പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടുക, നാം അതിജയിക്കും: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ദമ്മാം: മാനവരാശിയെ ഭയപ്പെടുത്തി മുന്നേറുന്ന 'കൊവിഡ് 19' എന്ന വിപത്തിനെതിരെ ക്ഷമയും സാഹോദര്യവും പ്രാർഥനയും ആയുധമാക്കി പോരാടാൻ പ്രവാസി സമൂഹം തയ്യാറാകണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി അഭ്യർത്ഥിച്ചു. കൊറോണ വൈറസിനെ പിടിച്ച് കെട്ടാനുള്ള സൗദി ഗവൺമെൻ്റിൻ്റെ ശക്തമായ നടപടികളിൽ പ്രതീക്ഷയുണ്ട്. കർഫ്യൂ ഉൾപ്പെടെയുള്ള നിയമ നടപടികളിൽ പൂർണ്ണമായി സഹകരിച്ചും, വ്യക്തി ശുചിത്വം, സാമൂഹിക അകലം എന്നിവ പാലിച്ചും മാതൃകാ പ്രവാസികളായി നിലകൊള്ളാൻ മലയാളി സമൂഹത്തോട് അഭ്യർത്ഥിക്കുന്നു.

Advertisment

publive-image

നിയന്ത്രണങ്ങളുടെ ഭാഗമായി ജോലിയും വരുമാനവും പ്രതിസന്ധിയിലായത് മൂലം കഷ്ടപ്പെടുന്ന വരെ കണ്ടെത്താനും സഹായിക്കാനും ഓരോരുത്തരും ജാഗ്രത പുലർത്തണം. ഇത്തരക്കാരെ സഹായിക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം പ്രാദേശിക തലങ്ങളിൽ ഹെൽപ് ഡസ്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിയന്ത്രണങ്ങളും ഒറ്റപ്പെടലുകളും അനിശ്ചിതത്വവും കാരണം മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവർക്കായി ഓൺലൈൻ കൗൺസിലിങ്ങും ഫോറം ആരംഭിച്ചിട്ടുണ്ട്. സൗദി ഭരണകൂടം പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ മലയാളത്തിലേക്ക് മൊഴി മാറ്റി പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയ ടീം പ്രവർത്തിച്ച് വരുന്നു.

വീട്ടിലൊ ക്യാംപിലോ കഴിയുന്നവർ വെറുതെ സമയം പാഴാക്കാതെ, ലഘു വ്യായാമങ്ങൾ, വായന, മറ്റ് മാനസിക ഉന്മേഷം ലഭിക്കുന്ന പരിപാടികൾ എന്നിവയിലൂടെ മാനസിക - ശാരീരിക ആരോഗ്യത്തിനായി ശ്രമിക്കണം.

സ്വദേശിവത്കരണം മൂലം നേരത്തെ തന്നെ പ്രതിസന്ധിയിലായ സൗദിയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികകൾക്ക് ഇപ്പോഴത്തെ മഹാമാരി കനത്ത ആഘാതമായി മാറിയിട്ടുണ്ട്. പലർക്കും ജോലിയും ശംബളവും നിലക്കുകയും മറ്റുള്ളവർക്ക് പുറത്ത് പോയി നാട്ടിലേക്ക് പണം അയക്കാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. ഇത് കണക്കിലെടുത്ത് പ്രവാസി കുടുംബങ്ങളിൽ സൗജന്യ റേഷനുൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് സോഷ്യൽ ഫോറം അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഒറ്റപ്പെട്ട ചില പ്രവാസിക ളുടെ അവിവേക നടപടികൾ മുൻനിർത്തി മൊത്തം പ്രവാസികളെ അധിക്ഷേപിക്കുന്നതിൽ നിന്ന്
ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും സോഷ്യൽ ഫോറം ആവശ്യപ്പെട്ടു.

വിഡിയോ കോൺഫ്രൻസ് വഴി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം സെൻട്രൽ കമിറ്റി സിക്രട്ടറി നമീർ ചെറുവാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുബാറക്ക് ഫറോക്ക് നിയന്ത്രിച്ചു.
മൻസുർ എടക്കാട്, അഹമ്മദ് യൂസുഫ്, കുഞ്ഞിക്കോയ, നാസർ ഒടുങ്ങാട്, സുബൈർ നാറാത്ത്, അനീസ് ബാബു, അബ്ദുസ്സലാം തുടങ്ങിയവർ സംസാരിച്ചു.

Advertisment