/sathyam/media/post_attachments/r1AZRxXBxdQ75zuyxE1t.jpg)
ന്യൂഡൽഹി: കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്തിന് പരിക്കിൽനിന്ന് മുക്തനാകാൻ കുറഞ്ഞത് മൂന്ന് മാസം മുതൽ ആറുമാസം വരെ സമയമെടുക്കുമെന്ന് ഡോക്ടർ അറിയിച്ചു. റിഷികേഷ് എയിംസിലെ സ്പോർട്സ് ഇഞ്ച്വറി വിഭാഗം ഡോക്ടർ ഖാസിം അസം ആണ് ഇക്കാര്യം പറഞ്ഞത്. കാലിന് സംഭവിച്ച ഗുരുതര പരിക്കിൽനിന്ന് മുക്തനാകാൻ കുറഞ്ഞത് മൂന്ന് മാസമെടുക്കും. തുടർന്ന് പരിശീലനം ആരംഭിച്ച് ഫീൽഡിൽ ഇറങ്ങാൻ ആറു മാസത്തിലേറെ സമയം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ പന്തിന് ആറു മാസം വരെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. ഇതുകാരണം ഏപ്രിൽ-മെയ് മാസത്തിൽ നടക്കുന്ന ഐപിഎലും ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയും പന്തിന് നഷ്ടമാകും.
ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്‍റെ നായകനാണ് റിഷഭ് പന്ത്. ഈ സീസണിന് പന്തിന് കളിക്കാനാകില്ലെന്ന് ഉറപ്പായതോടെ ഡൽഹിക്ക് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടിവരും. ഫെബ്രുവരി ഒമ്പതിനാണ് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഓസ്ട്രേലിയയ്ക്കെതിരെ മികച്ച പ്രകടനം നടത്തിയ പന്തിന്‍റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിക്കുകയും പൂർണമായി കത്തിനശിക്കുകയാണ് ചെയ്തത്. ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചാണ് അദ്ദേഹത്തിന്റെ കാർ അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് പന്ത് തന്നെയാണ് കാറോടിച്ചിരുന്നതെന്നാണ് വിവരം.
കഴിഞ്ഞ ദിവസമുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. മുഖത്തേറ്റ പരിക്കിനാണ് പ്ലാസ്റ്റിക് സർജറി നടത്തിയത്. കണങ്കാലിന്റെയും കാൽമുട്ടിന്റെയും സ്കാനിംഗ് ഇന്നത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. വേദനയും വീക്കവും കാരണമാണ് പരിശോധന ഇന്നലെ നടത്താതിരുന്നത്.
അതേസമയം, ക്രിക്കറ്റ് താരത്തിന്റെ എംആർഐ പരിശോധനാഫലവും പുറത്തുവന്നു. തലച്ചോറിനും നട്ടെല്ലിനും പരിക്കില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പന്തിനെ ചികിത്സിക്കുന്ന ആശുപത്രിയിൽ നിന്നും പുറത്തുവന്ന അവസാന മെഡിക്കൽ ബുള്ളറ്റിനിൽ ആശങ്കപ്പെടാനില്ലെന്നും അറിയിച്ചിട്ടുണ്ട്. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.