വന്ദേഭാരത് ദൗത്യം: കുവൈറ്റില്‍ നിന്ന് കേരളത്തിലേക്കുള്ള ഗര്‍ഭിണിയുടെയും ഭര്‍ത്താവിന്റെയും യാത്ര മുടങ്ങിയ സംഭവം; അടുത്ത വിമാനത്തില്‍ ഇവരെ നാട്ടിലെത്തിക്കണമെന്ന് രമ്യാ ഹരിദാസ് എംപി; ഇന്ത്യന്‍ അംബാസിഡര്‍ക്ക് കത്തയച്ചു; മുഖ്യധാരസംഘടനാ നേതാക്കള്‍ വിഷയത്തില്‍ ഇടപെടാത്തതില്‍ പ്രവാസികള്‍ക്ക് പ്രതിഷേധം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, May 22, 2020

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ പകപോക്കല്‍ മൂലം വന്ദേഭാരത് മിഷനില്‍ നാട്ടിലേക്ക് പോകാന്‍ കഴിയാതിരുന്ന ഗര്‍ഭിണിക്കും ഭര്‍ത്താവിനും ആശ്വാസമായി രമ്യാ ഹരിദാസ് എംപി. അടുത്ത വിമാനത്തില്‍ തന്നെ ഇവരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് എംപി ഇന്ത്യന്‍ അംബാസിഡര്‍ ജീവ സാഗറിന് കത്തയച്ചു.

കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്ലക്കും ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ ആത്തിക്കക്കുമാണ് അര്‍ഹതയുണ്ടായിട്ടും എംബസി തഴഞ്ഞതുമൂലം നാട്ടിലേക്കുള്ള യാത്ര മുടങ്ങിയത്.

നോര്‍ക്കയും കുവൈറ്റിലെ ലോകകേരള സഭാംഗങ്ങളും പ്രവാസി ക്ഷേമനിധി ബോര്‍ഡംഗങ്ങളും സാമൂഹ്യപ്രവര്‍ത്തകരും മുഖ്യധാരസംഘടനാ നേതാക്കളും നിരവധി ഉണ്ടായിട്ടും അവരാരും ഈ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായിരുന്നില്ല. ഇതില്‍ പ്രവാസികള്‍ക്ക് പ്രതിഷേധവുമുണ്ട്.

കുവൈറ്റിലെ സാമൂഹിക പ്രവര്‍ത്തകരായ നസീര്‍ പാലക്കാട്, ഷബിര്‍ കൊയിലാണ്ടി, മുന്നിസിയാദ് എംകെ എന്നിവര്‍ ജനപ്രതിനിധികള്‍ക്കിടയില്‍ നടത്തിയ നിരന്തര ഇടപെടല്‍ മൂലമാണ് രമ്യാ ഹരിദാസ് ഇക്കാര്യത്തില്‍ കര്‍ശന ഇടപെടല്‍ നടത്തിയിരിക്കുന്നത്.

നേരത്തെ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും ഈ ദമ്പതികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് അംബാസിഡര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഷാഫി പറമ്പില്‍ എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് എന്നിവരും വിഷയത്തില്‍ ഇടപെട്ടിരുന്നു.

എംബസി തഴഞ്ഞതുമൂലം നാലുതവണയാണ് അബ്ദുല്ലയുടെയും ഭാര്യയുടെയും യാത്ര മുടങ്ങിയത്. അര്‍ഹരായ ഇവരെ തഴഞ്ഞ് അനര്‍ഹരായവര്‍ വരെ യാത്രക്കാരുടെ പട്ടികയില്‍ ഇടം നേടിയത് ഇവര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഇവരുടെ രജിസ്‌ട്രേഷന്‍ എംബസി റദ്ദാക്കിയിരുന്നു.

കഴിഞ്ഞദിവസം കുവൈറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പത്തോളം സീറ്റുകള്‍ ഒഴിവുണ്ടായിരുന്നിട്ടും ഇവര്‍ക്ക് സീറ്റ് നല്‍കാന്‍ എംബസി അധികൃതര്‍ തയ്യാറായില്ല.

×