ഫോറം പ്രവർത്തകരുടെ പ്രവർത്തന ഫലമാണ് ഈ പുരസ്കാരമെന്നും ഭാരവാഹികൾ പറഞ്ഞു

 

Advertisment