പ്രസിഡന്റ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ച് രാജി

New Update

മിഷിഗണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിയോജിപ്പുകളുടെ പേരില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു സ്വതന്ത്രനായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി മിഷിഗണില്‍ നിന്നുള്ള സീനിയര്‍ റിപ്പബ്ലിക്കന്‍ യുഎസ് ഹൗസ് പ്രതിനിധി പോള്‍ മിച്ചല്‍ പാര്‍ട്ടിക്കയച്ച കത്തില്‍ വെളിപ്പെടുത്തി.

Advertisment

publive-image

ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നതിന് പകരം, അതിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയും പരാജയം സമ്മതിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അനങ്ങാപാറ നയത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയുമാണ് പോള്‍ മിച്ചലിന്റെ കത്ത്.

ഇലക്ട്രറല്‍ കോളേജ് ചേരുന്ന തിങ്കളാഴ്ച തന്നെ തന്റെ രാജിവെളിപ്പെടുത്തിയതിലൂടെ കടുത്ത അസംതൃപ്തിയറിയിക്കുകയായിരുന്നു പോള്‍ മിച്ചല്‍. ജനാധിപത്യ വ്യവസ്ഥക്ക് കളങ്കം ചാര്‍ത്തുകയും ഭൂരിപക്ഷം വോട്ടര്‍മാരുടേയും തീരുമാനത്തെ അവഗണിക്കുകയും ചെയ്യുന്നതിന് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത നാലു വര്‍ഷത്തേക്ക് ട്രംപ് പ്രസിഡന്റായി തുടരണമെന്നാഗ്രഹിച്ചു വോട്ടു ചെയ്തുവെങ്കിലും, ട്രംപ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളും തിരഞ്ഞെടുപ്പു ചോദ്യം ചെയ്തു സുപ്രീം കോടതയില്‍ സമര്‍പ്പിച്ച ഹര്‍ജിയും ഭരണഘടനാ ലംഘനമായി തന്നെ കാണേണ്ടിവരും. വ്യക്തികളുടെ സമ്മര്‍ദ്ദത്തിന് കീഴ്വഴങ്ങുന്ന പാര്‍ട്ടി നേതൃത്വം വളരെ അപകടകരമായ സ്ഥിതിയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുഎസ് ഹൗസില്‍ തന്റെ കാലാവധി കഴിയുന്നതുവരെ സ്വതന്ത്രനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RESIGNATION
Advertisment