കുവൈറ്റില്‍ പൊതുഗതാഗത ബസുകളില്‍ 30 ശതമാനം മാത്രം യാത്രക്കാര്‍; കായിക മേഖലയിലും കര്‍ശനമായ ആരോഗ്യനടപടിക്രമങ്ങള്‍ പാലിക്കും; ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനുമായി ബന്ധപ്പെട്ട് സമിതി രൂപീകരിക്കും: മന്ത്രിസഭ തീരുമാനങ്ങള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, February 23, 2021

കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റില്‍ പൊതുഗതാഗത ബസുകളില്‍ മൊത്തം ശേഷിയുടെ 30 ശതമാനം മാത്രം യാത്രക്കാരെ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

സാമൂഹിക അകലം പാലിക്കല്‍, ഒത്തുച്ചേരലുകള്‍ ഒഴിവാക്കല്‍, ആരോഗ്യനടപടികള്‍ ശക്തമാക്കല്‍ തുടങ്ങിയവ കര്‍ശനമായി തുടരാനും യോഗം തീരുമാനിച്ചു.

രാജ്യത്ത് കായിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ കായിക താരങ്ങള്‍ക്ക് ശക്തമായി ആരോഗ്യ മാനദണ്ഡങ്ങള്‍ നടപ്പാക്കാനും ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങള്‍, കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സ്‌പോര്‍ട്‌സ് പബ്ലിക് അതോറിറ്റിയോട് നിര്‍ദ്ദേശിക്കാനും യോഗം തീരുമാനിച്ചു.

രാജ്യത്തെത്തുന്നവര്‍ക്കുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുടെയും സിവില്‍ ഏവിയേഷന്റെയും നേതൃത്വത്തില്‍ ഒരു സംയുക്ത സമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള സമിതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്‌തെങ്കിലും നിലവില്‍ അത്തരമൊരു തീരുമാനം എടുക്കുന്നില്ലെന്നും ആരോഗ്യസ്ഥിതി വിലയിരുത്തുകയാണെന്നും സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്‌റം പറഞ്ഞു.

×